പ്രമാദമായ രാജൻ കൊലക്കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ.കെ. അബ്ദുൾ ഗഫാർ അന്തരിച്ചു |

കാസര്‍കോട്: അടിയന്തരാവസ്ഥ കാലത്തെ കേരളത്തെ പിടിച്ചുലച്ച രാജൻ കൊലക്കേസിലെ ഏക ദൃക്സാക്ഷിയായ പ്രൊഫസർ കെ.കെ. അബ്ദുൾ ഗഫാർ (89) അന്തരിച്ചു . കാസർകോട് വെച്ചായിരുന്നു അന്ത്യം. കോഴിക്കോട് എൻജിനീയറിങ് കോളേജ് (ആർ.ഇ.സി) മുൻ അധ്യാപകനായിരുന്ന അദ്ദേഹം, വിദ്യാഭ്യാസ രംഗത്തും സാമൂഹിക മേഖലയിലും വലിയ സംഭാവനകൾ നൽകിയ,കേരളത്തിന് അകത്തും പുറത്തുമായി വിപുലമായ ഔദ്യോഗിക ജീവിതം നയിച്ച വ്യക്തിയുമായിരുന്നു പ്രൊഫസർ ഗഫാർ.
കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജ്, കോഴിക്കോട് ആർ.ഇ.സി എന്നിവിടങ്ങളിൽ അധ്യാപകനായും ഭട്കൽ എൻജിനീയറിങ് കോളേജിൽ പ്രിൻസിപ്പലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ സൗദി അറേബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയിൽ എൻജിനീയറായും, യമനിലെ ഏഡനിൽ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിച്ച ഇന്ത്യൻ സംഘത്തിലും അംഗമായിരുന്നു. അജ്മാൻ ഗൾഫ് മെഡിക്കൽ കോളേജിൻ്റെ സ്ഥാപകനും അഡ്മിനിസ്ട്രേഷൻ ഡയറക്ടറുമായിരുന്നു.
അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട എൻജിനീയറിങ് വിദ്യാർത്ഥി രാജൻ്റെ കേസിൽ നിർണ്ണായകമായ സാക്ഷിമൊഴി നൽകിയത് പ്രൊഫസർ ഗഫാറായിരുന്നു. നീതിക്കുവേണ്ടിയുള്ള രാജൻ്റെ അച്ഛൻ ഈച്ചര വാര്യരുടെ പോരാട്ടത്തിൽ വലിയൊരു കരുത്തായി അദ്ദേഹത്തിൻ്റെ സാക്ഷിമൊഴി മാറിയിരുന്നു. ഉമ്മുൽ ബർക്കത്ത് ജമീലയാണ് ഭാര്യ. ഫരീദ ഗഫാർ, ഡോ. ജമാലുന്നിസ ഗഫാർ, ഷഹനാസ് ഗഫാർ, ഡോ. ഷാജിർ ഗഫാർ എന്നിവരാണ് മക്കൾ.