13-കാരിയെസഹപാഠികൾ പീഡിപ്പിച്ചെന്ന കേസ്; കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

13-കാരിയെസഹപാഠികൾ പീഡിപ്പിച്ചെന്ന കേസ്; കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

പത്തനംതിട്ട:  പതിമൂന്നുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയെ സഹപാഠികളും പുറത്തുനിന്നുള്ളവരും ചേർന്ന് പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ ഉൾപ്പെടെ ആറുപേരെയും പോലീസ് താല്കാലികമായി വിട്ടയച്ചു. പെൺകുട്ടി നൽകിയ പ്രാഥമിക മൊഴികളും നിലവിലെ സാഹചര്യങ്ങളും തമ്മിൽ ഒട്ടും പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇവരെ വിട്ടയക്കാൻ പോലീസ് തീരുമാനിച്ചത്. കസ്റ്റഡിയിലെടുത്തവരുടെ ഔദ്യോഗിക അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നില്ല.

പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിലെ കടുത്ത വൈരുദ്ധ്യങ്ങളാണ് കസ്റ്റഡിയിലുണ്ടായിരുന്നവരെ വിട്ടയക്കാൻ പ്രധാന കാരണം. കസ്റ്റഡിയിലായവർക്കൊപ്പം പോയെന്ന് പറയുന്ന സ്ഥലങ്ങൾ, കൃത്യം നടന്നുവെന്ന് പറയുന്ന സമയം, ചുറ്റുപാടുകൾ എന്നിവയിൽ വലിയ രീതിയിലുള്ള അന്തരമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. കേസിൽ കൂടുതൽ ശാസ്ത്രീയവും വിശദവുമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ഇരയായ പെൺകുട്ടിയുടെ മൊഴി വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വീണ്ടും വിശദമായി രേഖപ്പെടുത്തി കൃത്യമായ വ്യക്തത വരുത്തിയ ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ.നേരത്തെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പത്ത് പേരുടെ പേരുകളായിരുന്നു പെൺകുട്ടി കൗൺസിലിംഗിനിടെ വെളിപ്പെടുത്തിയിരുന്നത്. ഈ പത്തു പേരെയും പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വേഗത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് സംശയത്തിന്റെ അടിസ്ഥാനത്തിൽ ആറ് പേരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇവരുടെ കുറ്റകൃത്യത്തിലെ പങ്ക് കൃത്യമായി തെളിയിക്കുന്ന യാതൊരുവിധ ഭൗതിക-സാഹചര്യ തെളിവുകളും പൊലീസിന് കണ്ടെത്താനായിട്ടില്ല എന്നത് കേസ് അന്വേഷണത്തിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. അതേസമയം, പെൺകുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ വച്ചും പീഡനത്തിന് ഇരയാക്കിയതായി മൊഴിയുണ്ട്. പീഡനത്തിന് മൗനാനുവാദം നൽകുകയും വഴിയൊരുക്കുകയും ചെയ്ത പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റൊരു പെൺകുട്ടിയെ കേന്ദ്രീകരിച്ച് പോലീസ് ഇപ്പോൾ വിശദമായി അന്വേഷണം നടത്തിവരികയാണ്.സ്കൂളിൽ വെച്ച് അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പതിവ് കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി താൻ നേരിട്ട പീഡനവിവരം ആദ്യമായി പുറത്തുപറഞ്ഞത്. സംഭവം അതീവ ഗുരുതരമായതിനാൽ പത്തനംതിട്ട കൂടൽ പോലീസ് പോക്‌സോ  വകുപ്പുകൾ പ്രകാരം രണ്ട് വെവ്വേറെ എഫ്ഐആറുകൾ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. സഹപാഠികൾക്ക് പുറമെ പുറത്തുനിന്നുള്ള ചിലരും തന്നെ പീഡിപ്പിച്ചുവെന്നും ഇവരെ കണ്ടാൽ കൃത്യമായി തിരിച്ചറിയാമെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനായി പ്രദേശത്തെ സംശയസ്പദമായ ആളുകളുടെയും മുൻപ് സമാന കേസിൽ പെട്ടവരുടെയും വിശദമായ വിവരങ്ങൾ ശേഖരിച്ച് പോലീസ് പരിശോധന തുടങ്ങി കഴിഞ്ഞു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ  നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രത്യേക പോലീസ് സംഘം നിലവിൽ കേസ് അന്വേഷിക്കുന്നത്.

https://www.worldm.news/keralam/complaint-alleging-that-eight--32049