കൂട്ടആത്മഹത്യ: ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കൂട്ടആത്മഹത്യ: ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

എറണാകുളം: മൂവാറ്റുപുഴയാറിൽ കാണാതായ ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിന്റെ ഭാഗമായി ഇന്ന് രാവിലെ അഗ്നിരക്ഷാസേന നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. നേരത്തെ ഈ കുടുംബത്തിലെ മാതാപിതാക്കളുടെയും രണ്ട് വയസുകാരനായ മകന്റെയും മൃതദേഹം കണ്ടെത്തിയിരുന്നു. ഇവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.കോതമംഗലത്തുനിന്നും പിറവത്തെത്തിയ കുടുംബം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കൂട്ടആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് മീറ്ററുകൾ മാത്രം മാറിയാണ് ആറ് വയസുകാരിയുടെ മൃതദേഹംലഭിച്ചത്.പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ട് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. കുടുംബം പുഴയിലേക്ക് ചാടിയതാണെന്ന നിഗമനത്തിലാണ് പോലീസും അഗ്നിരക്ഷാസേനയും അന്വേഷണം നടത്തിയത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



 ഒരാഴ്ചമുമ്പ് വിജിയും ഭർത്താവും മക്കളും ഒന്നിച്ച് കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചിരുന്നു. ഇവരുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥർ പണം സ്വരൂപിച്ച് സഹായിക്കുകയും ചെയ്തതായാണ് വിവരം. കൂടാതെ നെല്ലിക്കുഴി ഭാഗത്ത് ഇവർക്കായി വാടക വീട് കണ്ടെത്തുകയും ചെയ്തു. വീട് കുടുംബത്തെ കൊണ്ടുപോയി കാണിക്കുകയും, അടുത്തയാഴ്ച അവിടേക്ക് താമസം മാറാമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. അതിനിടെയാണ് ഈ സംഭവം .