'മോന്‍താ' ശക്തിപ്രാപിക്കും ; 3 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. തെക്കന്‍ കേരളത്തിലും മധ്യകേരത്തിലും അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ 'മോന്‍താ'ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.ഇന്ന് രാത്രിയോടെ ആന്ധ്രാ തീരത്ത് മോന്ത ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രതീക്ഷ. മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയില്‍ വീശാനും സാധ്യതയുണ്ടെന്നും കലാവസ്ഥാ വകുപ്പ് പറഞ്ഞു. അതിനാൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്നും അധികൃതർ പറഞ്ഞു.
ഓറഞ്ച് അലർട്ട്: ഇടുക്കി,എറണാകുളം,തൃശൂർ,കോഴിക്കോട്,കണ്ണൂർ,കാസർകോട്
യെല്ലോ അലർട്ട്: തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,പാലക്കാട്,മലപ്പുറം,വയനാട്
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സ്‌കൂളുകൾക്ക് അവധി: തൃശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് (ഒക്ടോബർ 28) ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്‌സി, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു .
മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം:ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ''മോന്‍താ'ചുഴലികാറ്റ് ഇന്ന് കര തൊടും. ആന്ധ്രാതീരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഒഡിഷ, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആന്ധ്രാപ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യത.
മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്രയ്ക്ക് ഇന്ന് നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. അടിമാലി ഗവൺമെൻ്റ് ഹൈസ്‌കൂളിലെ എൽപി യുപി വിഭാഗങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ക്യാമ്പ് പ്രവർത്തിക്കുന്നതിനാലാണ് അവധി. സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.