ശബരിമലയില്‍ മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയായി; മകരവിളക്കിനായി 30ന് നട തുറക്കും

പത്തനംതിട്ട: ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി ശബരിമല ക്ഷേത്രനട അടച്ചു. ഇന്നലെ രാത്രി പത്തിന് ഹരിവരാസനം പാടിയാണ് നട അടച്ചത്. കയ്യിൽ യോഗ ദണ്ഡ് നൽകി രുദ്രാക്ഷമാല ധരിപ്പിച്ച് അയ്യപ്പനെ ഭസ്‌മത്തിൽ മൂടി യോഗനിദ്രയിലാക്കിയ ശേഷമാണ് മേൽശാന്തി നട അടച്ചത്. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് ക്ഷേത്രനട വീണ്ടും തുറക്കും.
41 ദിനങ്ങള്‍ നീണ്ട് നിന്ന മണ്ഡലകാല പൂജകള്‍ക്ക് ശേഷമാണ് നടയടച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങള്‍ പൂര്‍ത്തിയാക്കി നട അടച്ചെങ്കിലും പമ്പയിലും സന്നിധാനനത്തും ഉറക്കമില്ലാത്ത ദിവസങ്ങളാണ്. യോഗഗിദ്രയിലാക്കിയ അയ്യപ്പനെ ഉണര്‍ത്തുന്നതിനായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നട വീണ്ടും തുറക്കും. മകര വിളക്കിനായുള്ള ഒരുക്കത്തിലാണ് ശബരിമല.മണ്ഡലകാലത്ത് മല കയറിയ അത്രയും തീര്‍ഥാടകര്‍ മകരവിളക്ക് കാലത്തും എത്തുമെന്നാണ് പ്രതീക്ഷ. ഇത്രയും വലിയ ഭക്തജന പ്രവാഹത്തെ നിയന്ത്രിക്കാനുള്ള ഒരുക്കത്തിലാണ് ശബരിമല. രണ്ട് ദിവസം മാത്രമാണ് തയാറെടുപ്പുകള്‍ക്ക് ഉള്ളത്.
മണ്ഡലകാല വരുമാനം
ഈ വര്‍ഷത്തെ മണ്ഡലകാല വരുമാനം 332 കോടി (₹332,77,05132) രൂപയാണ്. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള വരുമാനമാണിത്. കാണിക്കയായി ലഭിച്ചത് 83,17,61,509 രൂപയാണ്.ഈ വർഷം 40 ദിവസം പിന്നിട്ടപ്പോൾ 35.70 കോടി രൂപ കൂടുതൽ വരുമാനമുണ്ടയെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞവർഷം 41 ദിവസം പിന്നിട്ടപ്പോൾ 297,06,67,679 രൂപയായിരുന്നു വരുമാനം.