ബംഗ്ലാദേശ് പ്രധാനമന്ത്രിയെ കുടുംബസമേതം ഇന്ത്യയിലേക്ക് സ്വാഗതംചെയ്‌ത്‌ നരേന്ദ്ര മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രിയെ  കുടുംബസമേതം  ഇന്ത്യയിലേക്ക് സ്വാഗതംചെയ്‌ത്‌  നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബംഗ്ലാദേശിൽ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ബിഎൻപി ചെയർമാൻ താരിഖ് റഹ്മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അയച്ച അഭിനന്ദന സന്ദേശത്തിലാണ് സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ മോദി ക്ഷണം നടത്തിയത്.താരിഖ് റഹ്മാനോടൊപ്പം അദ്ദേഹത്തിന്‍റെ ഭാര്യ ഡോ. സുബൈദ റഹ്മാൻ, മകൾ സൈമ എന്നിവരെയും പ്രധാനമന്ത്രി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ താരിഖ് റഹ്മാനും കുടുംബത്തിനും ഊഷ്മളമായ സ്വീകരണമാണ് കാത്തിരിക്കുന്നതെന്നും ബംഗ്ലാദേശിലെ ജനങ്ങളുടെ പുരോഗതിക്കും ഐശ്വര്യത്തിനും ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും പ്രധാനമന്ത്രി കത്തിൽ വ്യക്തമാക്കി. ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷം ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിൽ തിരിച്ചെത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം.

തെരഞ്ഞെടുപ്പിൽ ബിഎൻപി സഖ്യം നേടിയ ഉജ്ജ്വല വിജയം താരിഖ് റഹ്മാന്‍റെ നേതൃത്വത്തിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്‍റെ തെളിവാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന താരിഖ് റഹ്മാന് എല്ലാവിധ വിജയങ്ങളും നേരുന്നതായും അദ്ദേഹം പറഞ്ഞു.സമാധാനവും സ്ഥിരതയും പുരോഗതിയും ലക്ഷ്യമിട്ടുള്ള താരിഖ് റഹ്മാന്‍റെ കാഴ്ചപ്പാടുകൾ രാജ്യത്തെ മുന്നോട്ട് നയിക്കുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ചരിത്രപരമായ ബന്ധവും സാംസ്കാരിക പൈതൃകവും പങ്കിടുന്ന അടുത്ത അയൽവാസികളാണ് ഇന്ത്യയും ബംഗ്ലാദേശും. ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകൾ ഭാവി സഹകരണത്തിന്‍റെ അടിസ്ഥാന ശിലയായി മാറുമെന്ന് പ്രധാനമന്ത്രി കത്തിൽ പ്രത്യേകം ഓർമ്മിപ്പിച്ചു.വ്യാപാരം, കണക്റ്റിവിറ്റി, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഊർജ്ജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ താരിഖ് റഹ്മാനുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ ഇരുരാജ്യങ്ങൾക്കും പരസ്പര സുരക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടി മികച്ച രീതിയിൽ ഒത്തുപ്രവർത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.