നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കി നിയമസഭ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അവതരിപ്പിച്ച പ്രമേയം കേരള നിയമസഭ പാസാക്കി. ദേശീയ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുകയാണെന്ന് പ്രമേയത്തിൽ ഉന്നത വിദ്യാഭാസ മന്ത്രി കുറ്റപ്പെടുത്തി.അതീവ ദൗർഭ്യാഗകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്നും, വിഷയത്തിൻ്റെ ഗൗരവം യഥാസമയം ഉൾക്കൊണ്ടില്ലെന്നു മാത്രമല്ല, പരിഹാര നടപടികൾ ഒന്നും തന്നെ കൈക്കൊണ്ടതുമില്ല. സംഘടിത കുറ്റവാളികളെ കണ്ടെത്തി വീഴ്‌ച വരുത്തിയവർക്കെതിരെ ശിക്ഷാ നടപടികൾ ഉറപ്പാക്കണം. ഇതിനായി ദേശീയ പരീക്ഷാ സംവിധാനം സമഗ്രമായി പരിഷ്‌കരിച്ച് നിയമം കേന്ദ്ര സർക്കാർ കൊണ്ടുവരണമെന്നും റോജി എം ജോൺ പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ പിന്തുണയോടു കൂടെയാണ് നിയമസഭാ പ്രമേയം പാസാക്കിയത്.ഫലപ്രദമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ലെന്നത് പ്രതിഷേധാർഹമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന ഉറപ്പു നൽകുന്ന തുല്യഅവസരം ലംഘിക്കപ്പെട്ടു. ക്രമക്കേട് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. വിവിധ കേന്ദ്രപരീക്ഷകളിൽ ഇത്തരം ക്രമക്കേടുകൾ ഉണ്ടാകുന്നു. സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഇതിനു ഉദാഹരണമാണ്. വിദ്യാർഥികളുടെ ജീവനും അന്തസും സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാർ തയാറാകണം. സംസ്ഥാന സർക്കാരുകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേന്ദ്രസർക്കാർ തേടണം.

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലേക്കുള്ള പ്രവേശന ത്തിനായുള്ള ഏകീകൃത ദേശീയ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ, പരീക്ഷാകേന്ദ്രങ്ങളിലെ ഭരണപരവും സാങ്കേതികവുമായ വീഴ്‌ചകൾ, മാർക്ക് നിർണയത്തിലെയും ഫലപ്രഖ്യാപനത്തിലെയും അപാകതകൾ എന്നിവ മൂലം പരീക്ഷയുടെ വിശ്വാസ്യത, സുതാര്യത, നിഷ്‌പക്ഷത എന്നിവ ചോദ്യം ചെയ്യപ്പെടുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. അതീവ പ്രാധാന്യമുള്ള ഒരു ദേശീയ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുകയും പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരന്തരമായി ഉയർന്നുവരുന്ന പരാതികളും അന്വേഷണങ്ങളും കോടതികളുടെ ഇടപെടലുകളും പൊതുസമൂഹത്തിൽ വ്യാപകമായ ആശങ്കയും അവിശ്വാസവും സൃഷ്‌ടിച്ചിരിക്കുന്ന സാഹചര്യം അതീവ ദൗർഭാഗ്യകരമാണ്.ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മാനസിക സുരക്ഷിതത്വത്തെയും പൊതുജനങ്ങളുടെ പരീക്ഷാ സംവിധാനത്തോടുള്ള വിശ്വാസത്തെയും ബാധിക്കുന്നതോടൊപ്പം രാജ്യത്തെ പൊതുപ്രവേശന പരീക്ഷാ സംവിധാനത്തിൻ്റെ വിശ്വാസ്യതയ്ക്കു തന്നെ ഗുരുതരമായ ആഘാതം സൃഷ്‌ടിച്ചു. നടത്തിപ്പിലെ ഗുരുതരമായ വീഴ്‌ചകളും ക്രമക്കേടുകളും പുറത്തുവന്നിട്ടും അവയുടെ ഗൗരവം യഥാസമയം അംഗീകരിക്കാതെ ഫലപ്രദമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്‌ച വരുത്തിയ കേന്ദ്ര സർക്കാരിൻ്റെയും ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളുടെയും സമീപനം പ്രതിഷേധാർഹമാണ്.നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, സമീപകാലത്ത് ദേശീയ പരീക്ഷാ ഏജൻസിയായ നാഷണൽ ടെസ്റ്റിങ് ഏജൻസി സംഘടിപ്പിച്ച നീറ്റ്, കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ്, യൂ.ജി.സി പരീക്ഷകൾ ഉൾപ്പെടെയുള്ള വിവിധ ദേശീയതല പ്രവേശന പരീക്ഷകളിലും, അതോടൊപ്പം സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് തുടങ്ങിയ കേന്ദ്ര സർക്കാർ ഏജൻസികൾ നടത്തുന്ന നിയമന പരീക്ഷകളിലും ചോദ്യപേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ, പരീക്ഷകൾ മാറ്റിവെയ്ക്കൽ, റദ്ദാക്കൽ, സാങ്കേതിക തകരാറുകൾ, സുരക്ഷാ വീഴ്‌ചകൾ, ഭരണപരമായ അനാസ്ഥ എന്നിവ ആവർത്തിച്ചുണ്ടായി.സി ബി എസ് ഇ (പ്ലസ് ടൂ) പരീക്ഷയിൽ ഉണ്ടായ ക്രമക്കേടുകളും രാജ്യത്തെ പ്രവേശന-നിയമന പരീക്ഷാ സംവിധാനത്തിൽ ഘടനാപരവും ഭരണപരവുമായ ഗുരുതര പോരായ്‌മകൾ നിലനിൽക്കുന്നുവെന്നതിൻ്റെ വ്യക്തമായ സൂചനയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.