അടുത്തവർഷത്തെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് നെതന്യാഹു

അടുത്തവർഷത്തെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന്  നെതന്യാഹു

ജറുസലേം: 2026 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിനാണ് ബെഞ്ചമിൻ നെതന്യാഹു മത്സരിക്കുമെന്ന് മറുപടി നൽകിയത്.2022-ലെ അവസാന ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വലതുപക്ഷ ലിക്കുഡ് പാർട്ടി 32 സീറ്റുകൾ നേടി. 120 സീറ്റുകളുള്ള ഇസ്രയേലി പാർലമെൻ്റിലെ 64 അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ഡിസംബറിലാണ് നെതന്യാഹു സത്യപ്രതിജ്ഞ ചെയ്‌ത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്.അന്നുമുതൽ തീവ്ര വലതുപക്ഷ സഖ്യ സർക്കാരിനെ അദ്ദേഹം നയിക്കുന്നു. അടുത്ത വർഷം ഇസ്രയേലിൽ നടക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അതിൽ വിജയിക്കുമെന്നും മാധ്യമങ്ങളോട് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.അടുത്ത ആഴ്‌ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് 76 വയസ് തികയും. ഇസ്രയേല്‍ എന്ന രാജ്യം നിര്‍മിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനം കൈകാര്യം ചെയ്‌തിട്ടുള്ള വ്യക്തി കൂടിയാണ് നെതന്യാഹു. 1996 മുതൽ 1999 വരെയും വീണ്ടും 2009 മുതൽ 2021 വരെയും ഇസ്രയേലിൻ്റെ പ്രധാനമന്ത്രിയായി അദ്ദേഹം സേവനമനുഷ്‌ഠിച്ചട്ടുണ്ട്. യെയർ ലാപിഡിൻ്റെയും നഫ്‌താലി ബെന്നറ്റിൻ്റെയും നേതൃത്വത്തിലുള്ള ഒരു മധ്യവർഗ സഖ്യം അധികാരമേറ്റപ്പോൾ 2021 ജൂണിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി.