കേരളയെ കേരളം ആക്കിയ നടപടിയിൽ നരേന്ദ്രമോദിക്ക് നന്ദി അറിയിയച്ച്‌ പ്രമുഖ മലയാളി സാഹിത്യകാരന്മാർ

കേരളയെ കേരളം ആക്കിയ നടപടിയിൽ നരേന്ദ്രമോദിക്ക് നന്ദി അറിയിയച്ച്‌ പ്രമുഖ മലയാളി സാഹിത്യകാരന്മാർ

ന്യൂഡൽഹി: സംസ്ഥാനത്തിൻ്റെ പേര് കേരള എന്നതിൽ നിന്നും കേരളം എന്ന് പുനർനാമകരണം ചെയ്‌ത നടപടിയിൽ പ്രമുഖ മലയാളി സാഹിത്യകാരന്മാർപ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നേരിട്ട് നന്ദി അറിയിച്ചു. മുതിർന്ന ഗാനരച താവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പി, എഴുത്തുകാരൻ ജോർജ് ഓണക്കൂർ, കവി ജി. മധുസൂദനൻ നായർ, കേന്ദ്ര ബാല സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് ശ്രീജിത്ത് മൂത്തേടത്ത്, മുതിർന്ന പത്രപ്രവർത്തകൻ പി ശ്രീകുമാർ, പ്രൊ ഡോ എ എം ഉണ്ണികൃഷ്‌ണൻ, ബിജപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരുടെ സംഘമാണ് മോദിയെ സന്ദർശിക്കാൻ ഡൽഹിയിലെത്തിയത് .70 വർഷമായി നമ്മുടെ സംസ്ഥാനത്തിൻ്റെ ശരിയായ പേര് കേരളം എന്ന് പുനർനാമകരണം ചെയ്യണമെന്ന ആഗ്രഹം പൂർത്തീകരിക്കപ്പെടാതെ കിടക്കുകയായിരുന്നു എന്നും എന്നാൽ ഇപ്പോൾ അത് പരിഹരിച്ചിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

"ഇന്ന്, നമ്മുടെ സാഹിത്യ-സാംസ്‌കാരിക പൈതൃകത്തിലെ ഈ വിശിഷ്‌ട ശബ്‌ദങ്ങൾ മലയാളി തലമുറകളുടെ ദീർഘകാല വികാരത്തെ ആദരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വ്യക്തിപരമായി നന്ദി അറിയിച്ചു. ഈ ചരിത്ര നാഴികക്കല്ല് നമ്മുടെ നാഗരികവും സാംസ്‌കാരികവുമായ വേരുകളുടെ യഥാർഥ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുന്നു," - രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം സത്യത്തെ തെളിയിക്കുന്നു എന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

 മലയാള സാഹിത്യകാർക്ക്  നന്ദി അറിയിച്ച് പ്രധാനമന്ത്രി 

സംസ്ഥാനത്തിൻ്റെ പേര് ‘കേരള’ എന്നതിൽനിന്ന് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്‌തതിൽ നന്ദി അറിയിക്കാനെത്തിയ പ്രമുഖ മലയാളി സാഹിത്യകാരന്മാരുടെ സംഘത്തിന് ആതിഥ്യമരുളാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ഇവരുമായുള്ള ആശയവിനിമയം അങ്ങേയറ്റം ഉൾക്കാഴ്‌ചയുള്ളതായിരുന്നു എന്നും മോദി എക്‌സിൽ കുറിച്ചു. കേരളത്തോടും മലയാളത്തോടുമുള്ള അഗാധമായ പ്രതിജ്ഞാബദ്ധതയും കൂടിക്കാഴ്‌ചയിൽ പ്രതിഫലിച്ചു എന്നും മോദി കൂട്ടിച്ചേർത്തു.നേരത്തെ കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. ഭരണഘടനയിൽ കേരളയ്ക്ക് പകരം കേരളം എന്ന് നിർദ്ദേശിക്കുന്ന ബില്ലാണ് മന്ത്രിസഭ യോഗം അംഗീകരിച്ചത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. കേരള എന്ന് ഇംഗ്ലീഷിലും കേരൾ എന്ന് ഹിന്ദിയിലും ഉപയോഗിക്കുന്നത് ഒഴിവാക്കി സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നാക്കണമെന്ന് നേരത്തെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.