കൈയിലെടുത്തുനടന്നവൻ്റെ കാലുകൾ ചരിത്രം സൃഷ്ടിക്കുമോ ? കാത്തിരിക്കാം

കാലത്തിൻ്റെ കരവിരുത് എന്ന് വിശേഷിപ്പിക്കാവുന്ന ചില ചരിത്ര നിർമ്മിതികൾ ഉണ്ട് .കാലാതീതമായി നമ്മെ അത് വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും.19 വർഷങ്ങൾക്ക് മുൻപ് ബാഴ്‌സലോണയിലെ ഒരു ചാരിറ്റി ഫോട്ടോഷൂട്ടിൽ, 20കാരനായ ലയണൽ മെസ്സി തന്‍റെ കൈകളിൽ എടുത്തു കുളിപ്പിച്ച ആ ആറുമാസക്കാരൻ കുഞ്ഞ്, ഒരുനാൾ ലോകകപ്പ് ഫൈനലിന്‍റെ യുദ്ധഭൂമിയിൽ തനിക്കെതിരെ പടപൊരുതാൻ ഇറങ്ങുമെന്ന് അന്ന് ആരും സ്വപ്‌നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ആ അവിചാരിത കഥയ്ക്ക് വിധിയിപ്പോൾ പൂർണ്ണത നൽകുകയാണ്.കാണികൾക്കാകട്ടെ രോമാഞ്ചജനകമായ ഒരനുഭൂതിയാണ് ഈ ഭൂതകാല ചിത്രം .

അർജന്‍റീനയുടെ രാജാവിന് മുന്നിൽ സ്പെയിനിന്‍റെ കൗമാര സുൽത്താൻ ലാമിൻ യമാൽ വരുമ്പോൾ, ഇത് വെറുമൊരു ഫൈനലല്ല... കാലം കാത്തുവെച്ച വിധിനിയോഗം. ഇംഗ്ലണ്ടിനെതിരെയുള്ള ആവേശകരമായ സെമിഫൈനലിൽ (2-1) മെസ്സിയുടെ രണ്ട് അസിസ്റ്റുകളുടെ കരുത്തിൽ അർജന്‍റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞു. അവിടെ മെസ്സിയെ കാത്തിരിക്കുന്നത് സ്പെയിനിന്‍റെ കൗമാര വിസ്‌മയം ലാമിൻ യമാലാണ്.
ഒരു ഫോട്ടോഷൂട്ടും അത്ഭുത കഥയും
2007-ൽ 'ഡയറിയോ സ്പോർട്' എന്ന മാധ്യമം യുണിസെഫിന് വേണ്ടി നടത്തിയ ചാരിറ്റി കലണ്ടർ ഫോട്ടോഷൂട്ടിലാണ് ഈ കഥയുടെ തുടക്കം. ബാഴ്‌സലോണ താരങ്ങളെ പ്രാദേശിക കുടുംബങ്ങളിലെ കുട്ടികളോടൊപ്പം ഫോട്ടോ എടുപ്പിക്കുന്നതായിരുന്നു ആ ക്യാമ്പെയ്ൻ. തികച്ചും അവിചാരിതമായി, 20 വയസ്സുകാരനായ മെസ്സിയുടെ കൈകളിലേക്ക് എത്തിയത് ലാമിൻ യമാൽ എന്ന ആറു മാസം പ്രായമുള്ള കുഞ്ഞായിരുന്നു. മെസ്സി ആ കുഞ്ഞിനെ കുളിപ്പിക്കുന്നതും മടിയിൽ ഇരുത്തുന്നതുമായ ചിത്രങ്ങൾ അന്ന് പകർത്തി.വർഷങ്ങളോളം ഈ ചിത്രങ്ങൾ ആരും ഓർത്തിരുന്നില്ല. എന്നാൽ 2024-ൽ യമാലിന്‍റെ പിതാവ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഫുട്ബോൾ ലോകം അമ്പരന്നു. അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് ഇന്ന് ബാഴ്‌സലോണയുടെയും സ്പെയിനിന്‍റേയും ഏറ്റവും വലിയ അത്ഭുത താരമായി വളർന്നിരിക്കുന്നു!
ചരിത്രമാകാൻപോകുന്ന ഈ വർഷത്തെ അവസാനപോരാട്ടം
39-ാം വയസ്സിലും അർജന്‍റീനയെ മറ്റൊരു ലോകകപ്പ് ഫൈനലിലേക്ക് നയിച്ച മെസ്സി ഒരു വശത്ത്. താൻ കണ്ട് വളർന്ന ഹീറോയ്‌ക്കെതിരെ, തന്‍റെ കരിയറിലെ ഏറ്റവും വലിയ മത്സരത്തിന് ഇറങ്ങുന്ന ലാമിൻ യമാൽ മറു വശത്ത്. ബാഴ്‌സയുടെ വിഖ്യാതമായ 'ലാ മാസിയ' അക്കാദമിയിലൂടെയാണ് യമാലും വളർന്നത്.1991 മുതൽ സ്പോർട്‌സ് ഫോട്ടോഗ്രാഫറായ ജോവാൻ മോൺഫോർട്ട് ആണ് ഈ ചിത്രങ്ങൾ എടുത്തത്. ഇന്‍റര്‍ർനെറ്റിൽ ഇത് ട്രെൻഡിങ് ആയപ്പോഴാണ് തന്‍റെ ചിത്രത്തിലെ കുട്ടി യമാലാണെന്ന് അദ്ദേഹം പോലും അറിഞ്ഞത്. തന്‍റെ കരിയറിൽ ഇത്രയും ആവേശം ഉണ്ടാക്കിയ മറ്റൊരു ചിത്രം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ബാഴ്‌സലോണയിലെ ആ ചാരിറ്റി ഫോട്ടോഷൂട്ട് ഇന്ന് ലോകകപ്പ് ഫൈനലിന്‍റെ വലിയൊരു മുഖവുരയായി മാറിയിരിക്കുകയാണ്!
