യൂസർനെയിം ഫീച്ചർ: മെറ്റാ ഉദ്യോഗസ്ഥർ കേന്ദ്രവുമായി ചർച്ച നടത്തി

യൂസർനെയിം ഫീച്ചർ:  മെറ്റാ ഉദ്യോഗസ്ഥർ കേന്ദ്രവുമായി ചർച്ച നടത്തി

ന്യൂഡൽഹി: യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമായി (MeitY) കൂടിക്കാഴ്‌ച നടത്തി മെറ്റ പ്രതിനിധികൾ. സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ നോട്ടിസ് അയച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച. വിശദീകരണം നൽകാൻ കമ്പനിക്ക് മൂന്ന് ദിവസത്തെ സമയം നൽകിയതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ആൾമാറാട്ടം, ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇത്തരം ഫീച്ചറുകൾ വഴിവച്ചേക്കുമെന്ന ആശങ്ക ഉയർന്ന് വന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നോട്ടിസ് അയക്കുന്നത്. ഇത്തരം തട്ടിപ്പുകൾ തടയാൻ ആപ്പുകൾ സ്വീകരിക്കുന്ന മുൻകരുതലുകളെ കുറിച്ച് വിശദീകരിക്കാനും കേന്ദ്ര ഐടി മന്ത്രാലയം നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുമായി മെറ്റ് പ്രതിനിധികൾ ചർച്ച ചെയ്‌തത്.യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുമെന്നും മെറ്റ  അറിയിച്ചിരുന്നു. അതേസമയം ഈ വിഷയത്തിൽ കൂടിയാലോചനകൾ പൂർത്തിയാകുന്നതുവരെ ഇന്ത്യയിൽ ഫീച്ചർ പുറത്തിറക്കരുതെന്ന് സർക്കാർ മെറ്റയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഫീച്ചറിനെക്കുറിച്ച് സ്വകാര്യതയും സുരക്ഷാ ആശങ്കകളും ഉയർന്നതിനെ തുടർന്നാണ് ഈ നീക്കമെന്ന് വ്യത്തങ്ങൾ അറിയിച്ചു. നിലവിലുള്ള ഉപയോക്തൃനാമ സവിശേഷതയെക്കുറിച്ചുള്ള സംശയങ്ങൾക്കൊപ്പം വഞ്ചനയും ആൾമാറാട്ട അപകടസാധ്യതകളും പരിഹരിക്കുന്നതിന് ആപ്പ് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരിക്കണം.ഓൺലൈൻ തട്ടിപ്പ്, ഫിഷിങ്, ഡിജിറ്റൽ അറസ്റ്റുകൾ, ആൾമാറാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ ഗണ്യമായി വർധിക്കുകയാണെന്ന ആശങ്ക കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. യൂസർനെയിം ഫീച്ചർ ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയാണ് സർക്കാർ ഉന്നയിച്ചത്. അപരിചിതർക്ക് ഫോൺ നമ്പറുകൾ നൽകാതെ ചാറ്റ് ചെയ്യാൻ അനുവദിക്കുന്ന വാട്ട്‌സ്‌ആപ്പിന്‍റെ പുതിയ സംവിധാനമാണ് യൂസർനെയിം ഫീച്ചർ. അതേസമയം ഫീച്ചർ തികച്ചും ഓപ്‌ഷണലാണ്.

"@" ചിഹ്നത്തിൽ തുടങ്ങി, ഉപയോക്തൃനാമം വ്യക്തിയുടെ ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവർക്ക് സന്ദേശം അയയ്ക്കാനോ ഉപയോക്താവിനെ വിളിക്കാനോ ഉപയോഗിക്കാം. ഉപയോക്തൃനാമം ഒരു ഉപയോക്താവിൻ്റെ പ്രൊഫൈലിൽ ദൃശ്യമാകുന്ന ഡിസ്പ്ലേ നാമത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് മെറ്റ പറഞ്ഞു. ഓരോ അക്കൗണ്ടിനും സവിശേഷമായ ഉപയോക്തൃനാമമായിരിക്കും ലഭിക്കുക. പൊതു വ്യക്തികൾ, സെലിബ്രിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ, മെറ്റാ-വെരിഫൈഡ് അക്കൗണ്ടുകൾ എന്നിവർക്കായും യൂസർനെയിമുകൾ മെറ്റ പ്രിസർവ് ചെയ്‌തിട്ടുണ്ട്. അവയുടെ നിയമാനുസൃത ഉടമകൾക്ക് മാത്രമേ അവ ക്ലെയിം ചെയ്യാൻ കഴിയൂ.