അന്വേഷണത്തില്‍ സഹായിക്കാന്‍ ഇനി പാർട്ടി പ്രവർത്തകരും: രാജസ്ഥാൻ പൊലീസ് ചട്ടങ്ങളിൽ നിർണായക ഭേദഗതി

 അന്വേഷണത്തില്‍ സഹായിക്കാന്‍ ഇനി  പാർട്ടി പ്രവർത്തകരും: രാജസ്ഥാൻ പൊലീസ് ചട്ടങ്ങളിൽ നിർണായക ഭേദഗതി

Photo: Rajasthan CM Bhajanlal Sharma

ജയ്‌പൂർ: രാജസ്ഥാനിൽ പൊലീസിനെ ക്രമസമാധാന പരിപാലനത്തിലും പ്രാദേശിക രഹസ്യാന്വേഷണത്തിലും സഹായിക്കുന്ന കമ്മ്യൂണിറ്റി ലെയ്‌സൺ ഗ്രൂപ്പുകളിൽ രാഷ്‌ട്രീയ പാർട്ടി പ്രവർത്തകർക്കും അംഗങ്ങളാകാമെന്ന് ബിജെപി സർക്കാരിൻ്റെ നിർണായക തീരുമാനം. ഇതിനായി രാജസ്ഥാൻ പൊലീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കി. 

2008 ലെ രാജസ്ഥാൻ പൊലീസ് ചട്ടങ്ങളിലെ സബ് റൂൾ (5) ലെ 'സി' വകുപ്പാണ് സർക്കാർ റദ്ദാക്കിയത് . രാഷ്‌ട്രീയ പാർട്ടികളിലോ അവയുടെ പോഷക സംഘടനകളിലോ പ്രവർത്തിക്കുന്നവർക്ക് സി എൽ ജി സമിതികളിൽ അംഗത്വം നൽകരുതെന്ന വ്യവസ്ഥയാണ് ജൂലൈ 20 ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയത്. ഇതൊഴികെ അംഗത്വത്തിനുള്ള മറ്റ് അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് വിലക്ക് തുടരും

രാഷ്‌ട്രീയ പ്രവർത്തകർക്ക് വഴിതുറന്നുവെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളവർക്കുള്ള വിലക്ക് അതേപടി തുടരും.കോടതി ശിക്ഷിച്ചവർ,നിലവിൽ ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നവർ,കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരോ കുറ്റവാളികളുമായി ബന്ധമുള്ളവരോവസ്‌തു തർക്കങ്ങളിലോ മറ്റ് സിവിൽ കേസുകളിലോ ഉൾപ്പെട്ടിട്ടുള്ളവർ എന്നിവർക്ക് കമ്മ്യൂണിറ്റി ലെയ്‌സൺ ഗ്രൂപ്പുകളിൽ അംഗമാകാൻ അർഹതയുണ്ടായിരിക്കില്ല.

കമ്മ്യൂണിറ്റി ലെയ്‌സൺ ഗ്രൂപ്പുകൾ:

പൊലീസിനും പൊതുജനങ്ങൾക്കുമിടയിൽ ഒരു പാലമായി പ്രവർത്തിക്കുന്ന ജനകീയ സമിതികളാണ് കമ്മ്യൂണിറ്റി ലെയ്‌സൺ ഗ്രൂപ്പുകൾ (CLG). തദ്ദേശീയ തലത്തിൽ വിവരങ്ങൾ ശേഖരിക്കുക, കുറ്റകൃത്യങ്ങൾ തടയുക, പൊതുസമാധാനം നിലനിർത്തുക എന്നിവയിൽ പൊലീസിനെ സഹായിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിലോ ഗ്രാം പഞ്ചായത്തിലോ ഉള്ള പ്രാദേശികവാസികളായ, നന്മയും നല്ല സ്വഭാവമഹിമയുമുള്ള പൗരന്മാരെയാണ് ഈ സമിതികളിലേക്ക് തെരഞ്ഞെടുക്കുന്നത്.ജനകീയ പൊലീസിംഗിനെ സാധാരണക്കാരിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് രൂപീകരിച്ച കമ്മ്യൂണിറ്റി ലെയ്‌സൺ ഗ്രൂപ്പുകളിൽ (CLG) രാഷ്ട്രീയ പ്രവർത്തകർക്ക് പ്രവേശനം നൽകുന്നത് സ്വാഗതാർഹമാണെന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോൾ, ഇത് പൊലീസിൻ്റെ നിഷ്‌പക്ഷതയെയും പ്രവർത്തനങ്ങളെയും ബാധിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.പ്രാദേശിക സമാധാന പരിപാലനത്തിലും വിവരശേഖരണത്തിലും ഈ തീരുമാനം എങ്ങനെയെല്ലാം പ്രതിഫലിക്കുമെന്നത് വരും ദിവസങ്ങളിൽ സമിതികളുടെ പ്രവർത്തനം വിലയിരുത്തി മാത്രമേ വ്യക്തമാകൂ. ജനകീയ സമിതികളിലെ അംഗത്വ മാനദണ്ഡങ്ങളെ ഈ തീരുമാനം പൂർണമായും പുനർനിർവചിക്കുകയാണ്. രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്ക് വിലക്കില്ലെങ്കിലും, ക്രിമിനൽ പശ്ചാത്തലമില്ലാത്ത നല്ല സ്വഭാവമഹിമയുള്ള പൗരന്മാരെ മാത്രമേ സമിതികളിൽ ഉൾപ്പെടുത്തൂ എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഇനി പൊലീസിനുണ്ട്.