പിഎം ശ്രീ പദ്ധതി: കരാർ പുനഃപരിശോധിക്കാൻ ഏഴംഗ മന്ത്രിസഭ ഉപസമിതിയെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുനഃപരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചു. ഈ വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഏഴംഗ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ റിപ്പോർട്ട് ലഭിക്കുന്നതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തുടർനടപടികളും നിർത്തിവയ്ക്കും. ഈ തീരുമാനം കേന്ദ്രസർക്കാരിനെ കത്ത് മുഖേന അറിയിക്കുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ധാരണാപത്രം ഒപ്പുവച്ച് ഏഴാം ദിവസമാണ് പദ്ധതിയിൽനിന്ന് സർക്കാർ താത്കാലികമായി പിൻവാങ്ങുന്നത്.പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായ ഉപസമിതിയിൽ കെ രാജൻ, റോഷി അഗസ്റ്റിൻ, പി രാജീവ്, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. സിപിഐ ഉയർത്തിയ ശക്തമായ പ്രതിഷേധമാണ് സർക്കാരിൻ്റെ ഈ നടപടിക്ക് കാരണം. ഉപസമിതിയിൽ സിപിഐയിൽനിന്നുള്ള രണ്ട് മന്ത്രിമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം-സിപിഐ തർക്കം ഇതോടെ പരിഹാരത്തിലേക്ക് എത്തുകയാണ്.
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്‌ഐആർ)
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്‌ഐആർ) രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ അവഗണിച്ചുകൊണ്ട് തിടുക്കത്തിൽ നടപ്പാക്കുന്നതിലുള്ള ആശങ്കയും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനം ഉൾപ്പെടെയുള്ള രാജ്യത്തെ സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കപ്പെട്ടു നടപ്പാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ തീരുമാനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്.നമ്മുടെ രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്ക്ക് തന്നെ വെല്ലുവിളി ഉയർത്തുന്ന ഈ നീക്കത്തിൻ്റെ അപകടം ചൂണ്ടിക്കാട്ടി കേരള നിയമസഭ ഐകകണ്ഠ്യേന നേരത്തെ പ്രമേയം അംഗീകരിച്ചതാണ്. എസ്‌ഐആർ നടപ്പാക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നും സുതാര്യമായ വോട്ടർ പട്ടിക പുതുക്കൽ നടക്കണമെന്നുമാണ് നിയമസഭ ആവശ്യപ്പെട്ടത്. രാഷ്ട്രീയപാർട്ടികളുടെയും സംസ്ഥാനതെരഞ്ഞെടുപ്പ് ഓഫിസറുടെ തന്നെയും അഭിപ്രായം അവഗണിച്ച് എസ്‌ഐആർ നടപ്പാക്കും എന്ന തീരുമാനമാണ് ഇപ്പോൾ എടുത്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.സിപിഎം മുന്നോട്ട് വച്ച സമവായത്തിന് സിപിഐ വഴങ്ങിയതിനെ തുടർന്നാണ് ഈ തീരുമാനം. മന്ത്രിസഭായോഗത്തിൽ സിപിഐയിലെ നാല് മന്ത്രിമാരും പങ്കെടുത്തിരുന്നു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ഉയർന്ന വിവാദങ്ങളും ആശങ്കകളും കണക്കിലെടുത്താണ് റിവ്യൂ നടത്താൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കുന്നതിനായി അടുത്ത മാസം നവംബർ 5-ന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ച് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.