"വിമതര്‍ വര്‍ഗവഞ്ചകര്‍ തന്നെ. അവര്‍ പാര്‍ട്ടിയെ വഞ്ചിച്ചു": എംവി ജയരാജൻ്റെ പ്രസ്താവനയെ തള്ളി എം വി ഗോവിന്ദന്‍
തൃശൂര്‍: തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജൻ്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമതര്‍ വഞ്ചകര്‍ തന്നെ. അവര്‍ പാര്‍ട്ടിയെ വഞ്ചിച്ചു. വര്‍ഗവഞ്ചനയാണ്. ചതിയാണ്. അത് കൃത്യമായിട്ട് പാര്‍ട്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജി സുധാകരനും ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും അടക്കം പാര്‍ട്ടിയെ വഞ്ചിച്ചവരാണ്. എംവി ജയരാജന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എംവി ജയരാജന്‍ ഒരു ചാനലില്‍ നടത്തിയ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ട്ടിയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവര്‍ ഉള്‍പ്പെടെ വഞ്ചിച്ച് ചതിച്ച് പോകുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. ആ നിലപാട് അതിശക്തമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ആ വിമര്‍ശനം ശക്തിയായി തുടരും. അതേസമയം തന്നെ തെറ്റു തിരുത്തിയാല്‍ ലോകത്ത് എല്ലാവര്‍ക്കും ബാധകമായിട്ടുള്ള നിയമം എന്ന നിലയില്‍ പാര്‍ട്ടിയുമായി സഹകരിക്കാം. തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കും എന്നത് പാര്‍ട്ടിയുടെ പൊതു രീതിയാണ്. തെറ്റു തിരുത്തിയാല്‍ ഈ ഭൂമുഖത്തെ ആരെയും തിരിച്ചെടുക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
സുധാകരനും ടികെ ഗോവിന്ദനും കുഞ്ഞികൃഷ്ണനുമെല്ലാം യുഡിഎഫിന്റെ ഭാഗമായിട്ടാണ് മത്സരിച്ചത്. അവര്‍ യുഡിഎഫിന്റെ ഭാഗമാണ്. ആ കാര്യം പാര്‍ട്ടി കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വി സംബന്ധിച്ച് ഞങ്ങളെല്ലാം സ്വയം വിമര്‍ശനപരമായി കണ്ടതാണ്. ഓരോ ചാനലില്‍ ഇരുന്ന് ഓരോരുത്തര്‍ പറയുന്നതിനൊന്നും മറുപടി പറയേണ്ട യാതൊരു കാര്യവുമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എംഎ ബേബിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പുതിയൊരു ചേരി ഉണ്ടാകുന്നു എന്ന വാര്‍ത്ത അസംബന്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ സിപിഎം നേതാവ് എം വി ജയരാജന്‍ രംഗത്തു വന്നിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്ന് സ്വീകരിച്ച നിലപാട് പിശകായിപ്പോയി. പയ്യന്നൂരില്‍ വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയിക്കാമായിരുന്നുവെന്നും എംവി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ വിഷന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്റെ തുറന്നു പറച്ചില്‍.
https://www.worldm.news/keralam/mv-jayarajan-says-he-will--32078