ലോഡ്ജ് മുറിയിൽ കൊലപാതകം : പ്രതി പിടിയിൽ

തിരുവനന്തപുരം : ആറ്റിങ്ങലിൽ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വടകര സ്വദേശിനി ആസ്മിനയുടെ കൊലപാതകത്തിൽ പ്രധാന പ്രതി പിടിയിൽ. ലോഡ്ജ് ജീവനക്കാരനായ ജോബി ജോർജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിയർ കുപ്പി കൊണ്ട് ശരീരമാസകലം മുറിവേൽപ്പിച്ചാണ് ആസ്മിനയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോബിയാണ് ആസ്മിനയെ ലോഡ്ജിലേക്ക് എത്തിച്ചത്. തന്റെ ഭാര്യയാണെന്ന് പറഞ്ഞ് ജോബി സുഹൃത്തുക്കളെ പരിചയപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.കോഴിക്കോട് വെച്ച് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന ഒരു യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇരുവരേയും ഇന്ന് ആറ്റിങ്ങലിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലിന് വിധേയരാക്കും.ഇന്നലെ രാവിലെയാണ് ലോഡ്ജ് മുറിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലോഡ്ജിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ പോലീസിന് സഹായകമായത്.