"മോഹന്‍ലാലിന് ലഭിച്ചത് മലയാള സിനിമയ്ക്കുള്ള അംഗീകാരം , നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാം " : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ  പരമോന്നത ബഹുമതിയായ 'ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം 'നേടിയ മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാർ ഇന്ന് ആദരിച്ചു.  കേരള സർക്കാർ ഒരുക്കിയ 'മലയാളം വാനോളം ലാൽസലാം' എന്ന അനുമോദനച്ചടങ്ങിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് എത്തിച്ചേർന്നത്.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിറഞ്ഞ സദസ്സിൽനിന്നുയർന്ന  ആരാധകരുടെ ആര്‍പ്പുവിളികളുടെയും നിറഞ്ഞ കയ്യടിയുടെയും അകമ്പടിയോടെ  സംസ്ഥാന സര്‍ക്കാരിൻ്റെ ഔദ്യോഗിക ആദരം സമര്‍പ്പിച്ചു. സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി പൊന്നട ചാര്‍ത്തി ഫലകം സമ്മാനിച്ചു. കവി പ്രഭാവര്‍മ ലാലിനെ പ്രകീര്‍ത്തിച്ച് രചിച്ച കവിത പ്രശസ്തി പത്രമായി സമ്മാനിച്ചു. ചടങ്ങില്‍ മന്ത്രി വിശിവന്‍ കുട്ടി അധ്യക്ഷനായിരുന്നു. സാംസ്‌കാരിക, സിനിമാ മന്ത്രി സജി ചെറിയാന്‍ സ്വാഗതം ആശംസിച്ചു. മലയാളത്തില്‍ നിന്നുള്ള ആദ്യ ഫാല്‍ക്കേ അവാര്‍ഡ് ജേതാവും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന്‍, മോഹന്‍ലാല്‍ സിനിമകളിലെ നായികമാരായ അംബിക, മേനക, രഞ്ജിനി, മാളവിക മോഹന്‍ എന്നിവരും ചലച്ചിത്രലോകത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭ നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരവാണ് ഫാല്‍ക്കേ പുരസ്‌കാരം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പുരസ്‌കാരത്തിലൂടെ മലയാള സിനിമയുടെ കാലാമൂല്യം ഒരിക്കല്‍ കൂടി ഉറപ്പിക്കപ്പെട്ടിരിക്കുന്നു. മോഹന്‍ലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം കൂടിയാണ്. ഈ നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള വക നല്‍കുന്നു. മൂന്നു വര്‍ഷം കഴിയുമ്പോള്‍ 100 വയസു പിന്നിടുന്ന മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ സുവര്‍ണ നേട്ടമാണ് ഈ പുരസ്‌കാരം.

ശതാബ്ദിയോടടുക്കുന്ന മലയാള സിനിമയില്‍ അരനൂറ്റാണ്ടു കാലമായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. പതിനെട്ടാം വയസില്‍ തിരനോട്ടം എന്ന സിനിമയില്‍ തുടങ്ങി അറുപത്തയഞ്ചാം വയസിലും അദ്ദേഹം തൻ്റെ അഭിനയ സപര്യ അനുസ്യൂതം തുടരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ദാദാസാഹേബ് ഫാല്‍ക്കേയുടെ പേരിലുള്ള പുരസ്‌കാരം ഡല്‍ഹിയില്‍ സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിൻ്റെ സമര്‍പ്പിത ജീവിതം തിരശീലയിലെന്നപോലെ മനസിലൂടെ കടന്നു പോകുകയായിരുന്നു. എൻ്റെ കഴുത്തിലണിഞ്ഞ പതക്കത്തിൻ്റെ ഭാരം ഞാന്‍ തിരിച്ചറിയുകയായിരുന്നു. പുരസ്‌കാരം ഡല്‍ഹിയില്‍ ഏറ്റുവാങ്ങുമ്പോള്‍ നിന്ന അതേ വൈകാരിക ഭാരത്തോടെയാണ് നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. കാരണം ഞാന്‍ ജനിച്ചു വളര്‍ന്ന എൻ്റെ ബാല്യവും കൗമാരവും യൗവനവും പിന്നിട്ട മണ്ണാണിത്. ഈ ചടങ്ങിലേക്കിറങ്ങുമ്പോഴും എൻ്റെ മുഖത്ത് ദൃശ്യം സിനിമയ്ക്കു വേണ്ടി തേച്ച ചായമുണ്ടായിരുന്നു. അഭിനയകാലത്തെ ഒരു മഹാനദിയായി സങ്കല്‍പ്പിച്ചാല്‍ തീരത്തെ മരച്ചില്ലയില്‍ നിന്നും അതില്‍ വീണ ഒരില മാത്രമാണ് താനെന്നും ഈ അനുമോദനത്തെ തലസ്ഥാനത്തിൻ്റെ ആദരമായി കാണുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.