കേരള ചരിത്രത്തിൽ ആദ്യം : കെഎസ്ആർടിസി സൗജന്യയാത്ര പദ്ധതി ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരള ചരിത്രത്തിൽ ആദ്യം : കെഎസ്ആർടിസി സൗജന്യയാത്ര പദ്ധതി ഉദ്‌ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ




തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ  അഭിമാനകരമായ ‘ഇന്ദിരാ ഗാരന്റി’ പദ്ധതികളിൽ ഒന്നായ ‘പ്രിയദർശിനി’ കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിക്ക് തലസ്ഥാനത്ത് വിപുലമായ തുടക്കം. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ  മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി സി.പി. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ‘മെൻസ് അസോസിയേഷൻ’ ഉയർത്തുന്ന പ്രതിഷേധങ്ങളെ മുഖ്യമന്ത്രി വി.ഡി. സതീശൻ തമാശരൂപേണ തള്ളിക്കളഞ്ഞു. മെൻസ് അസോസിയേഷൻ്റെ  പ്രതിഷേധം വളരെ രസകരമാണ്. അവർക്ക് വേറെ ബസുകളിൽ യാത്ര ചെയ്യാമല്ലോ. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകൾക്ക് പണം മിച്ചം വന്നാൽ അത് വീട്ടിലെത്തും. എന്നാൽ പുരുഷന്മാർ പണം വീട്ടിൽ കൊടുത്താലും ബാക്കി എവിടെ പോകുമെന്ന് എല്ലാവർക്കും അറിയാം. അത് ഒടുവിൽ സർക്കാരിലേക്ക് തന്നെ എത്തും, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.പദ്ധതി വെറുമൊരു സൗജന്യയാത്രയല്ലെന്നും, സ്ത്രീകളോടുള്ള സർക്കാരിന്റെ ആദരവാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കാൻ സമൂഹം പഠിക്കണമെന്ന വലിയൊരു സന്ദേശം കൂടിയാണ് ഇതിലൂടെ നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരമേറ്റ് ഒരു മാസം തികയും മുൻപേ നൽകിയ വാഗ്ദാനം പാലിക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊരു ഔദാര്യമല്ല, മറിച്ച് സമൂഹത്തിൽ ഗുണപരമായ സാമ്പത്തിക മാറ്റങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള പദ്ധതിയാണിത്. സ്ത്രീകൾക്ക് ഇനി മുതൽ അഭിമാനത്തോടെ യാത്ര ചെയ്യാം. ‘ഇത് ഞങ്ങളുടെ സർക്കാരിൻ്റെ വണ്ടി’ എന്ന് അവർക്ക് അഭിമാനത്തോടെ പറയാം, അദ്ദേഹം പറഞ്ഞു.

പദ്ധതിയുടെ ഗുണഭോക്താവായ ഒരു സ്ത്രീ തന്നോട് സംവദിച്ച കാര്യം മുഖ്യമന്ത്രി പങ്കുവെച്ചു. സൗജന്യ യാത്രയിലൂടെ മിച്ചം വരുന്ന തുക എന്തുചെയ്യണമെന്ന് അവർ ചോദിച്ചപ്പോൾ ‘ചിട്ടി ചേരാൻ’ ആണ് താൻ നിർദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഇത്തരം ചെറിയ ലാഭങ്ങൾ പോലും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പദ്ധതി കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യത വരുത്തില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര ലഭിക്കും. സംസ്ഥാനത്തൊട്ടാകെ ഓർഡിനറി വിഭാഗത്തിലുള്ള കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടത്താം. സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിട്ടുള്ള സർക്കാർ ഇടപെടലുകളിൽ സുപ്രധാന ചുവടുവെപ്പാണ് ‘പ്രിയദർശിനി’.ആദ്യഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളിലാണ് സൗജന്യയാത്ര ലഭ്യമാക്കുക. സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗൺ ടു ടൗൺ (ടിടി) ഓർഡിനറി തുടങ്ങിയ വിഭാഗങ്ങളിൽ ഈ ആനുകൂല്യം ലഭിക്കും. തലസ്ഥാനത്തെ ചടങ്ങിന് പുറമെ, സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ഇന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കുന്നുണ്ട്.