ധര്‍മ്മേന്ദ്രയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പിണറായി വിജയന്‍

മുംബൈ: ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്രയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്‌ഠ നേടിയ പ്രതിഭയെയാണ് ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്‌ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.
"ദേശ ഭാഷാഭേദങ്ങള്‍ ഇല്ലാതെ തലമുറകളുടെ പ്രിയ നായകനായി ചിരപ്രതിഷ്‌ഠ നേടിയ പ്രതിഭയെയാണ് ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയുടെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്‌ടമായിരിക്കുന്നത്. ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷപ്പകർച്ചകളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.അറുപതുകളിലെയും എഴുപതുകളിലെയും ബോളിവുഡ് സിനിമകളിലെ നിത്യസാന്നിധ്യമായിരുന്നു ധർമേന്ദ്ര. ഷോലെ പോലെയുള്ള ക്ലാസ്സിക്കുകളിലെ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ അവിസ്‌മരണീയമാണ്. രാജ്യാതിർത്തികൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്‍റെ ജനപ്രീതി പടർന്നു.
സോവിയറ്റ് യൂണിയൻ അടക്കമുള്ള രാഷ്ട്രങ്ങളിൽ ധർമേന്ദ്ര ചെയ്‌ത കഥാപാത്രങ്ങൾ വലിയ പ്രചാരം നേടി. പത്‌മഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ തന്‍റെ നീണ്ട അഭിനയ ജീവിതത്തിനിടെ അദ്ദേഹത്തെ തേടിയെത്തി. പൊതുരാഷ്ട്രീയത്തിലും സജീവമായിരുന്നു ധർമേന്ദ്ര. ധർമേന്ദ്രയുടെ വിയോഗം സൃഷ്‌ടിച്ച ദുഃഖത്തിൽ രാജ്യത്തെ ലക്ഷക്കണക്കിന് ആരാധകരോടൊപ്പം പങ്കുചേരുന്നു." -മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ധര്‍മ്മേന്ദ്രയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. ഇന്ത്യൻ സിനിമയിലെ പകരം വയ്‌ക്കാനില്ലാത്ത പ്രതിഭ എന്നാണ് ധര്‍മ്മേന്ദ്രയെ മന്ത്രി ശിവന്‍കുട്ടി ഉപമിച്ചിരിക്കുന്നത്. ബോളിവുഡിന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട ആക്ഷൻ ഹീറോ ആയിരുന്ന ധർമേന്ദ്രയുടെ വിയോഗ വാർത്ത അതീവ ദുഃഖകരമാണെന്ന് മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു."ഇതിഹാസ താരം ധർമേന്ദ്രയ്‌ക്ക് ആദരാഞ്ജലികൾ. ഇന്ത്യൻ സിനിമയിലെ പകരം വയ്‌ക്കാനില്ലാത്ത പ്രതിഭയും, ബോളിവുഡിന്‍റെ എക്കാലത്തെയും പ്രിയപ്പെട്ട 'ആക്ഷൻ ഹീറോ'യും ആയിരുന്ന ധർമേന്ദ്രയുടെ വിയോഗ വാർത്ത അതീവ ദുഃഖകരമാണ്. ആറ് പതിറ്റാണ്ടിലധികം നീണ്ട തന്‍റെ അഭിനയ ജീവിതത്തിലൂടെ ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്‍റേതായ ഇടം കണ്ടെത്തിയ മഹാനടനെയാണ് നമുക്ക് നഷ്‌ടമായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ വിയോഗം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്‌ടമാണ്." -മന്ത്രി വി ശിവന്‍കുട്ടി കുറിച്ചു.
ഇന്ത്യന്‍ സിനിമയ്‌ക്കും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും അഗാധമായ ദു:ഖമാണ് ധര്‍മ്മേന്ദ്രയുടെ വിയോഗം സമ്മാനിച്ചിരിക്കുന്നത്. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന താരം അടുത്തിടെയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്നും വീട്ടിലേയ്‌ക്ക് മടങ്ങിയെത്തിയത്.