പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ; പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക് എത്ര ?

പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക്  ഇന്നു മുതൽ പ്രാബല്യത്തിൽ; പുതിയ ട്രെയിൻ ടിക്കറ്റ് നിരക്ക് എത്ര ?

ന്യൂഡൽഹി: യാത്രാ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. ഇന്ന് (ഡിസംബർ 26) മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ആറ് മാസത്തിനിടയിൽ രണ്ടാം തവണയാണ് ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. 

റെയിൽവെയുടെ അധിക വരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പ്രാബല്യത്തിൽ വരുന്നത്. 600 കോടി രൂപയുടെ അധിക വരുമാന വർധനയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുകയെന്ന് റെയിൽവെ വിജ്ഞാപനത്തിൽ അറിയിച്ചു. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്‌സ്‌പ്രസ് നോൺ എസി, എസി കോച്ചുകളിലെ യാത്രകൾക്ക് കിലോ മീറ്ററിന് രണ്ട് പൈസയുമാകും കൂടുക.

റെയിൽ‌വെയുടെ മാനവശേഷി ചെലവ് 1,15,000 കോടി രൂപയായും പെൻഷൻ ചെലവ് 60,000 കോടി രൂപയായും വർധിച്ചതായി റെയിൽ‌വെ പറയുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ പ്രവർത്തനങ്ങളുടെ ആകെ ചെലവ് 2,63,000 കോടി രൂപയായും വർധിച്ചിട്ടുണ്ട്. ഈ ചെലവ് വർധനവ് നികത്താൻ, കാർഗോ ലോഡിങ്, യാത്രാ നിരക്ക് വർധനവ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റെയിൽ‌വെ അറിയിച്ചു.

സബർബൻ (ലോക്കൽ) ട്രെയിൻ സർവീസുകളെയും പ്രതിമാസ സീസൺ ടിക്കറ്റുകളെയും ഈ നിരക്ക് വർധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഓർഡിനറി ക്ലാസിൽ 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്കും നിരക്ക് വർധന ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഓർഡിനറി നോൺ-എസി (നോൺ-സബർബൻ) സർവീസുകൾക്ക്, വ്യത്യസ്ത ദൂര സ്ലാബുകളിലായി നിരക്കുകളുെ പരിഷ്‌കരിച്ചിട്ടുണ്ട്.

സബർബൻ ട്രെയിനും പ്രതിമാസ സീസൺ ടിക്കറ്റും മാറ്റമില്ല

  • 215 കിലോമീറ്റർ വരെയുള്ള ഓർഡിനറി ക്ലാസ് ടിക്കറ്റ് മാറ്റമില്ല
  • 215 കിലോമീറ്ററിൽ കൂടുതലുള്ള ഓർഡിനറി ക്ലാസ് (കി.മി) 1 പൈസ
  • മെയിൽ, എക്‌സ്‌പ്രസ് നോൺ എസി ക്ലാസ് (കി.മി) 2 പൈസ
  • മെയിൽ, എക്‌സ്‌പ്രസ് എസി ക്ലാസ് (കി.മി) 2 പൈസ
  • എസി അല്ലാത്ത 500 കിലോമീറ്റർ യാത്ര 10 രൂപ

റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജുകൾ മറ്റ് അനുബന്ധ ചാർജുകൾ ജിഎസ്ടി നിയമങ്ങളും അതേപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഗതിമാൻ, ഗരീബ് രഥ്, ജൻ ശതാബ്ദി, ഹംസഫർ, അമൃത് ഭാരത്, അന്ത്യോദയ, യുവ എക്‌സ്പ്രസ്, മഹാമന, നമോ ഭാരത് റാപ്പിഡ് റെയിൽ, സബർബൻ ഇതര ട്രെയിനുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ട്രെയിൻ സർവീസുകളുടെ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.