ജനിച്ച്‌ 5 ദിവസത്തിന് ശേഷം മരണപ്പെട്ട കുഞ്ഞിൻ്റെ ശരീരം മാതാപിതാക്കൾ പഠനത്തിനായി നൽകി

ജനിച്ച്‌ 5 ദിവസത്തിന് ശേഷം മരണപ്പെട്ട കുഞ്ഞിൻ്റെ ശരീരം മാതാപിതാക്കൾ പഠനത്തിനായി നൽകി

മുംബൈ: മസ്‌തിഷ്‌ക മരണ ശേഷം നാല് കുഞ്ഞുങ്ങൾക്ക് പുതു ജീവനേകിയ ആലിന്‍ ഷെറിൻ എബ്രഹാം എന്ന പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് കേരളത്തിൻ്റെ  നൊമ്പരമായിട്ട് അധികദിവസം ആയില്ല. അതുപോലൊരു  സംഭവം മഹാരാഷ്‌ട്രയിലും നടന്നിരിക്കുന്നു. ജൽനയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം മരിച്ചപ്പോള്‍ കുഞ്ഞിൻ്റെ  മൃതശരീരം മാതാപിതാക്കൾ പഠനത്തിനായി നൽകി. ജൽനയിൽ നിന്നുള്ള ഡോക്‌ടർ ദമ്പതികളാണ് അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിൻ്റെ മൃതദേഹം മെഡിക്കൽ കോളജിൽ പഠനത്തിനായി നല്‍കിയത്.

മൃതദേഹം ദാനം ചെയ്യുന്നതിനിടെ, അമ്മ തൻ്റെ മരിച്ച കുഞ്ഞിനെ ചുംബിച്ചു. മൃതദേഹം ഡോക്‌ടർമാർക്ക് കൈമാറിയ രംഗം കണ്ട് നിന്നവരുടെയെല്ലാം കണ്ണുകള്‍ ഈറനണിയിച്ചു. ജൽനയിലെ സഞ്ജീവനി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അതിവൈകാരികമായ ഈ സംഭവങ്ങള്‍ നടന്നത്   . ഡോക്‌ടർ ദമ്പതികളുടെ പ്രവൃത്തി അഭിനന്ദനാർഹമാണെന്നും മെഡിക്കൽ പഠനത്തിന് വളരെയധികം സഹായകമാകാനും ശരീരദാനത്തെക്കുറിച്ച് സമൂഹത്തിൽ പൊതുജന അവബോധം വർധിപ്പിക്കാനും ഇത് കാരണമാകുമെന്നും ശിശുരോഗവിദഗ്‌ധൻ ഡോ. കൈലാഷ് രാജ്‌ഗുരു പ്രതികരിച്ചു.2026 ഫെബ്രുവരി 10 നാണ് ഡോ. സോണാലി ദഹിഭാതെയുടെയും ഡോ. ​​ഉദയ് ദഹിഭാതെയുടെയും വീട്ടിൽ ഒരു കുഞ്ഞ് ജനിക്കുന്നത്. മാസം തികയാതെ പിറന്നതിനാല്‍ കുഞ്ഞിന്‍റെ ആരോഗ്യം മോശമായിരുന്നു. ഇതേത്തുടർന്ന് കുഞ്ഞിനെ നഗരത്തിലെ സഞ്ജീവനി മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ എൻഐസിയു വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർമാർ പരമാവധി ശ്രമിച്ചിട്ടും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. വൈകാരികമായി തളരുന്നതിന് പകരം, കുഞ്ഞിൻ്റെ പിതാവ് ഡോ. ഉദയ് ദഹിഭാട്ടെ, സമൂഹത്തിന് ഒരു മാതൃക കാട്ടി. ശിശുവിൻ്റെ മൃതദേഹം ദാനം ചെയ്യാനാണ് അദ്ദേഹം തീരുമാനിച്ചത്. ഇതിനുശേഷം, കുഞ്ഞിൻ്റെ മൃതദേഹം മെഡിക്കൽ പഠനത്തിനും ഗവേഷണത്തിനുമായി ജൽന ഗവൺമെൻ്റ് മെഡിക്കൽ കോളജിന് കൈമാറി.