"കഴിഞ്ഞ മൂന്നുമാസമായിട്ട് പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ഇതിലുമുള്ളത്. അല്ലാതെ പുതിയതായിട്ടൊന്നുമില്ല" : പുതിയ ശബ്‌ദരേഖയിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം
പാലക്കാട്: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന പുതിയ ശബ്ദരേഖയില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കഴിഞ്ഞ മൂന്നുമാസമായിട്ട് പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ഇതിലുമുള്ളത്. അല്ലാതെ പുതിയതായിട്ടൊന്നുമില്ലല്ലോ. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പറയാനുള്ളൂ. ആരോപണങ്ങളിന്മേല്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ആ അന്വേഷണങ്ങളോട് എല്ലാ രീതിയിലും സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോകട്ടെ. അതിന്റെ ഒരു ഘട്ടം കഴിഞ്ഞതിനു ശേഷം തനിക്ക് പറയാനുള്ളത് പറയാമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്.ഓഡിയോയും വാട്‌സ് ആപ്പ് ചാറ്റും നിങ്ങളുടേത് തന്നെയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രാഹുലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ഇതൊരു ശരിയായ മാധ്യമ രീതിയാണോ ?. നിങ്ങള്‍ എന്റേതാണെന്ന് പറഞ്ഞ് ഒരു വോയിസ് കൊടുക്കുന്നു. അതിനു മുമ്പ് എന്നെ വിളിച്ച്, ഇത്തരത്തില്‍ ഒരു ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിലെ ശബ്ദം നിങ്ങളുടേതു തന്നെയാണോ എന്നു ചോദിച്ചിരുന്നെങ്കില്‍ മനസ്സിലാക്കാം. അല്ലാതെ എന്റെ ചിത്രം അടക്കം വെച്ചു കൊടുത്തശേഷം അത് എന്റേതാണോ എന്നു ചോദിക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല'. രാഹുല്‍ പറഞ്ഞു.
ശബ്ദരേഖ താങ്കളുടേതല്ലെങ്കില്‍ എന്തുകൊണ്ട് നിഷേധിക്കുന്നില്ല, നിയമനടപടി സ്വീകരിക്കുന്നില്ല എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, 'ചൂടാകേണ്ട, വളരെ കൂളായിട്ട് പത്രസമ്മേളനം നടക്കുകയാണല്ലോ, ആ ടോണ്‍ മതി'യെന്ന് രാഹുല്‍ പറഞ്ഞു. 'ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം ഒരു ഘട്ടം എത്തിക്കഴിയുമ്പോള്‍, എനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ള കാര്യം അപ്പോള്‍ കൂട്ടിച്ചേര്‍ക്കും, നിയമപരമായി മുന്നോട്ടു പോകാനുള്ള അവകാശം അപ്പോള്‍ വിനിയോഗിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഈ രാജ്യത്തെ നിയമത്തിന് എതിരായി ഈ നിമിഷം വരെ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല എന്ന ഉത്തമബോധ്യം തനിക്കുണ്ടെന്നും' രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.ഓഡിയോ പ്രകാരം രാഹുലിനെതിരെ പൊലീസിന് സ്വമേധയാ കേസെടുക്കാമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, 'എന്നാ പിന്നെ എടുക്ക്, എടുക്കണ്ടാന്ന് ഞാന്‍ പറഞ്ഞോ' എന്ന മറുചോദ്യമായിരുന്നു പ്രതികരണം. ഒന്നും കഴിഞ്ഞു പോയിട്ടില്ല. ഞാനെങ്ങനെയൊക്കെ റിയാക്ട് ചെയ്യണം, എങ്ങനെ നിയമപരമായി മുന്നോട്ടു പോകണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ടല്ലോ' എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും തമ്മിലുള്ള പുതിയ വാട്സ്ആപ്പ് ചാറ്റും ശബ്ദരേഖയും പുറത്തുവിട്ടത് ന്യൂസ് മലയാളം ചാനലാണ് .
ഇതിൽ ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി ഓഡിയോയില്‍ പറയുന്നുണ്ട് 'നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും' രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. പിന്നീട് ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുമ്പോൾ 'എല്ലാം നിങ്ങളുടെ പ്ലാന്‍ ആയിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്നും 'പെണ്‍കുട്ടി ചോദിക്കുന്നു. ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്. 'ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും' പെണ്‍കുട്ടി പറയുന്നു.
'എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല' എന്നും രാഹുല്‍ പറയുന്നു. എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല എന്നും പെണ്‍കുട്ടി പറയുന്നു. നിന്റെ ഈ വര്‍ത്തമാനം നിര്‍ത്താന്‍, അസഭ്യം കലര്‍ന്ന മറുപടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പറയുന്നത്.