മുംബൈ നഗരസഭാതെരഞ്ഞെടുപ്പ് : "മഹായൂതി സര്‍ക്കാരിന്‍റെ മേയര്‍ മുംബൈയില്‍ അധികാരത്തിലെത്തണം. അത് ലക്ഷ്യമാക്കി മുന്നോട്ടുപോകും"-ആഷിഷ് ഷെലാര്‍

മുംബൈ  നഗരസഭാതെരഞ്ഞെടുപ്പ് : "മഹായൂതി സര്‍ക്കാരിന്‍റെ മേയര്‍ മുംബൈയില്‍ അധികാരത്തിലെത്തണം. അത് ലക്ഷ്യമാക്കി മുന്നോട്ടുപോകും"-ആഷിഷ് ഷെലാര്‍

മുംബൈ: വരുന്ന തദ്ദേശ തെരെഞ്ഞടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാനൊരുങ്ങി ബി ജെപി. തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാപാര്‍ട്ടി(bjp) രാഷ്‌ട്രീയ തന്ത്രങ്ങള്‍ ശക്തമാക്കുകയാണ്. മേയര്‍ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കുന്നതിനായി ആവശ്യമായത്ര ബി ജെപി സീറ്റുകളില്‍ മത്സരിക്കുമെന്ന് ബിജെപി മുംബൈ മുന്‍ അധ്യക്ഷനും സാംസ്കാരിക മന്ത്രിയുമായ അഷിഷ് ഷെലാര്‍ വ്യക്തമാക്കി.

"മഹായൂതി സര്‍ക്കാരിന്‍റെ മേയര്‍ മുംബൈയില്‍ അധികാരത്തിലെത്തണം. ബിജെപി എത്ര സീറ്റുകളിൽ മത്സരിക്കേണ്ടതുണ്ടോ അത്രയും സീറ്റുകളിൽ മത്സരിക്കും. ശിവസേന (ശിന്ദെ വിഭാഗം), അജിത് പവാറിന്റെ എൻസിപി, ആർപിഐ എന്നീ പാർട്ടികൾക്കും അതതു അനുപാതത്തിൽ സീറ്റുകൾ നൽകും.” ഷെലാര്‍ വ്യക്തമാക്കി.

മഹായൂതി സഖ്യത്തിലെ ഘടകകക്ഷികൾ ആയ ശിവസേന (ശിന്ദെ വിഭാഗം), എൻ.സി.പി (അജിത് പവാർ വിഭാഗം) എന്നിവരുമായി സീറ്റു വിഭജനത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. മുന്‍ യുഡി എഫ്- ശിവസേന ഭരണകാലത്ത് മുംബൈ മുന്‍സിപ്പാലിറ്റിയും കോര്‍പ്പറേഷനുമൊക്കെ അഴിമതിയായിരുന്നു. മഹായൂതി ഭരണം വന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ പുനാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മഹായൂതിയുടെ പ്രധാന ലക്ഷ്യം മുംബൈയും താനെയും ഉൾപ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശക്തമായ ഭരണം നേടുക എന്നതാണ്. അതിനായി ബിജെപി ആകമാനം സീറ്റുകൾ ഉറപ്പാക്കുമെന്നും ഷെലാർ  ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

“മുംബൈയിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾ, തീരദേശ റോഡ്, കെട്ടിട പുനർനിർമാണം, മാലിന്യ സംസ്‌കരണ പദ്ധതി എന്നിവ മഹായൂതി സർക്കാർ മുൻഗണന നൽകും”, ഷെലാർ കൂട്ടിച്ചേർത്തു.ബിജെപി സ്വന്തം സംഘടന ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, പ്രാദേശിക നേതൃത്വവും ബൂത്ത് തല പ്രവർത്തകരും ഇതിനായി തന്ത്രപരമായ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമായും വികസനവും അഴിമതിയില്ലാത്ത ഭരണവും ആയിരിക്കും ബിജെപിയുടെ മുഖ്യ പ്രമേയമെന്നും ആഷിഷ് ഷെലാര്‍ വ്യക്തമാക്കി.നിലവില്‍ സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ തെരെഞ്ഞുടുപ്പിന് ഒരുങ്ങുകയാണ്. എന്നാല്‍ മഹായൂതി സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ എല്ലാ സഖ്യകക്ഷികളും യോജിക്കുമോ എന്ന ചോദ്യത്തിന് “ജനാധിപത്യത്തിൽ ഓരോരുത്തര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ഓരോ പാർട്ടിക്കും തങ്ങളുടെ പാർട്ടി വളരുകയും വലുതാകുകയും ചെയ്യണമെന്ന് തോന്നുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് ചില പ്രാദേശിക നേതാക്കൾ അഭിപ്രായപ്പെടാം, പക്ഷേ മുഖ്യ നേതാക്കൾ അതിനെക്കുറിച്ച് പ്രതികരിക്കാറില്ല. അവസാനം തീരുമാനമെടുക്കുന്നത് നേതൃനിര തന്നെയാണ്,” എന്നായിരുന്നു ഷെലാറിന്‍റെ മറുപടി.ദേവേന്ദ്ര ഫഡ്നവീസ്, ഏക്നാഥ് ശിന്ദെ, അജിത് പവാർ, രാംദാസ് അതാവാലെ എന്നിവരുടെ മികച്ച ഏകോപനം മഹായൂതിക്ക് ശക്തി നൽകുമെന്ന് ഷെലാർ കൂട്ടിച്ചേർത്തു.അതേസമയം ഉദ്ധവ് താക്കറെ പക്ഷം ഇപ്പോഴും ചിഹ്ന പ്രശ്‌നത്തിൽ പെട്ട് കുഴങ്ങുകയാണെന്നും അവർക്കു തങ്ങളുടെ തന്നെ പാർട്ടിയിൽ ആത്മവിശ്വാസമില്ലെന്നും അതുകൊണ്ട് ജനങ്ങൾക്കും അവരിൽ വിശ്വാസം കുറവാണെന്നും ഷെലാർ കൂട്ടിച്ചേര്‍ത്തു.ഭാവി മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കുമോയെന്ന ചോദ്യത്തിന് എന്റെ മുന്നിലുള്ള കടമ ആ ജോലി പൂർത്തിയാക്കുക എന്നതാണ്. ഞാൻ അത് 100 ശതമാനം ചെയ്യും. നേരെമറിച്ച്, ഞാൻ സംഘടനയുടെ ആളാണ്. എനിക്ക് എന്താണ് വേണ്ടതെന്ന് പാർട്ടി എന്നോട് ചോദിച്ചാൽ, സംഘടനയിൽ പ്രവർത്തിക്കാൻ എനിക്ക് സന്തോഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദേവേന്ദ്ര ഫഡ്നവീസ് മികച്ച നേതാവാണ്, അദ്ദേഹം 2029 വരെ മുഖ്യമന്ത്രിയായിരിക്കുമെന്നും ഷെലാര്‍ വ്യക്തമാക്കി.മുംബൈയിലെ ബാൻഡ്ര വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ഷെലാർ മത്സരിക്കുന്നത്. 2009ൽ തോറ്റതിനു ശേഷവും അദ്ദേഹം അതേ മണ്ഡലത്തിൽ തുടർന്നുവെന്നും പിന്നീട് മൂന്ന് തവണ വിജയിച്ചതായും പറഞ്ഞു. “ഞാൻ സംഘടനയുടെ പ്രതിനിധിയാണ്. പാർട്ടി എവിടെ നിയോഗിച്ചാലും ഞാൻ അതിനായി തയ്യാറാണ്,” ഷെലാർ വ്യക്തമാക്കി.സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി ‘വന്ദേ മാതരം’ എതിർത്തതിനെതിരെ ഷെലാർ പ്രതികരിച്ചു, “വന്ദേ മാതരം ഒരു പ്രചോദന ഗാനം ആണ്, നമ്മുടെ ദേശീയ അഭിമാനത്തിന്‍റെ പ്രതീകമാണ്. ഇതിന്കറെ നൂറാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും വൻ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഒന്നിച്ച മത്സരിച്ച് ഭൂരിപക്ഷം നേടിയ ബിജെപിയും ശിവസേനയും മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പിരിയുകയായിരുന്നു. അവസരം മുതലെടുത്ത എൻസിപി നേതാവ് ശരദ് പവാർ കോൺഗ്രസ്, എൻസിപി,ശിവസേന പാർട്ടികളെ ഒന്നിപ്പിച്ച് മഹാ വികാസ് അഘാഡി സഖ്യം രൂപികരിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ യെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപികരിച്ചു.അധികം വൈകാതെ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡ പാർട്ടി പിളർത്തി ബിജെപിയോടൊപ്പം ചേർന്ന് മുഖ്യമന്ത്രിയായി സർക്കാർ രൂപികരിച്ചു. തൊട്ടു പിന്നാലെ എൻസിപി യും ബിജെപി പിളർത്തി. ശരദ് പവാറിൻ്റെ അനന്തരവനും പാർട്ടി നേതാവുമായ അജിത് പവാറിനെ കൂട്ടുപിടിച്ചായിരുന്നു പിളർത്തൽ.