തെറ്റ് തിരുത്തിയാൽ പാർട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജൻ

കണ്ണൂര്‍: തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരുന്നതിൽ തടസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി. ജയരാജൻ. നയപരമായ തെറ്റുപറ്റി എന്ന് കരുതി ഒറ്റപ്പെടുത്തി മുമ്പോട്ട് പോകില്ല. നിലപാടുകൾ തിരുത്തി പാർട്ടിയുമായി സഹകരിക്കാൻ തയാറായി വരുമ്പോൾ അത് വേണ്ട എന്ന് വെക്കുന്ന പാർട്ടിയല്ല കമ്മ്യൂണിസ്റ്റ് പാർട്ടി. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം വി രാഘവനേയും കെ ആർ ഗൗരിയമ്മയേയും വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.വിവിധ ഘടകങ്ങൾ ഉണ്ടെങ്കിലും പയ്യന്നൂരിൽ പാർട്ടി സ്ഥാനാർഥിയെ മാറ്റിയിരുന്നെങ്കിൽ ജയിക്കുമായിരുന്നു. സ്ഥാനാർഥി നിർണയത്തിൽ അന്ന് സ്വീകരിച്ച നിലപാട് പിശകായി. തളിപ്പറമ്പിൽ അത്തരത്തിൽ പറയാൻ സാധിക്കില്ലായിരുന്നു. തളിപ്പറമ്പിൽ എസ്ഐആറിന് ശേഷം മണ്ഡലത്തിൻ്റെ ഘടനയിൽ മാറ്റം വന്നിട്ടുണ്ട്. പയ്യന്നൂർ പോലെ ഉറച്ച് ജയിക്കുമായിരുന്ന ഒരു മണ്ഡലമായിരുന്നില്ല തളിപ്പറമ്പെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൃശൂരില്‍ ഈ നിലപാട് അപ്പാടേ മാറ്റിയാണ് ജയരാജന് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. സിപിഎം വിട്ട് എംഎല്‍എമാരായവര്‍ വര്‍ഗവഞ്ചകരാണ്. അവര്‍ പാര്‍ട്ടിയെ വഞ്ചിച്ചു എന്നതില്‍ മാറ്റമില്ലെന്നും തിരുത്താത്ത പക്ഷം അവര്‍ വഞ്ചകര്‍ തന്നെയാണെന്നും ജയരാജന് പറഞ്ഞു. വിഴിഞ്ഞത്തെ വിദേശനിക്ഷേപത്തില്‍ വിമതരുടെ നിലപാടെന്തെന്നും മുഖ്യമന്ത്രിയെ തള്ളിപ്പറയുമോയെന്നും ജയരാജന് ചോദിച്ചു.

"താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന് പറയട്ടെ" :വി കുഞ്ഞികൃഷ്ണന്.
തെറ്റ് തിരുത്തിയാൽ പാര്‍ട്ടിയിലേക്ക് തിരികെ വരാമെന്ന് എം വി ജയരാജന് നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് വി കുഞ്ഞികൃഷ്ണന്. താന്‍ ചെയ്ത തെറ്റ് എന്തെന്ന് ജയരാജന് പറയട്ടെ, എങ്കിലെ മറുപടി പറയാനാകൂ. താന്‍ പറഞ്ഞത് പാര്‍ട്ടി തിരിച്ചറിഞ്ഞല്ലോ, അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഞാന്‍ ചെയ്ത തെറ്റ് എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല, അത് വ്യക്തമാക്കാതെയാണ് പാര്‍ട്ടിയില്‍ നിന്ന് എന്നെ പുറത്താക്കിയത്. എന്ത് തെറ്റ് ആണ് ചെയ്തതെന്ന് സിപിഎം നേതൃത്വം പറഞ്ഞാല്‍ അതിനനുസരിച്ചുള്ള പ്രതികരണം എൻ്റെ ഭാഗത്ത് നിന്നുണ്ടാകും. ഇതുവരെയും താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് പറയാന്‍ സിപിഎം നേതൃത്വം സന്നദ്ധമായിട്ടില്ല. തെറ്റ് ചൂണ്ടിക്കാണിക്കാതെ തിരുത്താന്‍ കഴിയില്ലെന്നും കുഞ്ഞികൃഷ്ണന് വ്യക്തമാക്കി .അച്ചടനടക്കനടപടിക്ക് വിധേയമാകുന്ന ആളുകള്‍ക്ക് നേരെ പല വാക്കുകളും പ്രയോഗിക്കുന്നത് എല്ലാക്കാലത്തും സിപിഎംകാരുടെ ഒരു സമീപനമാണ്. അതിന് കുറെ പദാവലിയം അവരുടെ നിഘണ്ടുവിലുണ്ട്. വര്ഗവഞ്ചകന്, കോടാലികൈ, ഒറ്റുകാരന് തുടങ്ങിയ ഒട്ടേറെ പദാവലികള്‍ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന ഒരു നിരയാണ് ഉണ്ടായിട്ടുള്ളതെന്നും കുഞ്ഞികൃഷ്ണന് പ്രതികരിച്ചു.അദാനിയെയും പിഎം ശ്രീയെയും ബന്ധപ്പെട്ട് അല്ല തന്നെ പാർട്ടി പുറത്താക്കിയതെന്ന് കുഞ്ഞികൃഷ്ണന് വ്യക്തമാക്കി. എൻ്റെ അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല പ്രതികരണം. പുതിയ വിഷയങ്ങളാണെങ്കില്‍ അത് വ്യക്തമാക്കണം. ഞാൻ മരണം വരെ കമ്മ്യൂണിസ്റ്റുകാരനായി നിലനില്ക്കും, പ്രവര്‍ത്തിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നെ ബോധൂര്വം യുഡിഎഫ് കാരനാക്കുള്ള ശ്രമമാണ് ദേശാഭിമാനിയും സിപിഎം ഉള്‍പ്പെടെ ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും കുഞ്ഞികൃഷ്ണന് കൂട്ടിച്ചേര്‍ത്തു.