പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ സംഘടനയിലെ പ്രധാന സഹായി അറസ്റ്റിൽ

പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ സംഘടനയിലെ പ്രധാന സഹായി അറസ്റ്റിൽ

ന്യുഡൽഹി: പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ സംഘടനയിലെ പ്രധാന സഹായി അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ ഹർമൻദീപ് സിങ് (18) ആണ് അറസ്റ്റിലായത്. ഡൽഹി പൊലീസിൻ്റെ പ്രത്യേക വിഭാഗമാണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമം വഴി ഇന്ത്യൻ യുവാക്കളെ റിക്രൂട്ട് ചെയ്‌ത് ഭീകരാക്രമണങ്ങൾ പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയാണ് തീവ്രവാദ സംഘടന ചെയ്യുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.പ്രതിയായ ഹർമൻദീപ് സിങിൻ്റെ വിദേശ ശൃംഖല നിരീക്ഷിച്ചതിനെ തുടർന്നാണ് ഭട്ടിയുമായുള്ള പ്രതിയുടെ അടുപ്പത്തെക്കുറിച്ച് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ദുർബലരായ യുവാക്കളെ ലക്ഷ്യം വച്ച് പണം, അംഗീകാരം, ആഡംബര ജീവിതശൈലി എന്നിവ വാഗ്‌ദാനം ചെയ്‌താണ് ഭീകരാക്രമണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സ്‌പെഷ്യൽ സെൽ) നര ചൈതന്യ പറഞ്ഞു.പ്രതി ഒന്നിലധികം സമൂഹ മാധ്യമങ്ങളിലൂടെ ഭട്ടിയുമായും കൂട്ടാളികളുമായും പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തീവ്രവാദികളുമായി നടത്തിയ കുറ്റകരമായ സംഭാഷണങ്ങളും അവരുടെ നിർദേശപ്രകാരം നടത്തിയ പ്രവർത്തനങ്ങളുടെ ഫോട്ടോകളും വീഡിയോകളും പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.