ഇന്ത്യ-അമേരിക്ക സംയുക്ത വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് മന്ത്രി പിയൂഷ്‌ ഗോയൽ.

ഇന്ത്യ-അമേരിക്ക സംയുക്ത വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന്  മന്ത്രി പിയൂഷ്‌ ഗോയൽ.

 ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും സംയുക്തമായി ഒപ്പുവച്ച വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ്‌ ഗോയൽ. ഔപചാരികമായി കരാറിൻ്റെ അന്തിമരൂപം ലഭിച്ചു കഴിഞ്ഞാൽ ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്‌താവന ഉടൻ പുറത്തിറക്കുമെന്നും 

ഇന്ത്യയുടെ താത്പ്പര്യങ്ങൾ നിലനിർത്തിക്കൊണ്ടാണ് കരാർ രൂപപ്പെടുത്തിയിരിക്കുന്നത്. കൃഷി, ക്ഷീരോത്പ്പാദനം തുടങ്ങിയ മേഖലകളെ സംരക്ഷിക്കും. ഒപ്പം ഇന്ത്യയിലെ വ്യാപാരങ്ങൾക്കും കയറ്റുമതിക്കും പുതിയ അവസരങ്ങൾ കരാർ നൽകുമെന്നും പിയൂഷ്‌ ഗോയൽ കൂട്ടിച്ചേർത്തു. കരാർ പ്രാബല്യത്തിൽ വന്നാൽ കർഷകരെ ബാധിക്കില്ലെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു."ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ രാജ്യത്തിൻ്റെ സാമ്പത്തിക ശക്തി, ആഗോളീയത എന്നിവയെ ശക്തിപ്പെടുത്തും. 2047 ഓടെ 'വികസിത ഇന്ത്യ' എന്ന പദ്ധതി ശക്തിപ്പെടുത്തുന്ന നിർണായക ചുവടുവയ്പ്പാണിത്. ഇന്ത്യ ആത്മവിശ്വാസത്തോടെയും തന്ത്രപരമായ വ്യക്തതയോടെയുമാണ് ചർച്ചകൾ നടത്തിയത്. രാജ്യത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിച്ചു. വിപണി പ്രവേശനം, നിക്ഷേപം, സാങ്കേതിക വിദ്യ, തൊഴിൽ എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ കരാർ ഇന്ത്യയെ മുന്നോട്ട് നയിക്കും", പിയൂഷ്‌ ഗോയൽ എക്‌സിൽ കുറിച്ചു.ചരിത്രപരമായ സാമ്പത്തിക നേട്ടത്തെക്കുറിച്ച് രാജ്യം ചർച്ച ചെയ്‌തപ്പോൾ പാർലമെൻ്റിൽ നിരുത്തരവാദപരമായ പെരുമാറ്റമാണ് പ്രതിപക്ഷം നടത്തിയത്. ഇത് തികച്ചും നിർഭാഗ്യകരമാണെന്നും പിയൂഷ്‌ ഗോയൽ കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിൻ്റെ നിരാശയും നയപരമായ ശൂന്യതയുമാണ് ഇതിലൂടെ തുറന്നുകാട്ടിയതെന്നും പിയൂഷ്‌ ഗോയൽ കൂട്ടിച്ചേർത്തു.

കയറ്റുമതിയ്ക്ക് ആശ്വാസം

അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന കയറ്റുമതി തീരുവ പുതിയ വ്യാപാര കരാറോടെ തീർപ്പാക്കുമെന്ന് പിയൂഷ്‌ ഗോയൽ വ്യക്തമാക്കി. ഇതോടെ തീരുവകൾ ഏൽപ്പിക്കുന്ന ആഘാതം ലഘൂകരിക്കാനാകുമെന്നും പിയൂഷ്‌ ഗോയൽ പറഞ്ഞു.രാജ്യത്തെ യുവ ജനങ്ങൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്ത്രീകൾ എന്നിങ്ങനെ ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും വ്യാപാര കരാർ വലിയ അവസരങ്ങൾ തുറന്നു നൽകും. മാസങ്ങളായി ഇരു രാജ്യങ്ങളിലയും മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ നിരന്തരമായ ചർച്ചകളുടെയും കഠിനാധ്വാനത്തിൻ്റെയും ഫലമാണ് ഈ നേട്ടമെന്നും പിയൂഷ്‌ ഗോയൽ പറഞ്ഞു.

ഇന്ത്യ അമേരിക്ക വ്യാപാര കരാർ നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രശംസയായും പിയുഷ്‌ ഗോയൽ രംഗത്ത് എത്തി. ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടന്നിരുന്ന വ്യാപാര പ്രശ്‌നങ്ങളും പ്രതിസന്ധികളും മോദിയുടെ നേതൃത്വത്തിൽ വേഗത്തിൽ പരിഹരിക്കപ്പെട്ടുവെന്നും പിയൂഷ്‌ ഗോയൽ വ്യക്തമാക്കി. കർഷകരുടെയും സാധാരണ പൗരരുടെയും താത്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി നിരന്തരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പിയൂഷ്‌ ഗോയൽ പറഞ്ഞു.

ഇന്ത്യ- അമേരിക്ക വ്യാപാര കരാർ

ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയ്ക്കാൻ അമേരിക്ക സമ്മതിച്ചതിനെത്തുടർന്നാണ് ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെ ഇന്ത്യൻ വ്യവസായ ലോകം ആവേശത്തോടെ സ്വാഗതം ചെയ്‌തത്. ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഇതൊരു വലിയ നേട്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നതായി സാമ്പത്തിക വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പ്പന്നങ്ങളുടെ വില കുറയാനും അതുവഴി മത്സരക്ഷമത വർധിപ്പിക്കാനും, ഓർഡറുകൾ പുനരാരംഭിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കയറ്റുമതി മേഖലയിലുള്ളവർ വിശ്വസിക്കുന്നു. പ്രത്യേകിച്ച് തൊഴിലധിഷ്‌ഠിത വ്യവസായങ്ങൾക്കും എംഎസ്എംഇ മേഖലയ്ക്കും ഇത് വലിയ കരുത്ത് പകരുമെന്ന് കരുതുന്നതായി സാമ്പത്തിക വിദഗ്‌ധർ പറഞ്ഞു.