ശബരിമല ഭണ്ഡാരത്തിൽ കവർച്ച; വിദേശ കറൻസികൾ വായിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

ശബരിമല ഭണ്ഡാരത്തിൽ കവർച്ച; വിദേശ കറൻസികൾ വായിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച  രണ്ട് ദേവസ്വം ജീവനക്കാർ പിടിയിൽ

പത്തനംതിട്ട: ശബരിമല ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ച രണ്ട് ദേവസ്വം താത്കാലിക ജീവനക്കാർ അറസ്റ്റിൽ. ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലും പണവും സ്വർണവും കണ്ടെടുത്തു.

ആലപ്പുഴ കൊടുപ്പുന്ന മനയിൽ എം ജി ഗോപകുമാർ (51), കൈനകരി നാലുപുരയ്ക്കൽ സുനിൽ ജി നായർ (51) എന്നിവരെയാണ് വിജിലൻസ് പിടികൂടി സന്നിധാനം പൊലീസിന് കൈമാറിയത്. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതാണ് പരിശോധനയ്ക്ക് വഴിയൊരുക്കിയത്. ഇരുവരുടെയും വായ അസാധാരണമാംവിധം നിറഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വായ്ക്കുള്ളിൽ ചുരുട്ടി തിരുകിയ നിലയിൽ വിദേശ കറൻസികൾ കണ്ടെത്തിയത്.

വിശദമായ പരിശോധനയിൽ ഗോപകുമാറിൻ്റെ വായ്ക്കുള്ളിൽ നിന്ന് മലേഷ്യൻ കറൻസിയും സുനിൽ ജി നായരുടെ വായ്ക്കുള്ളിൽ നിന്ന് യൂറോ, കനേഡിയൻ, യുഎഇ കറൻസികളുമാണ് പുറത്തെടുത്തത്. വിദേശ കറൻസികളിൽ വാട്ടർ പ്രൂഫ് കോട്ടിങ് ഉള്ളതിനാൽ ഇവ വായിൽ ഇട്ടാലും ഉമിനീരിൽ അലിഞ്ഞു കേടാകില്ലെന്നത് മനസിലാക്കിയാണ് ഇവർ ഇത്തരത്തിൽ മോഷണം നടത്തിയത്. സാധാരണ പേപ്പർ കറൻസികൾ വായിൽ സൂക്ഷിച്ചാൽ നനഞ്ഞ് കേടാകാൻ സാധ്യതയുണ്ടെങ്കിലും പ്ലാസ്റ്റിക് അംശമുള്ള വിദേശ നോട്ടുകൾക്ക് ഈ പ്രശ്നമില്ലാത്തത് പ്രതികൾ മുതലെടുക്കുകയായിരുന്നു.

ഗോപകുമാറിൻ്റെ ബാഗിൽ നിന്ന് 13,820 രൂപയും രണ്ട് ഗ്രാമിൻ്റെ സ്വർണലോക്കറ്റും കണ്ടെടുത്തു

ശരീര പരിശോധനയ്ക്ക് പിന്നാലെ ഇവരുടെ മുറികളിലും വിജിലൻസ് വിശദമായ പരിശോധന നടത്തി. ഗോപകുമാറിൻ്റെ ബാഗിൽ നിന്ന് 13,820 രൂപയും രണ്ട് ഗ്രാമിൻ്റെ സ്വർണലോക്കറ്റും കണ്ടെടുത്തു. 500 രൂപയുടെ 27 നോട്ടുകളും 100 ൻ്റെ രണ്ട് നോട്ടുകളും ഇരുപതിൻ്റെ നാല് നോട്ടുകളുമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. സുനിൽ ജി നായരുടെ ബാഗിൽ നിന്ന് 25,000 രൂപയും 17 വിദേശ കറൻസികളും കണ്ടെടുത്തതായി വിജിലൻസ് എസ്‌പി വി സുനിൽകുമാർ അറിയിച്ചു. 500 രൂപയുടെ 50 നോട്ടുകളാണ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തത്.

സുരക്ഷാക്രമീകരണങ്ങളും നടപടികളും

അതീവ സുരക്ഷാ മേഖലയായി കണക്കാക്കുന്ന സന്നിധാനത്തെ ഭണ്ഡാരത്തിൽ നിന്ന് നടന്ന ഈ മോഷണം ഗൗരവകരമായാണ് ദേവസ്വം ബോർഡും വിജിലൻസും കാണുന്നത്. മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കോടിക്കണക്കിന് രൂപയാണ് ഭണ്ഡാരത്തിൽ കാണിക്കയായി ലഭിക്കുന്നത്. നോട്ടുകളും നാണയങ്ങളും വേർതിരിച്ചെടുക്കുന്നതിനായി നൂറുകണക്കിന് ജീവനക്കാരെയാണ് ദേവസ്വം ബോർഡ് നിയോഗിക്കുന്നത്. സിസിടിവി കാമറകളുടെ സഹായത്തോടെയും നേരിട്ടും വിജിലൻസ് ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ഓരോ ജീവനക്കാരനെയും കർശനമായ ദേഹപരിശോധനയ്ക്ക് വിധേയരാക്കാറുണ്ടെങ്കിലും വായ്ക്കുള്ളിൽ പണം ഒളിപ്പിക്കുന്നത് പെട്ടെന്ന് കണ്ടെത്താൻ സാധിക്കില്ലെന്ന പഴുതാണ് ഇവർ ഉപയോഗപ്പെടുത്തിയത്