നോർക്കാ റൂട്ട്സ് കരുതൽ സംഗമം – “സ്നേഹകവചം” ഒക്ടോബർ 12 ന് നവിമുംബൈയിൽ

മുംബൈ: പ്രവാസി സമൂഹത്തിൻ്റെ ക്ഷേമവും ആരോഗ്യസുരക്ഷയും ലക്ഷ്യമാക്കി നോർക്കാ റൂട്ട്സ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് - 'നോർക്കാ കെയർ ഹെൽത്ത് ഇൻഷുറൻസ് '. ഒരു കുടുംബത്തിന് ₹13,411 പ്രീമിയത്തിൽ ₹5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭ്യമാകുന്ന ഈ പദ്ധതിയിൽ കൂടുതൽ പേരെ ചേർക്കുന്നതിനും പ്രവാസിമലയാളികളിൽ അവബോധം ഉണ്ടാക്കുന്നതിനുംവേണ്ടി മുംബയിലെ മലയാളി സംഘടനകളുടെയും , കൂട്ടായ്മകളുടെയും സഹകരണത്തോടെ നോർക്ക -മുംബൈ “നോർക്കാ കെയർ കരുതൽ സംഗമം – സ്നേഹകവചം” സംഘടിപ്പിക്കുന്നു.ഒക്ടോബർ 12 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് നവിമുംബൈ - സെക്റ്റർ 2 ,മാപ്പയിലെ റമദാ ഹോട്ടലിൽ നടക്കുന്ന കരുതൽ സംഗമത്തിൽ നോർക്കാ റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും നോർക്കാ റൂട്ട്സ് സി.ഇ.ഒ.അജിത്ത് കോളാശ്ശേരിയും പങ്കെടുക്കും.
സംഗമത്തിന്റെ ഭാഗമായി,“കെയർ ഫോർ മുബൈ” പ്രതിനിധികൾ മലയാളി അസോസിയേഷനുകൾ നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക്, പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായം നൽകും.മുബൈയിലെ ലോക കേരള സ ഭാംഗങ്ങളെയും മലയാളി സംഘടനകളിലെ ഭാരവാഹികളിൽ നിന്നുള്ള പരമാവധി രണ്ട് പ്രതിനിധികളെയും കരുതൽ സംഗമത്തിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നതായി മുംബൈ -നോർക്കാ ഡെവലപ്പ്മെൻറ് ഓഫീസർ റഫീഖ് എസ് അറിയിച്ചു.