'ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍': വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയാണെന്നു ഇപ്പോഴും കരുതുന്നു " : പിണറായി

'ബിനോയ് വിശ്വം അല്ല പിണറായി വിജയന്‍': വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്   ശരിയാണെന്നു  ഇപ്പോഴും കരുതുന്നു " : പിണറായി

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ കണ്ടാല്‍ ചിരിക്കുകയോ, ചിലപ്പോള്‍ കൈകൊടുക്കുകയോ ചെയ്യുമെന്നതിനപ്പുറം ഒരിക്കലും കാറില്‍ കയറ്റില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പരാമര്‍ശത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തോട് കുപിതനായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനോയ് വിശ്വമല്ല പിണറായി വിജയനെന്നായിരുന്നു ചോദ്യത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

പിണറായി വിജയന്‍ സ്വീകരിച്ചത് പിണറായി വിജയൻ്റെ നിലപാടാണ്. ബിനോയ് വിശ്വത്തിന് അങ്ങനെയൊരു നിലപാടുണ്ടാകും, അദ്ദേഹം കാറില്‍ കയറ്റില്ലായിരിക്കും. താന്‍ കാറില്‍ കയറ്റിയത് ശരിയാണ്. അതു ശരിയാണെന്നു തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതില്‍ ഒരു തെറ്റുമില്ല. അതിപ്പോഴും ശരിയാണെന്നു തന്നെയാണ് കാണുന്നത്. ഇക്കാര്യത്തില്‍ പറയേണ്ട കാര്യങ്ങള്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം സിപിഐക്കാര്‍ ചതിയന്‍ ചന്തുമാരാണെന്ന വെള്ളാപ്പള്ളി നടേശൻ്റെ അഭിപ്രായം മുഖ്യമന്ത്രി തള്ളി. ആ പാര്‍ട്ടി എല്‍ഡിഎഫില്‍ സിപിഎമ്മിനൊപ്പം പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കക്ഷിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതൊരു ഇടതു പക്ഷ പാര്‍ട്ടിയാണ്. നല്ല ഊഷ്മളമായ ബന്ധമാണ് മുന്നണി കാര്യത്തില്‍ ആ പാര്‍ട്ടിയുമായി ഉള്ളത്. മുന്നണി കാര്യത്തില്‍ ഒരു വഞ്ചനയും ചതിയും കാണിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്ന അഭിപ്രായം സിപിഎമ്മിന് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ നയിക്കുന്നത് താനാണോ അല്ലയോ എന്ന പ്രശ്‌നത്തിലേക്ക് ഇപ്പോള്‍ കടക്കേണ്ടതില്ല. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ആരു നയിക്കണമെന്ന കാര്യം വ്യക്തിപരമായി താന്‍ തീരുമാനിക്കുന്നതല്ല. പാര്‍ട്ടി എന്ന നിലയ്ക്ക് ആലോചിച്ചു തീരുമാനിക്കുന്ന കാര്യമാണ്. ഉചിതമായ സമയത്ത് അക്കാര്യത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തും.