തൃശൂരിൽ വൻ ലഹരിവേട്ട; രണ്ട് സ്ത്രീകൾ ഉൾപ്പെടെ 6 പേർ പിടിയിൽ

തൃശൂർ:രണ്ട് യുവതികൾ ഉൾപ്പെടെ ആറംഗ ലഹരിസംഘത്തെ ഇന്ന് തൃശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 320 ഗ്രാം എം.ഡി.എം.എ) ആണ് ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഗുരുവായൂർ – പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, അൻഷാദ്, ഷബീർ എന്നിവരും വിദ്യ, ശ്രീലക്ഷ്മി എന്നീ യുവതികളുമാണ് ഡാൻസാഫ് സംഘത്തിന്റെ വലയിലായത്.തൃശ്ശൂർ വാണിയംപാറയിൽ വെച്ച് സിറ്റി ഡാൻസാഫ് സംഘവും ഒല്ലൂർ പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് രണ്ട് സ്ത്രീകൾ അടങ്ങുന്ന നാലംഗ സംഘം ആദ്യം പോലീസിന്റെ പിടിയിലാകുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ വനിതാ പോലീസിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചപ്പോഴാണ് സംഘത്തിലുണ്ടായിരുന്ന ഒരു യുവതിയുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

തുടര്‍ന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് അതീവ രഹസ്യമായി ചോദ്യം ചെയ്യുകയായിരുന്നു.യുവതികളിൽ നിന്നും ലഭിച്ച നിർണ്ണായക വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഉടൻ തന്നെ പ്രതിയായ ഷിഫാസിന്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തി. ഇവിടെ നിന്നും 18 ഗ്രാം എം.ഡി.എം.എ കൂടി പോലീസ് സംഘം കണ്ടെടുത്തു. ഇതോടെ പിടിക്കപ്പെട്ട നാല് പ്രതികളെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് തൃശൂരിനെ ഞെട്ടിച്ച വലിയ മയക്കുമരുന്ന് ശൃംഖലയുടെ വിവരങ്ങൾ പുറത്തുവരുന്നത്.ചാവക്കാട് പഞ്ചാരമുക്കിൽ പ്രവർത്തിക്കുന്ന ഒരു അലുമിനിയം ഫാബ്രിക്കേഷൻ കടയ്ക്കുള്ളിൽ വൻതോതിൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു. തുടർന്ന് ഡാൻസാഫ് സംഘം ചാവക്കാട് പോലീസിനെ ഒപ്പം കൂട്ടി ഈ കട വളഞ്ഞ് നടത്തിയ റെയ്ഡിലാണ് ഒളിപ്പിച്ചു വെച്ചിരുന്ന 300 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തത്. ഒരു കവറിനുള്ളിൽ മൂന്ന് പ്രത്യേക പാക്കറ്റുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഈ മയക്കുമരുന്ന്. കടയ്ക്കുള്ളിൽ ലഹരി സൂക്ഷിക്കാൻ സഹായിച്ച പാലയൂർ സ്വദേശി അൻഷാദ്, ചക്കംകണ്ടം സ്വദേശി ഷബീർ എന്നിവരെയും ഈ ഘട്ടത്തിൽ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരുവിൽ നിന്നും വൻതോതിൽ മാരക ലഹരിമരുന്ന് എത്തിച്ച് തൃശൂരിലെ സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും പ്രവാസികൾക്കും വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി. പരിശോധന ഭയന്ന് യുവതികളെ മുന്നിൽ നിർത്തിയായിരുന്നു ഇവരുടെ ലഹരിക്കടത്ത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് ഉന്നതരെക്കുറിച്ചും അന്വേഷിക്കാൻ ഒല്ലൂർ, ചാവക്കാട് പോലീസ് സംയുക്തമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്