"ലീഗിന് ഭരണം കിട്ടിയാൽ മാറാട് കലാപം ആവർത്തിക്കും, തന്നെ പ്രകോപിപ്പിച്ച മാധ്യമപ്രവർത്തകൻ തീവ്ര വാദി " : വെള്ളാപ്പള്ളി നടേശൻ

 "ലീഗിന് ഭരണം കിട്ടിയാൽ മാറാട് കലാപം ആവർത്തിക്കും, തന്നെ പ്രകോപിപ്പിച്ച മാധ്യമപ്രവർത്തകൻ തീവ്ര വാദി " : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ മാധ്യമപ്രവർത്തകൻ്റെ മൈക്ക് തട്ടിമാറ്റാൻ ഇടയായ സംഭവത്തിൽ  വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ തീവ്രവാദിയും ഈരാറ്റുപേട്ടക്കാരനുമാണെന്നും ഇയാൾ മുസ്‌ലിംകളുടെ വക്താവാണെന്നുമാണ് വെള്ളാപ്പള്ളിയുടെ വിചിത്രമായ പ്രതികരണം.  തനിക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

വർക്കല ശിവഗിരിയിൽ മാധ്യമങ്ങളിൽനിന്നും കഴിഞ്ഞദിവസം തനിക്കുണ്ടായത് വലിയ ദുരനുഭവമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. 89 വയസുള്ള തന്നോട് ഒരു മര്യാദയുമില്ലാതെയാണ് മാധ്യമപ്രവർത്തകർ പെരുമാറിയത്. ചോദ്യം ചോദിച്ച റിപ്പോർട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായം തനിക്കുണ്ട്. അതിൻ്റെ മര്യാദപോലും അയാൾ കാണിച്ചില്ല. തമിഴ്നാട്, കർണാടക, കേരള മുഖ്യമന്ത്രിമാർ പങ്കെടുത്ത വലിയൊരു ചടങ്ങിന് ശേഷം പുറത്തിറങ്ങിയ തന്നെ മാധ്യമപ്രവർത്തകർ വളയുകയും റോഡിന് നടുവിൽ നിർത്തുകയുമായിരുന്നു. മറ്റുള്ളവർ ശാന്തമായി സംസാരിച്ചപ്പോൾ ഒരാൾ വടിയുമായി തൻ്റെ അടുത്തേക്ക് വരികയും സംസാരം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

എന്തിൻ്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അയാൾ തീവ്രവാദിയാണെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വെള്ളാപ്പള്ളി നടേശൻ നൽകുന്ന വിശദീകരണം.അയാളെ ആരോ  പറഞ്ഞുവിട്ടതാണ്. ഒരു ചാനൽ റിപ്പോർട്ടർക്ക് ഉണ്ടാവേണ്ട പക്വതയും മാന്യതയും അയാൾ കാണിച്ചില്ല. തന്നെ വേട്ടയാടാനാണ് ഇവർ ശ്രമിക്കുന്നത്. തനിക്ക് ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വസ്തുതകൾ പരിശോധിക്കാതെ താൻ ഒന്നും പറയാറില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകർക്ക് എന്ത് ചോദ്യവും ചോദിക്കാമെന്ന സാഹചര്യം മാറണം. വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള ചോദ്യങ്ങൾ അംഗീകരിക്കാനാവില്ല. പ്രകോപനപരമായ ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ സ്വാഭാവികമായ പ്രതികരണം മാത്രമാണ് തൻ്റെ ഭാഗത്തുനിന്നും ഉണ്ടായത്. റിപ്പോർട്ടർ ചാനൽ തന്നെ നിരന്തരം ആക്ഷേപിക്കുകയാണ്. തന്നെ മുസ്‌ലിം വിരോധിയാക്കി മാറ്റിക്കൊണ്ട് രാജ്യത്തെ മതസൗഹാർദം തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും സത്യം പുറത്തുവരണമെന്നുമാണ് അദ്ദേഹത്തിൻ്റെ ആവശ്യം.

മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമർശനം

മുസ്‌ലിം ലീഗ് ഭരണത്തിൽ ഇരുന്നപ്പോൾ സാമൂഹ്യ നീതി നടപ്പാക്കിയില്ലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മലപ്പുറത്ത് മുസ്‌ലിം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുകൾ അനുവദിച്ചു. എന്നാൽ ഈഴവ സമുദായത്തിന് അനുവദിച്ചത് ഒരു എയ്ഡഡ് കോളജ് മാത്രമാണ്. ഞങ്ങൾക്ക് മലപ്പുറത്ത് സ്കൂളും കോളജും ഇല്ല എന്നത് കണക്കുവച്ചാണ് പറഞ്ഞത്. അൺഎയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അൺഎയ്ഡഡ് കോളജ് മുസ്‌ലിം ലീഗിനുണ്ട്. ലീഗ് സാമൂഹ്യ നീതി നടപ്പാക്കിയോ എന്ന് ആത്മപരിശോധന നടത്തണം. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം തനിക്കെതിരെ തിരിച്ചുവിട്ട് കേരളത്തിലെ മതസൗഹാർദം തകർക്കാനും ഇവിടെ കലഹമുണ്ടാക്കാനുമുള്ള കുത്സിത ശ്രമമാണ് മുസ്‌ലിം ലീഗ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് നേതാക്കൾ ഈഴവർക്ക് എതിരെ മുസ്‌ലിം സമുദായത്തെ തിരിച്ചുവിടാൻ ശ്രമിക്കുകയാണ്. അടുത്ത തവണ ഭരണം ലഭിച്ചാൽ കേരളത്തിൽ മറ്റൊരു മാറാട് കലാപം ആവർത്തിക്കാനാണ് ലീഗിൻ്റെ ശ്രമം എന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഒരു ജില്ലയിൽ മാത്രം ലീഗ് ഭരിക്കുമ്പോൾ ഒപ്പിടുവിച്ച് വാങ്ങിയത് 18 കോളജുകളാണ്. എന്നാൽ എസ്എൻഡിപിക്ക് സംസ്ഥാനമൊട്ടാകെ ഉള്ളത് 17 കോളജുകൾ മാത്രമാണ്. അധികാരത്തിൽ ഇരുന്നപ്പോൾ സാമൂഹ്യനീതി നടപ്പിലാക്കാതെ ലീഗ് സ്വന്തം വകുപ്പാക്കിമാറ്റുകയാണുണ്ടായത്.

വയനാട്ടിലെ പുൽപ്പള്ളിയിൽ എൻജിനീയറിങ്, ആർട്സ് കോളജുകൾക്കായി തങ്ങൾക്ക് 25 ഏക്കർ സ്ഥലമുണ്ടായിട്ടും വർഷങ്ങളായി അപേക്ഷ നൽകിയിട്ടും കോളജ് അനുവദിച്ചില്ല. മുൻപ് ഇരിക്കൂറിൽ ഒരു സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ അനുവദിച്ച ഉത്തരവ് പോലും പിന്നീട് അട്ടിമറിക്കപ്പെട്ട അനുഭവം തനിക്കുണ്ടെന്നും ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്തെ ചതികൾ താൻ മറന്നിട്ടില്ലെന്നും വെള്ളാപ്പള്ളി ഓർമിപ്പിച്ചു.

താൻ ഒരു മതത്തെയും വിദ്വേഷിക്കുന്നില്ല. തൻ്റെ കൂടെയുള്ളവരിൽ പലരും മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ്. തങ്ങളുടെ സിൻഡിക്കേറ്റ് മെമ്പർമാരും അസോസിയേറ്റ്‌സും ആയി മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ വർഷങ്ങളായി സഹകരിക്കുന്നുണ്ട്. ഭക്ഷണത്തിനായി ഇന്നും താൻ ആശ്രയിക്കുന്നത് ഒരു മുസ്‌ലിം കുടുംബത്തെയാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വിദ്വേഷം പടർത്തുന്ന പ്രസംഗങ്ങൾ നടത്തുന്നത് ലീഗ് നേതാക്കളാണ്. ദുബായിൽ പോയി തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കുമെന്ന് പ്രസംഗിച്ചവർക്കെതിരെ ചർച്ചകൾ നടത്താൻ ആരും തയാറാകുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

സിപിഐക്കെതിരെയും വിമർശനം

സിപിഐക്ക് എതിരായ വിമർശനം ആവർത്തിക്കാനും വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ തയാറായി. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് സിപിഐ മുന്നണിക്കുള്ളിൽ പറയണം. മുന്നണിയിൽ പറയേണ്ടത് പുറത്ത് പറഞ്ഞ് വിവാദമുണ്ടാക്കി. പിന്നോക്കക്കാരുടെ പിന്തുണയാണ് ഇടതുപക്ഷത്തിൻ്റെ അടിത്തറ. ഇത് സിപിഐ മനസിലാക്കണം. താൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സഹായകാരിയാണെന്ന പ്രചാരണത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. താൻ ആരുടെയും ആനുകൂല്യം കൊണ്ടല്ല ജീവിക്കുന്നതെന്നും ആരുടെയും പിന്തുണ വാങ്ങി വോട്ട് നേടിയല്ല ജയിക്കുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. താൻ രാഷ്ട്രീയക്കാരനല്ലെന്നും എന്നാൽ പ്രശ്നാധിഷ്ഠിതമായ അഭിപ്രായങ്ങൾ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.