FIFA WORLDCUP 2026:കരുത്തരായ ഇക്വഡോറിനെതിരെ ആദ്യ ലോകകപ്പ് പോയിന്റ് നേടി ക്യുറസാവോ
കാന്സാസ് സിറ്റി: ഫുട്ബോള് ലോകകപ്പ് ഗ്രൂപ്പ് ഇ പോരാട്ടത്തിൽ അട്ടിമറി ഫലം. ലാറ്റിനമേരിക്കൻ കരുത്തരായ ഇക്വഡോറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ക്യുറസാവോ ചരിത്രമെഴുതി. ലോകകപ്പ് വേദിയിലെ തങ്ങളുടെ ആദ്യ പോയിന്റ് സ്വന്തമാക്കിയതിൻ്റെ ആവേശത്തിലാണ് ഈ കരീബിയൻ ദ്വീപ് രാജ്യം.ആദ്യ മത്സരത്തിൽ ജർമ്മനിയോട് ദയനീയമായി പരാജയപ്പെട്ട ക്യുറസാവോ, ഇക്വഡോറിനെതിരെ ഒരു യഥാർത്ഥ പോരാളിയുടെ വീര്യത്തോടെയാണ് കളത്തിലിറങ്ങിയത്. ഇക്വഡോർ ആക്രമണങ്ങളുടെ പെരുമഴ തീർത്തെങ്കിലും, ക്യുറസാവോ ഗോൾകീപ്പർ എലോയ് റൂം എന്ന ‘വൻ മതിൽ’ തകർക്കാൻ അവർക്കായില്ല.

മത്സരത്തിലുടനീളം തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ എലോയ് റൂം ആണ് ക്യുറസാവോയുടെ നായകൻ. ഇക്വഡോർ നായകൻ എന്നർ വലൻസിയയുടെയും ഗോൺസാലോ പ്ലാറ്റയുടെയും ഉറപ്പായ ഗോളുകൾ റൂം തട്ടിയകറ്റി. മത്സരത്തിൽ ആകെ 15 തവണയാണ് ഇക്വഡോർ ലക്ഷ്യത്തിലേക്ക് തൊടുത്ത പന്തുകൾ റൂം തടഞ്ഞിട്ടത്. ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തുന്ന ഗോൾകീപ്പർ എന്ന റെക്കോർഡ് ഇതോടെ ഇദ്ദേഹത്തിന്റെ പേരിലായി.
രണ്ടാം പകുതിയിൽ ഇക്വഡോർ താരം ജോർഡി കൈസെഡോയുടെ ഹെഡർ പോസ്റ്റിൽ തട്ടിത്തെറിച്ചത് അവർക്ക് കനത്ത തിരിച്ചടിയായി. മറുഭാഗത്ത് ജുറീന്യോ ബാക്കൂണയിലൂടെ ക്യുറസാവോയും കൗണ്ടർ അറ്റാക്കുകളിൽ ഇക്വഡോർ പ്രതിരോധത്തെ വിറപ്പിച്ചു. അവസാന മിനിറ്റുകളിൽ ഇക്വഡോർ ആവശ്യപ്പെട്ട പെനാൽറ്റി വി എ ആർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചത് ക്യുറസാവോയ്ക്ക് തുണയായി. ഈ സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.ആദ്യ മത്സരത്തിൽ ഐവറി കോസ്റ്റിനോട് തോറ്റ ഇക്വഡോറിന് ഈ സമനില വലിയൊരു തിരിച്ചടിയാണ്.


