പിഎഫ് പിന്‍വലിക്കല്‍ ഇനി ലളിതം, സുപ്രധാന തീരുമാനങ്ങളുമായി ഇപിഎഫ്ഒ
ന്യൂഡല്‍ഹി: ഏഴ് കോടിയിലധികം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അംഗങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന സുപ്രധാന തീരുമാനങ്ങള്‍ക്ക് ബോര്‍ഡ് അംഗീകാരം നല്‍കി. ഭാഗികമായി പിഎഫ് പിന്‍വലിക്കാനുള്ള നിയമങ്ങള്‍ ഉദാരവല്‍ക്കരിക്കുന്നതോടെ ഇനി 100 ശതമാനം വരെ തുക പിഎഫ് അംഗങ്ങള്‍ക്ക് പിന്‍വലിക്കാന്‍ സാധിക്കും.
തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍.ഇപിഎഫ് അംഗങ്ങളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗിക പിന്‍വലിക്കലിനായുള്ള 13 സങ്കീര്‍ണ്ണമായ വ്യവസ്ഥകളെ ലളിതമാക്കി ഒരൊറ്റ നിയമമാക്കി മാറ്റി. ഇനി മുതല്‍, അംഗങ്ങള്‍ക്ക് ആവശ്യകതയുടെ കാരണം വ്യക്തമാക്കാതെ തന്നെ പ്രോവിഡന്‍റ് ഫണ്ടിലെ തുകയുടെ 100 ശതമാനം വരെ പിന്‍വലിക്കാന്‍ കഴിയും.വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 10 തവണ വരെയും വിവാഹം, വിദ്യാഭ്യാസം എന്നിവയ്ക്കായി 5 തവണ വരെയും ഭാഗിക പിന്‍വലിക്കല്‍ നടത്താം. (നിലവില്‍ വിവാഹം, വിദ്യാഭ്യാസം എന്നിവയ്ക്ക് ആകെ 3 തവണ എന്നതായിരുന്നു പരിധി).
കൂടാതെ, എല്ലാ ഭാഗിക പിന്‍വലിക്കലുകള്‍ക്കുമുള്ള ഏറ്റവും കുറഞ്ഞ സേവന കാലാവധി 12 മാസമായി ഏകീകരിച്ചു. 'പ്രത്യേക സാഹചര്യങ്ങള്‍' എന്ന വിഭാഗത്തിന് കീഴില്‍ പിന്‍വലിക്കലിന് മുമ്പ് കാരണം നല്‍കേണ്ടതുണ്ടായിരുന്നു. പുതിയ നിയമപ്രകാരം, ഈ വിഭാഗത്തില്‍ ഒരു കാരണവും നല്‍കാതെ തന്നെ അംഗത്തിന് അപേക്ഷിക്കാം.എങ്കിലും, ഉയര്‍ന്ന പലിശ നിരക്കിലുള്ള കോമ്പൗണ്ടിങ് ആനുകൂല്യങ്ങള്‍ അംഗങ്ങള്‍ക്ക് തുടര്‍ന്നും ലഭിക്കുന്നതിനായി, അക്കൗണ്ടിലെ ആകെ തുകയുടെ 25 ശതമാനം എപ്പോഴും മിനിമം ബാലന്‍സായി നിലനിര്‍ത്തണം. ഈ ലളിതവല്‍ക്കരണം കാരണം ക്ലെയിമുകള്‍ 100 ശതമാനം ഓട്ടോമാറ്റിക് ആയി തീര്‍പ്പാക്കാനും എളുപ്പമാകും.ഇതു കൂടാതെ, പിഎഫിന്‍റെ അകാല അന്തിമ തീര്‍പ്പാക്കല്‍ കാലാവധി 2 മാസത്തില്‍ നിന്ന് 12 മാസമായും, അന്തിമ പെന്‍ഷന്‍ പിന്‍വലിക്കല്‍ 2 മാസത്തില്‍ നിന്ന് 36 മാസമായും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.
കേസുകള്‍ കുറയ്ക്കുന്നതിനായി ഇപിഎഫ്ഒ 'വിശ്വാസ് പദ്ധതി'യും പുതിയതായി ആവിഷ്‌കരിച്ചിട്ടുണ്ട്. പിഎഫ് കുടിശികകള്‍ വൈകി അടച്ചതിന് ചുമത്തുന്ന പിഴ സംബന്ധിച്ച കേസുകളാണ് കൂടുതലും. നിലവില്‍ 2,406 കോടി രൂപയുടെ പിഴ കുടിശികയുണ്ട്, 6000-ത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം, പിഴയുടെ നിരക്ക് പ്രതിമാസം 1 ശതമാനമായി കുറയ്ക്കും. (കുറഞ്ഞ ദിവസങ്ങളിലെ വീഴ്ചകള്‍ക്ക് ഗ്രേഡഡ് ഇളവുകള്‍ ഉണ്ടാകും).നിലവിലുള്ള എല്ലാ വ്യവഹാര കേസുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ നിലവിലുള്ള കേസുകള്‍ ഒഴിവാക്കപ്പെടും.ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ്സ് ബാങ്കുമായി സഹകരിച്ച് പെന്‍ഷന്‍കാര്‍ക്ക് വീട്ടിലിരുന്ന് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരം നല്‍കും. ഇതിന്‍റെ മുഴുവന്‍ ചെലവും (ഒരു സര്‍ട്ടിഫിക്കറ്റിന് 50 രൂപ) ഇപിഎഫ്ഒ വഹിക്കും. ഇത് ഗ്രാമപ്രദേശങ്ങളിലെ പെന്‍ഷന്‍കാര്‍ക്ക് ഏറെ സഹായകമാകും.ഇപിഎഫ്ഒ 3.0 ന്‍റെ ഭാഗമായി, പിഎഫ് സേവനങ്ങള്‍ നവീകരിക്കുന്നതിന് ഒരു സമഗ്ര അംഗ-കേന്ദ്രീകൃത ഡിജിറ്റല്‍ പരിവര്‍ത്തന ചട്ടക്കൂടിനും ബോര്‍ഡ് അംഗീകാരം നല്‍കി. ഇത് ക്ലെയിമുകള്‍ വേഗത്തിലാക്കാനും തടസങ്ങളില്ലാത്ത സേവനങ്ങള്‍ നല്‍കാനും സഹായിക്കും


