കായകൽപ്പം : വയനാടിന് താങ്ങായി പ്രത്യേക ഹെൽത്ത് പാക്കേജ് പ്രഖ്യാപിച്ച്‌ മന്ത്രി കെ. മുരളീധരൻ

കായകൽപ്പം : വയനാടിന് താങ്ങായി പ്രത്യേക ഹെൽത്ത് പാക്കേജ്   പ്രഖ്യാപിച്ച്‌  മന്ത്രി കെ. മുരളീധരൻ

വയനാട്: ആരോഗ്യ രംഗത്ത് വയനാട് ജില്ല നേരിടുന്ന അതീവ സങ്കീർണ്ണമായ പ്രതിസന്ധികൾക്ക് അടിയന്തിര പരിഹാരങ്ങൾ നിർദ്ദേശിച്ച് ജനകീയ ഇടപെടലായി ആരോഗ്യം – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടി. ജില്ലയുടെ ആരോഗ്യമേഖലയ്ക്ക് പുതുജീവൻ നൽകുന്നതിനായി ഒരു ഡസനിലേറെ വൻകിട പദ്ധതികൾ ഉൾപ്പെടുന്ന പ്രത്യേക ഹെൽത്ത് പാക്കേജ് മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. വയനാട് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വയനാട് മെഡിക്കൽ കോളേജിനായി നിലവിൽ കണ്ടെത്തിയ സ്ഥലം സംരക്ഷിത വനഭൂമിയായതിനാൽ പദ്ധതിക്ക് യോജ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. നിലവിൽ മാനന്തവാടിയിൽ അനുയോജ്യമായ മറ്റൊരു സ്ഥലം ലഭ്യമാക്കാനുള്ള സാധ്യതകൾ സർക്കാർ തേടുകയാണ്. ഇക്കാര്യത്തിൽ അതീവ വേഗത്തിൽ തീരുമാനമെടുത്ത് അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കിയില്ലെങ്കിൽ അടുത്ത വർഷം മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം തന്നെ നഷ്ടമാവുന്ന ഗുരുതരമായ സ്ഥിതിയുണ്ടാവും. ഇത് തടയാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അടിയന്തിരമായി പ്രത്യേക യോഗം ചേർന്ന് എത്രയും വേഗം ഉചിതമായ തീരുമാനമെടുക്കുമെന്നും, ജില്ലയിൽ വൈകാതെ തന്നെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

 പ്രഖ്യാപിച്ച മറ്റ് പ്രധാന പദ്ധതികൾ 

മോഡൽ ഹോസ്പിറ്റൽ: വൈത്തിരി ആശുപത്രിയെ എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ ജില്ലാ മാതൃകാ ആശുപത്രിയാക്കി ഉയർത്തും. ഇവിടെ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ വിഭാഗത്തിന് ഉടൻ തറക്കല്ലിടും.

ആശുപത്രി ഗ്രേഡിങ്: സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രി പദവിയിലേക്ക് ഉയർത്തും.

എം.ആർ.ഐ സ്കാനിംഗ്: ജില്ലയിലെ സർക്കാർ മേഖലയിലുള്ള എം.ആർ.ഐ (MRI) സ്കാനിംഗ് അപര്യാപ്തത പരിഹരിക്കാൻ മുൻനിരയിലുള്ള ഒരു പ്രധാന ആശുപത്രിയിൽ ഉടൻ തന്നെ എം.ആർ.ഐ സ്കാനിംഗ് മെഷീൻ സജ്ജമാക്കും.

മൊബൈൽ മെഡിക്കൽ യൂണിറ്റ്: മനുഷ്യ – വന്യജീവി സംഘർഷം രൂക്ഷമായി നിലനിൽക്കുന്ന വനാതിർത്തി മേഖലകളിൽ അടിയന്തിര ചികിത്സയ്ക്കായി പ്രത്യേക മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സ്ഥാപിക്കും.

കാൻസർ പഠനം: വയനാട്ടിൽ ക്യാൻസർ ബാധിതരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തെക്കുറിച്ച് ആരോഗ്യ വിദഗ്ദ്ധരെ ഉൾപ്പെടുത്തി വിശദമായ ശാസ്ത്രീയ പഠനം നടത്തും.

തസ്തികകളും ആസ്ഥാനവും: ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യാനുസരണം പുതിയ തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരെ നിയോഗിക്കും. സ്വന്തമായി കെട്ടിടമില്ലാത്ത ജില്ലാ മെഡിക്കൽ ഓഫീസിന് (ആരോഗ്യം) പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കും. മുടങ്ങിക്കിടക്കുന്ന തദ്ദേശ ഫണ്ടുകൾ ലഭ്യമാക്കാൻ നടപടിയുണ്ടാകും.മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് ശയ്യാവലംബിയായി കഴിയുന്ന കമ്പളക്കാട് സ്വദേശി അനീഷിന്റെ കുടുംബത്തിന് ‘ആരോഗ്യകിരണം’ പദ്ധതി വഴി പൂർണ്ണ ചികിത്സാ സഹായം നൽകുമെന്നും മന്ത്രി പ്രത്യേകം അറിയിച്ചു. ഷിഗെല്ല, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങൾ തടയുന്നതിന് ജില്ലയിലുടനീളം ജലപരിശോധനകൾ കർശനമാക്കും. ആരോഗ്യ വകുപ്പിന്റെ സമയബന്ധിതമായ ഇടപെടൽ കൊണ്ടാണ് മുൻപ് നിപയുടെ വ്യാപനം ഫലപ്രദമായി തടയാനായതെന്നും ഷിഗെല്ലയെ നിയന്ത്രിക്കാനായതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക അദാലത്തുകൾ നടത്തിയാണ് മന്ത്രി നേരിട്ട് പരാതികൾ കേട്ടത്.