"പാകിസ്ഥാൻ ഭീകരതയെ വീണ്ടും മഹത്വവൽക്കരിക്കുന്നു "; ഇന്ത്യ

"പാകിസ്ഥാൻ  ഭീകരതയെ വീണ്ടും മഹത്വവൽക്കരിക്കുന്നു "; ഇന്ത്യ

ന്യൂയോർക്ക്: "പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസംഗം അസംബന്ധ നാടകം . പാകിസ്ഥാൻ്റെ വിദേശനയത്തിൻ്റെ കേന്ദ്രബിന്ദുവായ ഭീകരതയെ വീണ്ടും മഹത്വപ്പെടുത്തുകയാണ്. ഒരു തരത്തിലുള്ള നാടകത്തിനും ഒരു തരത്തിലുള്ള നുണയ്ക്കും വസ്‌തുതകൾ മറച്ചുവക്കാൻ കഴിയില്ല. ജമ്മു കശ്‌മീരിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൂട്ടക്കൊല നടത്തിയ, പാകിസ്ഥാൻ സ്പോൺസർ ചെയ്‌ത ഭീകര സംഘടനയായ 'ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ' യുഎൻ രക്ഷാസമിതിയിൽ സംരക്ഷിക്കാൻ ശ്രമിച്ച അതേ പാകിസ്ഥാനാണിത് " ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റൽ ഗഹ്ലോട്ട്.ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻ്റെ പ്രസംഗത്തിന്  ശക്തമായ മറുപടി നൽകുകയായിരുന്നു പെറ്റൽ ഗഹ്ലോട്ട്. "ഇന്ത്യയുമായുള്ള സമീപകാല സംഘർഷത്തെക്കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി വിചിത്രമായ വിവരണം മുന്നോട്ടുവച്ചു. ഈ വിഷയത്തിൽ രേഖകൾ വ്യക്തമാണ്. മെയ് ഒൻപത് വരെ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തി.എന്നാൽ മെയ് 10ന്, യുദ്ധം അവസാനിപ്പിക്കാൻ അവരുടെ സൈന്യം ഞങ്ങളോട് നേരിട്ട് അഭ്യർഥിച്ചു. ഇന്ത്യൻ സൈന്യം നിരവധി പാകിസ്ഥാൻ വ്യോമതാവളങ്ങൾ നശിപ്പിച്ചതാണ്. വ്യോമതാവളങ്ങൾ ഇല്ലാതാക്കിയ ചിത്രങ്ങൾ തീർച്ചയായും പൊതുജനങ്ങൾക്ക് കാണാൻ കഴിയും. പ്രധാനമന്ത്രി അവകാശപ്പെട്ടതുപോലെ, തകർന്ന റൺവേകളും കത്തിനശിച്ച ഹാംഗറുകളും വിജയം പോലെ തോന്നുന്നുവെങ്കിൽ, പാകിസ്ഥാൻ അത് ആസ്വദിക്കുന്നത് സ്വാഗതം ചെയ്യുന്നു" - പെറ്റൽ ഗഹ്ലോട്ട് പറഞ്ഞു.പാകിസ്ഥാൻ തീവ്രവാദികളെ സംരക്ഷിക്കുകയും തീവ്രവാദത്തിൻ്റെ കേന്ദ്രമെന്ന നിലയിലുള്ള തങ്ങളുടെ പങ്ക് മറച്ചുവക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. മെയ് 10ന് ഇന്ത്യൻ സൈന്യം നിരവധി വ്യോമതാവളങ്ങൾ തകർത്തതിനുശേഷം മാത്രമാണ് ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാൻ്റെ ഭീഷണികൾ അവസാനിച്ചത്. പരിഹാസ്യമായ ആഖ്യാനങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇന്ത്യൻ നയതന്ത്രജ്ഞ തുറന്നടിച്ചു.