കേരളത്തിലെ നഗരസഭകൾക്ക് പുതിയ അധ്യക്ഷന്‍മാര്‍

തിരുവനന്തപുരം: കേരളത്തിൽ ഒരു കോർപ്പറേഷൻ ഭരിക്കുന്ന ആദ്യ ബിജെപി മേയർ എന്ന ഖ്യാതിയോടെയാണ് തിരുവനന്തപുരത്ത് വി വി രാജേഷ് ചുമതലയേല്‍ക്കുന്നത്. അധികാരമേറ്റശേഷം ആദ്യമായി ഒപ്പു വെച്ച ഫയല്‍ 'വയോമിത്രം പദ്ധതി' 101 വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കാനും കൂടുതല്‍ ഫണ്ട് അനുവദിക്കാനുമുള്ളതാണെന്ന് രാജേഷ് പറഞ്ഞു.
വിവി രാജേഷിന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ സംസ്ഥാന പ്രസിഡൻ്റുമാരായ സി കെ പത്മനാഭൻ, വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, യുവമോർച്ച സംസ്ഥാന പ്രസിഡൻ്റ് എന്നിവര്‍ അഭിനന്ദനങ്ങളറിയിച്ചു.
രാവിലെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 100 കൗണ്‍സിലര്‍മാരില്‍ 99 പേര്‍ വോട്ട് ചെയ്തു. 50 ബിജെപി അംഗങ്ങളുടേയും കണ്ണമ്മൂല വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍റേയും വോട്ട് നേടി 51 വോട്ടോടെയാണ് രാജേഷ് വിജയിച്ചത്.
കൊല്ലത്ത് മേയറായി എ കെ ഹഫീസ്

കാല്‍ നൂറ്റാണ്ടിനുശേഷം എല്‍ഡിഎഫില്‍നിന്ന് കോര്‍പ്പറേഷന്‍ ഭരണം യുഡിഎഫ് പിടിച്ചെടുത്ത കൊല്ലം കോര്‍പ്പറേഷനില്‍ എ കെ ഹഫീസിനെ മേയറായി സത്യപ്രതിജ്ഞ ചെയ്തു. കൊല്ലത്തും അവസാന നിമിഷം മേയര്‍ സ്ഥാനത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മേയർ സ്ഥാനവും ഡപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസ് തട്ടി എടുത്തെന്നായിരുന്നു ലീഗിന്‍റെ ആരോപണം. തുടര്‍ന്ന് യുഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗം ലീഗ് അംഗങ്ങൾ ബഹിഷ്കരിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.
കോഴിക്കോട് ഒ. സദാശിവൻ : രണ്ട് വോട്ട് അസാധു

കേരളത്തിലെ കോർപ്പറേഷനുകളിൽ ഇടതുമുന്നണിക്ക് അധികാരം ലഭിച്ച കോഴിക്കോട് കോർപ്പറേഷനിൽ ഒ സദാശിവൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സദാശിവന് 33 വോട്ടാണ് ലഭിച്ചത്. രണ്ട് വോട്ട് അസാധുവായി. യുഡിഎഫ് സ്ഥാനാർഥി എസ് കെ അബൂബക്കറിന് 28 വോട്ട് ലഭിച്ചു. 13 അംഗങ്ങളുള്ള ബിജെപിയെ പ്രതിനിധീകരിച്ച് നമ്പിടി നാരായണനാണ് ആദ്യ റൗണ്ടിൽ മേയർ സ്ഥാനത്തേക്ക് മത്സരിച്ചത്.76 അംഗ കോർപ്പറേഷനിൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ അംഗബലമുള്ള പാർട്ടിയെ മാറ്റിനിർത്തി രണ്ടാം റൗണ്ടിൽ നടന്ന തെരഞ്ഞെടുപ്പിലാണ് സദാശിവന് ഭൂരിപക്ഷം ലഭിച്ചത്. എൽഡിഎഫും യുഡിഎഫും മത്സരിച്ചപ്പോൾ 63 പേരായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ 33 വോട്ട് നേടുന്ന സ്ഥാനാർഥിയാണ് മേയറായായുക. ആ 33 അംഗബലം സദാശിവന് ലഭിച്ചു. ബിജെപി കൗൺസിലർമാർ രണ്ടാം റൗണ്ടിൽ നിന്ന് വിട്ടുനിന്നു.വരണാധികാരിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. രാവിലെ 10.45 ന് ആരംഭിച്ച വോട്ടെടുപ്പ് 1.45ഓടെയാണ് പൂർത്തിയായത്.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും പുതിയ ഭരണസമിതികൾ അധികാരമേറ്റതോടെ വികസന പ്രവർത്തനങ്ങളുടെ പുതിയ ഘട്ടത്തിനാണ് തുടക്കമാകുന്നത്.
സംസ്ഥാനത്തെ 86 നഗരസഭകളിലും പുതിയ അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് നടന്നു. കോട്ടയത്തെ പാലാ നഗരസഭയില്‍ സ്വതന്ത്രയായി മല്‍സരിച്ചു ജയിച്ച ദിയ ബിനു പുളിക്കക്കണ്ടം ചെയര്‍പേഴ്സണായി. സ്വതന്ത്ര ബ്ലോക്കായി മല്‍സരിച്ച് ജയിച്ച ബിനു പുളിക്കക്കണ്ടം കുടുംബാംഗങ്ങളുടെ പിന്തുണയോടെ ഇവിടെ യു ഡി എഫ് അധികാരത്തിലെത്തി. കേവലം 21 വയസ്സ് പ്രായമുള്ള ദിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍പേഴ്സണ്‍ എന്ന ബഹുമതി കൂടി സ്വന്തമാക്കി. ഇതോടെ പാലാ നഗരസഭയില്‍ മാണി ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസ് ഇതാദ്യമായി പ്രതിപക്ഷത്തായി.
പാലക്കാട് നഗരസഭയില്‍ തുടര്‍ച്ചയായ മൂന്നാ തവണയും ബിജെപി സ്ഥാനാര്‍ത്ഥി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിലെ പി. സ്മിതേഷാണ് 25 വോട്ട് നേടി ചെയര്‍മാനായത്. തൃപ്പൂണിത്തുറയില്‍ നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയിലെ അഡ്വ പി എല്‍ ബാബു വിജയിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 18 നെതിരെ 21 വോട്ട് നേടിയാണ് വിജയം. യു ഡി എഫ് അംഗങ്ങളെ മാറ്റി നിര്‍ത്തി നടത്തിയ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ രണ്ട് എല്‍ ഡി എഫ് അംഗങ്ങളുടെ വോട്ടുകള്‍ അസാധുവായി. ഇവിടെ എല്‍ ഡി എഫിന് 20 അംഗങ്ങളായിരുന്നു.
ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭ ചെയർമാനായി തെരഞ്ഞെടുത്തതാണ് കണ്ണൂരില്‍ നിന്നുള്ള ശ്രദ്ധേയ നീക്കം. 10 വര്‍ഷത്തിനു ശേഷമാണ് കാരായി ചന്ദ്രശേഖരന്‍ നഗരസഭാ ചെയര്‍മാന്‍ പദത്തില്‍ തിരികെയെത്തുന്നത്.2015ൽ തലശ്ശേരി നഗരസഭ ചെയർമാനായിരുന്ന ഘട്ടത്തിലാണ് ഫസൽ കേസിൽ പ്രതിയായ കാരായി ചന്ദ്രശേഖരൻ ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതി വിധി വന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു. ജാമ്യവ്യവസ്ഥയില്‍ എറണാകുളം ജില്ല വിട്ട് പോകരുതെന്ന ഉപാധിയെത്തുടര്‍ന്ന് ഇരുമ്പനത്തായിരുന്നു താമസം. ഒമ്പത് വര്‍ഷത്തിനുശേഷമാണ് പിന്നീട് കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശ്ശേരിയിലേക്ക് മടങ്ങിയെത്തിയത്. തലശ്ശേരി നഗരസഭ ചെള്ളക്കര വാർഡിൽ നിന്നാണ് ചന്ദ്രശേഖരൻ മത്സരിച്ചത്. ആകെയുള്ള 53 വാർഡുകളിൽ 32 വാർഡുകൾ ആണ് നഗരസഭയിൽ എൽഡിഎഫ് നേടിയത്.
ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കാരായി ചന്ദ്രശേഖരന് എതിരെ സിബിഐ ചുമത്തിയിരുന്നത്. ഫസൽ വധക്കേസിലെ ഗൂഡാലോചനയിൽ പ്രതി ചേർക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായിമാർ കോടതിയിൽ കീഴടങ്ങിയത്. ഒന്നരവര്‍ഷത്തിനു ശേഷം 2013 നവംബര്‍ എട്ടിന് ജാമ്യം ലഭിച്ചു. ഇതിനിടെ ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭാ ചെയര്‍മാനായി മത്സരിച്ചു ജയിച്ചു. എന്നാൽ നാട്ടിലേക്ക് വരാന്‍ കോടതി അനുവദിക്കാത്തതിനെ തുടർന്ന് രാജിവയ്ക്കുകയായിരുന്നു. കണ്ണൂർ ജില്ലയിലെ ആകെ യുള്ള 8 നഗരസഭകളിൽ 5 എണ്ണത്തിലും എൽഡിഎഫ് ആണ് വിജയിച്ചത്.
കാസർകോട് നഗരസഭാ ചെയർപേഴ്സണായി മുസ്ലീം ലീഗിലെ ഷാഹിന സലിമിനെ തെരഞ്ഞെടുത്തു.

ബിജെപിയിലെ കെ ശാരദയെ പരാജയപ്പെടുത്തിയാണ് ഷാഹിന സലിം ചെയർപേഴ്സൺ സ്ഥാനത്തെത്തിയത്. 12 നെതിരെ 24 വോട്ടുകളാണ് ഷാഹിന സലിം നേടിയത്. സിപിഎമ്മിലെ ഒരു കൗൺസിലറും രണ്ട് സ്വതന്ത്ര അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കാതെ ബാലറ്റ് തിരിച്ചേൽപ്പിച്ചു.
കാഞ്ഞങ്ങാട് നഗരസഭയുടെ ചെയർമാനായി വി വി രമേശനെ തെരഞ്ഞെടുത്തു

കാഞ്ഞങ്ങാട് നഗരസഭയുടെ 19-ാമത്തെ ചെയർമാനായി എൽഡിഎഫിലെ വി വി രമേശനെ തെരഞ്ഞെടുത്തു. 47 അംഗ കൗൺസിലിൽ എൽഡിഎഫിലെ 22 അംഗങ്ങളുടെ വോട്ട് നേടിയാണ് രമേശൻ ചെയർമാനായത്. യുഡിഎഫിലെ എം പി ജാഫർ 21 വോട്ടും ബിജെപിയിലെ എം ബൽരാജ് നാല് വോട്ടും നേടി. രണ്ടാം റൗണ്ടിൽ സ്ഥാനാർഥി ഇല്ലാതായതോടെ ബിജെപി വിട്ടുനിന്നു.എൽഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് വി വി രമേശനെ വിജയൻ മണക്കാടാണ് നിർദേശിച്ചത്. എം പി ജാഫര്‍ ആയിരുന്നു യുഡിഎഫിലെ ചെയർമാൻ സ്ഥാനാർഥി. ബിജെപിയുടെ ചെയർമാൻ സ്ഥാനാർഥിയായ എം. ബൽരാജുമുണ്ടായിരുന്നു. നിലവിൽ കൗൺസിലിൽ എൽഡിഎഫിന് 22, യുഡിഎഫിന് 21, ബിജെപിക്ക് നാല് അംഗങ്ങളാണുള്ളത്.
നീലേശ്വരം നഗരസഭാ ചെയര്‍മാനായി എൽഡിഎഫിലെ പി പി മുഹമ്മദ് റാഫിയെ തെരഞ്ഞെടുത്തു. യുഡിഎഫിലെ ഇ. ഷജീറിനെതിരെ 21–13 വോട്ടുകള്‍ക്കാണ് മുഹമ്മദ് റാഫി വിജയം നേടിയത്.കണിച്ചിറ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് മുഹമ്മദ് റാഫി. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ മുഹമ്മദ് റാഫി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയാണ്.

https://www.worldm.news/latest-news/t-indira-elected-as-kannur--13240
https://www.worldm.news/latest-news/dr-niji-justin-takes-charge--13238
https://www.worldm.news/latest-news/t-indira-elected-as-kannur--13240