ബൈക്കിന്‍റെ അമിത ശബ്‌ദം ചോദ്യം ചെയ്‌തു; യുവാവിനെ കുത്തിക്കൊന്ന് അയല്‍വാസികള്‍

ബൈക്കിന്‍റെ അമിത ശബ്‌ദം ചോദ്യം ചെയ്‌തു; യുവാവിനെ കുത്തിക്കൊന്ന് അയല്‍വാസികള്‍

തിരുവനന്തപുരം: ഇന്നലെ കോട്ടുക്കലിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാല്‌ പേര്‍ പിടിയില്‍. പ്രദേശവാസികളായ  അമ്പാടി, മിഥുൻ, പൊടിയൻ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് കസ്റ്റഡിയിലുള്ളത്. കണ്ണരവിള സ്വദേശിയായ മനുവാണ് (22) കൊല്ലപ്പെട്ടത് . 

രാത്രി 9.30 യോടെ ബൈക്കില്‍ നിന്നുണ്ടായ അമിത ശബ്‌ദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ അമ്പാടിയും പ്രായപൂർത്തിയാകാത്തയാളും ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു. മനുവിന്‍റെ വീടിന് സമീപം എത്തിയപ്പോള്‍ ബൈക്കിലെ ഇന്ധനം തീര്‍ന്നു. നിരവധി തവണ ഇരുവരും ബൈക്ക് സ്റ്റാര്‍ട്ടാക്കി നോക്കിയെങ്കിലും  ശ്രമം വിഫലമായി. ഇതോടെ ബൈക്ക് മനുവിന്‍റെ വീടിന് സമീപം നിര്‍ത്തിയിട്ടു. തുടര്‍ന്ന് ഇന്ധനം എത്തിച്ച് ബൈക്കിലൊഴിച്ചു. വീണ്ടും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്‌തു. ഇതോടെ ബൈക്കിന്‍റെ ശബ്‌ദം കേട്ട മനു വീടിന് പുറത്തേക്ക് ഇറങ്ങി വന്നു. ബൈക്കിന്‍റെ അമിത ശബ്‌ദത്തെ കുറിച്ച് ചോദിച്ചു. ഇതോടെ പ്രകോപിതരായ അമ്പാടിയും കൂട്ടാളിയും മനുവിനെ ആക്രമിച്ചു.ഇതിനിടെ സ്ഥലത്തെത്തിയ മിഥുനും പൊടിയനും കൂടി ആക്രമണത്തില്‍ പങ്കാളികളായി. പ്രകോപിതരായ യുവാക്കള്‍ അവരുടെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് മനുവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ മനു നിലത്ത് വീണതോടെ യുവാക്കള്‍ സ്ഥലം വിട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട കുടുംബവും നാട്ടുകാരും ചേര്‍ന്ന് മനുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നെയ്യാറ്റിന്‍കരയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ച് അല്‍പ സമയത്തിനുള്ളില്‍ മനു മരിച്ചു.

 മനുവിനെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ പ്രതികളിലൊരാളായ മിഥുനും സുഹൃത്തുക്കളും ആശുപത്രിയിലെത്തുകയും മനുവിന്‍റെ കുടുംബവുമായി വഴക്കിടുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. ഇതിനിടെ സ്ഥലത്തെത്തിയ കാഞ്ഞിരംകുളം പൊലീസ് ആശുപത്രിയില്‍ എത്തി ബഹളം വച്ച യുവാക്കളെ അടക്കം മുഴുവന്‍ പ്രതികളെയും പിടികൂടി.

കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയുണ്ടെന്നും ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മനുവിന്‍റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.