കേരളത്തിലെ നവീകരിച്ച റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും

കണ്ണൂർ : അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിർമ്മിച്ച റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം ഓൺലൈനായി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിനിർവഹിക്കുo .തലശ്ശേരി, അങ്കമാലി, ചാലക്കുടി, തിരൂർ, പരപ്പനങ്ങാടി, നിലമ്പൂർ റോഡ്, ഫറോക്ക് എന്നീ സ്റ്റേഷനുകളാണ് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നത്.
കേരളത്തിൽ അമൃത് ഭാരത് പദ്ധതിയിലൂടെ ഒന്നാം ഘട്ടത്തിൽ നവീകരണം പൂർത്തിയാക്കിയ സ്റ്റേഷനുകളിൽ ഒന്നാണ് തലശ്ശേരി.തലശ്ശേരിയുടെ ചരിത്രപരവും സാംസ്കാരികവുമായ തനിമ നിലനിർത്തിക്കൊണ്ടാണ് സ്റ്റേഷൻ നവീകരിച്ചിരിക്കുന്നത്. മലബാറിന്റെ പൈതൃകം പ്രതിഫലിപ്പിക്കുന്ന രൂപകൽപ്പനയാണ് ഇതിനായി സ്വീകരിച്ചിരിക്കുന്നത്. യാത്രക്കാർക്കായി മികച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ, നവീകരിച്ച പ്ലാറ്റ്‌ഫോമുകൾ, മനോഹരമായ പ്രവേശന കവാടങ്ങൾ, രണ്ട് പുതിയ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ആധുനിക എൽഇഡി ലൈറ്റുകൾ, മികച്ച ഡിജിറ്റൽ വിവര ബോർഡുകൾ എന്നിവ സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്.
മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും തടസ്സമില്ലാതെ സഞ്ചരിക്കാൻ ടാക്ടൈൽ വാക്ക്‌വേകൾ, റാംപുകൾ, ഉയരം കുറഞ്ഞ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകൾ, പ്രത്യേക ശുചിമുറികൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്‌ഫോം പ്രവേശന കവാടത്തിന് സമീപം ഒരുക്കുന്ന പ്രത്യേക പന്തലിൽ പ്രാദേശികമായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുക്കും.