പ്രതിപക്ഷസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധിയെ നീക്കാന്‍ ലോകസഭയിൽ പ്രമേയം

ന്യൂഡല്‍ഹി: രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ തത്സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി അംഗം നിഷികാന്ത് ദുബെ പ്രമേയത്തിന് നോട്ടീസ് നല്‍കി. രാഹുലിന്‍റെ പാര്‍ലമെന്‍റംഗത്വം അസാധുവാക്കണമെന്നും ആജീവനാന്തം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്നലെ രാഹുല്‍ ഗാന്ധി സഭയില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് ഈ നീക്കം. കേന്ദ്രസര്‍ക്കാര്‍ ദേശീയ താത്‌പര്യങ്ങള്‍ അടിയറവ് വയ്ക്കുന്നുവെന്ന് രാഹുല്‍ തന്‍റെ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു. ലോകം കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഊര്‍ജ്ജത്തെയും ധനത്തെയും ആയുധങ്ങളാക്കുന്നുവെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി. ഇക്കാര്യം തിരിച്ചറിയാതെ ഇന്ത്യയെ ബാധിക്കും വിധം അമേരിക്കയ്ക്ക് ഊര്‍ജ്ജത്തെയും സാമ്പത്തിക സംവിധാനത്തെയും ആയുധമാക്കാന്‍ നാം അവസരം ഒരുക്കിയിരിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.