എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിൻ്റെ പുതിയ പതിപ്പ് പുറത്തിറക്കി എൻസിഇആർടി

ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്ത് ഏറെ വിവാദം സൃഷ്‌ടിച്ച എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിൻ്റെ പുതിയ പതിപ്പ് എൻസിഇആർടി പുറത്തിറക്കി. നീതിന്യായ വ്യവസ്ഥിതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കം പാഠഭാഗത്തുണ്ടെന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിവാദമായ ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് എൻസിഇആർടി പുതിയ പതിപ്പ് പുറത്തിറക്കിയത്.കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളെക്കുറിച്ചുള്ള പരാമർശങ്ങളും രണ്ട് പ്രധാന കോടതി വിധികളും അടങ്ങുന്ന വിവാദ ഭാഗങ്ങൾ അധ്യായത്തിൽ നിന്ന് ഒഴിവാക്കി പൊതുതാത്പര്യ ഹർജി, ട്രൈബ്യൂണലുകൾ, തർക്കപരിഹാര സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പാഠഭാഗത്ത് ഉൾപ്പെടുത്തി.
അധ്യായത്തിൻ്റെ തുടക്കത്തിലെ "വലിയ ചോദ്യങ്ങൾ" എന്ന വിഭാഗത്തിലും മാറ്റം വന്നിട്ടുണ്ട്. റദ്ദാക്കിയ പാഠപുസ്‌തകത്തിൽ, സ്വതന്ത്രമായ ഒരു നിയമ വ്യവസ്ഥ എന്തുകൊണ്ട് ആവശ്യമാണെന്ന ചോദ്യം ഉണ്ടായിരുന്നു. എന്നാൽ പരിഷ്‌കരിച്ച പാഠപുസ്‌തകത്തിൽ "നീതിയും ഐക്യവും ഉള്ള ഒരു സമൂഹത്തിന്" നീതി എന്തുകൊണ്ട് പ്രാധാന്യം അർഹിക്കുന്നു എന്നാണ് ചോദിക്കുന്നത്.കോടതികളിൽ കേസുകൾ "കെട്ടിക്കിടക്കുന്നത്", ജഡ്‌ജിമാരുടെ കുറവ്, ബുദ്ധിമുട്ടുള്ള നടപടിക്രമങ്ങൾ, ദുർബലമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് പറയുന്ന "നീതി വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ" എന്ന ഭാഗം പൂർണ്ണമായും നീക്കി. മുൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി നീതിന്യായ വ്യവസ്ഥയിൽ "അഴിമതിയും ദുഷ്‌പെരുമാറ്റവും" നടന്നതായി അംഗീകരിക്കുന്ന "നിയമ വ്യവസ്ഥയിലെ അഴിമതി" എന്ന ഭാഗവും പാഠപുസ്‌തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) എട്ടാം ക്ലാസ് സാമൂഹ്യ ശാസ്‌ത്ര പാഠപുസ്തകത്തിൽ "നിയമ വ്യവസ്ഥയിലെ അഴിമതി" എന്ന ഭാഗം ഉൾപ്പെടുത്തിയതിനെച്ചൊല്ലിയാണ് ഫെബ്രുവരിയിൽ, വിവാദം പൊട്ടിപ്പുറപ്പെട്ടത്. സുപ്രീം കോടതിയുടെ ഇടപെടലിനുശേഷം പാഠപുസ്തകത്തിൻ്റെ ഭൗതികവും ഡിജിറ്റൽ പകർപ്പുകളും പിൻവലിക്കുകയും എൻസിഇആർടി ക്ഷമാപണം നടത്തുകയും ചെയ്തു.നിയമവ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പറയുന്ന "അപമാനകരമായ" ഉള്ളടക്കം അതിൽ അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രസ്‌തുത പാഠപുസ്തകത്തിൻ്റെ പ്രസിദ്ധീകരണം, പുനഃപ്രസിദ്ധീകരണം, ഡിജിറ്റൽ വിതരണം എന്നിവയ്ക്ക് സുപ്രീം കോടതി "പൂർണ്ണ നിരോധനം" ഏർപ്പെടുത്തി. പുതുക്കിയ പാഠപുസ്‌തകത്തിൽ "ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്" നടത്തിയ അവലോകന പ്രക്രിയയ്ക്ക് അനുസൃതമായാണ് പുസ്‌തകം പരിഷ്‌കരിച്ചതെന്ന് പറയുന്നുണ്ട്.ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്" നടത്തിയ അവലോകന പ്രക്രിയയ്ക്ക് അനുസൃതമായി ഇത് പ്രസിദ്ധീകരിച്ചു. മാർച്ച് 16ലെ ഒരു ഉത്തരവിലൂടെ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച ഒരു വിദഗ്‌ധ സമിതിയാണ് "സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്" എന്ന അധ്യായം 4 "പുനർരചിച്ചത്" എന്നും പുസ്‌തകത്തിൽ പറയുന്നു.റദ്ദാക്കിയ പാഠപുസ്തകത്തിൽ പാഠ്യപദ്ധതി വികസന സംഘത്തിൽ 51 അംഗങ്ങൾ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ പുതുക്കിയ പതിപ്പിൽ 48 അംഗങ്ങൾ മാത്രമാണുള്ളത്. ഈ അധ്യായത്തിന് തുടക്കത്തിൽ ഉത്തരവാദികളായി കണക്കാക്കപ്പെട്ടിരുന്ന മിഷേൽ ഡാനീനോ, സുപർണ്ണ ദിവാകർ, അലോക് പ്രസന്ന കുമാർ എന്നിവരുടെ പേരുകൾ പുതുക്കിയ പതിപ്പിൽ നിന്നും ഒഴിവാക്കി.