"ക്രിസ്‌മസ് ആഘോഷങ്ങൾ വീട്ടിൽ മതി": കരോൾ സംഘത്തിനെതിരെ പ്രതിഷേധം

ന്യുഡൽഹി : ഡൽഹിയിൽ കരോൾ സംഘത്തെ തടഞ്ഞ് നാട്ടുകാർ, ലജ്‌പത് നഗറിലാണ് കരോൾ സംഘത്തിൻ്റെ ക്രിസ്‌മസ് ആഘോഷം ഒരു സംഘം തടഞ്ഞത്. ക്രിസ്‌തീയ മത വിശ്വാസവുമായി ബന്ധപ്പെട്ട ലഘുലേഖകൾ വിതരണം ചെയ്യുകയാണെന്നും നിരവധി ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയാണെന്നും പ്രദേശവാസികൾ പറഞു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.സാന്താക്ലോസിൻ്റെ വസ്‌ത്രം ധരിച്ച സ്ത്രീകളേയും കുട്ടികളേയുമാണ് സംഘം തടയുന്നതായി വീഡിയോയിൽ കാണുന്നത്. ചുവന്ന തൊപ്പി ധരിച്ച സ്ത്രീകളോട് പ്രദേശം വിട്ട് പോകാനും സംഘം ആവശ്യപ്പെടുന്നതായി വീഡിയോയിൽ വ്യക്തമാണ്. ക്രിസ്‌മസ് ആഘോഷങ്ങളും മറ്റ് പ്രവർത്തനങ്ങളും വീട്ടിലിരുന്ന് മതിയെന്ന് ആക്രോശിക്കുന്നതായും വീഡിയോയിലുണ്ട്.ക്രിസ്‌തീയ മത വിശ്വാസവുമായി ബന്ധപ്പെട്ട ലഘു ലേഖകൾ ഇവർ വിതരണം ചെയ്യുകയാണെന്നും നിരവധി ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു. കരോൾ സംഘത്തോട് കടുത്ത ഭാഷയിൽ പെരുമാറുന്ന പ്രദേശവാസികളെ വീഡിയോയിൽ കാണാം.
സമാന സംഭവം മധ്യപ്രദേശിലും നടന്നു . ബിജെപിയുടെ പ്രാദേശിക വനിതാ നേതാവിൻ്റെ നേതൃത്വ ത്തിലുള്ള ഒരു വിഭാഗമാണ് കരോൾ സംഘത്തിനെതിരെ മതപരിവർത്തന ശ്രമമെന്നാരോപിച്ച് രംഗത്തുവന്നത് .

കരോൾ സംഘത്തെ ആക്രമിച്ച സംഭവം :കള്ളുകുടിച്ചാണ് കരോൾ നടത്തിയതെന്ന് കൃഷ്ണകുമാർ
പാലക്കാട്ട് : കരോൾ സംഘത്തിൽ പെട്ട കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ. കള്ളുകുടിച്ചാണ് കരോൾ നടത്തിയതെന്ന് കൃഷ്ണകുമാർ ആരോപിച്ചു. ചോദ്യങ്ങൾ ഉയർന്നത്തോടെ കൃഷ്ണകുമാർ മലക്കം മറിഞ്ഞു. പൊതുവായി പറഞ്ഞതാണെന്നാണ് കൃഷ്ണകുമാറിന്റെ വിശദീകരണം. സംഭവത്തിൽ അറസ്റ്റിലായ അശ്വിൻ രാജിന് ബിജെപിയുമായി യാതൊരു ബന്ധവും ഇല്ലെന്നും കൃഷ്ണകുമാർ പ്രതികരിച്ചു. പാലക്കാട് കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വിന്‍രാജ് കുട്ടികളെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് പുതുശ്ശേരി സുരഭി നഗറില്‍ വച്ച് കരോള്‍ സംഘത്തെ അശ്വിന്‍ രാജ് ആക്രമിച്ചത്. കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ച ഡ്രമ്മില്‍ സിപിഐഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സുരഭിനഗര്‍ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം.പ്രതി ചോദ്യം ചെയ്തതോടെ കുട്ടികള്‍ ഡ്രം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോള്‍ അവ തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് കസബ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. പിന്നാലെ പൊലീസ് അശ്വിന്‍രാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സർക്കാർ നടപടി സ്വീകരിക്കണമെന്ന് സിറോ മലബാർ സഭ
പാലക്കാട് കുട്ടികൾ അടങ്ങുന്ന കരോള്‍ സംഘത്തെ ആക്രമിച്ച സംഭവത്തെ അപലപിച്ച് സിറോ മലബാർ സഭ. നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഭരണകൂടം നടപടി സ്വീകരിക്കണമെന്നും പാലക്കാട് ബിഷപ്പ് പീറ്റർ കൊച്ചു പുരയ്ക്കൽ ആവശ്യപ്പെട്ടു.
അടിയന്തരഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് 'യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം' (യുസിഎഫ്)
ഇന്ത്യയിലുടനീളം ക്രിസ്ത്യാനികൾക്കെതിരെയുള്ള ലക്ഷ്യമിട്ടുള്ള അക്രമവും ശത്രുതയും വർദ്ധിച്ചുവരുന്നസാഹചര്യത്തിൽ വിഷയത്തിൽ അടിയന്തരഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് 'യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം' (യുസിഎഫ്) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അടിയന്തര കത്ത് എഴുതി.ആശങ്ക പ്രകടിപ്പിച്ച ഫോറം, നാളെ നടത്താൻ തീരുമാനിച്ചിരിക്കുന്ന നിർദ്ദിഷ്ട "ഛത്തീസ്ഗഢ് ബന്ദ്" റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തര ഇടപെടൽ വേണമെന്ന് ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു . യുസിഎഫിന്റെ കണക്കനുസരിച്ച്, 2024 ൽ ക്രിസ്ത്യാനികൾക്കെതിരെ 834 അക്രമ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, പ്രതിമാസം ശരാശരി 69.5 സംഭവങ്ങൾ. 2025 നവംബർ വരെ, ക്രിസ്ത്യാനികളെയോ ക്രിസ്തുവിൽ വിശ്വസിക്കുന്ന വ്യക്തികളെയോ ലക്ഷ്യമിട്ടുള്ള 706 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സംഘടന പറഞ്ഞു. ഈ ആക്രമണങ്ങളിൽ പലതിനും പ്രാഥമിക കാരണമായി വ്യാജ മതപരിവർത്തന ആരോപണങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടതായും ഫോറം പ്രസ്താവിച്ചു.