പ്രീ-ക്വാർട്ടർ ലക്ഷ്യമിട്ട് ജർമ്മനിയും സ്വീഡനും; ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് 4 ആവേശപ്പോരാട്ടങ്ങൾ

പ്രീ-ക്വാർട്ടർ ലക്ഷ്യമിട്ട് ജർമ്മനിയും സ്വീഡനും; ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് 4 ആവേശപ്പോരാട്ടങ്ങൾ

മുംബൈ:  ചൂടേറിയതും ആവേശകരവുമായി മാറിക്കഴിഞ്ഞ ഫിഫ ലോകകപ്പിലെ  ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ് എന്നിവയിലെ നിർണായകമായ രണ്ടാം റൗണ്ട് പോരാട്ടങ്ങളിൽ മുൻ ചാമ്പ്യന്മാരായ ജർമ്മനി, യൂറോപ്യൻ കരുത്തരായ നെതർലൻഡ്‌സ്, ഏഷ്യൻ വമ്പന്മാരായ ജപ്പാൻ എന്നിവരടക്കം എട്ട് പ്രമുഖ ടീമുകളാണ് ഇന്ന് നേർക്കുനേർ വരുന്നത്. പ്രീ-ക്വാർട്ടർ യോഗ്യതയ്ക്ക് അടിത്തറയിടാൻ പ്രമുഖ ടീമുകൾ ഒരുങ്ങുമ്പോൾ, ടൂർണമെന്‍റില്‍ നിലനിൽക്കാൻ ജീവൻമരണ പോരാട്ടം നയിക്കുന്ന മറ്റ് ചില ടീമുകളും ഇന്നത്തെ ലൈനപ്പിലുണ്ട്.

ഇന്ത്യൻ സമയം ശനിയാഴ്‌ച രാത്രി 10:30-ന് ആരംഭിക്കുന്ന ആദ്യ മത്സരത്തോടെ ഈ സൂപ്പർ പോരാട്ടങ്ങൾക്ക് തുടക്കമാകും.

നെതർലൻഡ്‌സ് vs സ്വീഡൻ (ഗ്രൂപ്പ് F), ഇന്ന് രാത്രി 10:30

ഗ്രൂപ്പ് എഫിലെ ഏറ്റവും ആവേശകരമായ മത്സരമാണിത്. ടൂർണമെന്‍റിലെ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന നെതർലൻഡ്‌സിന് തങ്ങളുടെ ആദ്യ മത്സരത്തിൽ ജപ്പാനോട് 2-2 എന്ന നിലയിൽ സമനില വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്‍റെ 88-ാം മിനിറ്റ് വരെ മുന്നിട്ടുനിന്ന ശേഷമാണ് ഡെയ്ച്ചി കമാഡയുടെ ഹെഡ്ഡർ ഗോളിലൂടെ ജപ്പാൻ ഡച്ചുകാരുടെ വിജയം തട്ടിയെടുത്തത്. അതുകൊണ്ടുതന്നെ ഇന്ന് നെതർലൻഡ്‌സിന് വിജയം അനിവാര്യമാണ്.എന്നാൽ മറുവശത്ത്, തങ്ങളുടെ ആദ്യ മത്സരത്തിൽ ടുണീഷ്യയെ 5-1 എന്ന കൂറ്റൻ സ്കോറിന് തകർത്ത സ്വീഡൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാൻ കഴിഞ്ഞാൽ സ്വീഡന് നോക്കൗട്ട് സ്റ്റേജ് ഏതാണ്ട് ഉറപ്പിക്കാം. തോറ്റാൽ നെതർലൻഡ്‌സിന്‍റെ നില പരിതാപകരമാകും.

ജർമ്മനി vs ഐവറി കോസ്റ്റ് (ഗ്രൂപ്പ് E), ഞായറാഴ്‌ച പുലർച്ചെ 1:30

ഈ ലോകകപ്പിലെ ഏറ്റവും മികച്ച തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് മുൻ ചാമ്പ്യന്മാരായ ജർമ്മനി. തങ്ങളുടെ ആദ്യ മത്സരത്തിൽ ലോകകപ്പിലെ പുതുമുഖങ്ങളായ കുറക്കാവോയെ 7-1 എന്ന ഭീമമായ സ്കോറിനാണ് ജൂലിയൻ നാഗെൽസ്‌മാന്‍റെ കുട്ടികൾ തകർത്തത്. കൈ ഹാവെർട്‌സ് ഇരട്ട ഗോളുകളുമായി നയിച്ച മത്സരത്തിൽ മുസിയാല, നമേച്ച, ഷ്ലോട്ടർബെക്ക് , ബ്രൗൺ, ഉണ്ടാവ് എന്നിവരും ലക്ഷ്യം കണ്ടു.എന്നാൽ ഇന്ന് ജർമ്മനിയെ കാത്തിരിക്കുന്നത് കരുത്തരായ ഐവറി കോസ്റ്റ് ആണ്. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ കടുത്ത പോരാട്ടത്തിൽ 1-0 ന് തോൽപ്പിച്ചാണ് ആഫ്രിക്കൻ കരുത്തർ വരുന്നത്. 90-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ അമദ് ഡിയാലോ നേടിയ ഗോളാണ് ഐവറി കോസ്റ്റിന് വിജയം സമ്മാനിച്ചത്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമിന് ഗ്രൂപ്പ് ഇയിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് എളുപ്പം യോഗ്യത നേടാം.

ഇക്വഡോർ vs കുറസോവോ (ഗ്രൂപ്പ് E), ഞായറാഴ്‌ച പുലർച്ചെ 5:30

ലോകകപ്പിന് എത്തുന്നതിന് മുൻപ് തുടർച്ചയായി 19 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുകയായിരുന്ന ഇക്വഡോറിന് ആദ്യ മത്സരത്തിൽ ഐവറി കോസ്റ്റിനോട് ഏറ്റ തോൽവി വലിയ തിരിച്ചടിയായി. സെബാസ്റ്റ്യൻ ബെക്കാസെസിന്‍റെ പരിശീലനത്തിൽ ഇറങ്ങുന്ന ടീം സമനിലയിലേക്ക് നീങ്ങുകയായിരുന്ന കളി 90-ാം മിനിറ്റിലാണ് കൈവിട്ടത്.

അടുത്ത ആഴ്‌ച ശക്തരായ ജർമ്മനിയുമായിട്ടാണ് ഇക്വഡോറിന്‍റെ അവസാന ഗ്രൂപ്പ് മത്സരം എന്നതിനാൽ, നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ ഇക്വഡോറിന് ഇന്ന് കുറക്കാവോയ്ക്കെതിരെ വലിയ മാർജിനിൽ വിജയിച്ചേ തീരൂ. ആദ്യ മത്സരത്തിൽ ജർമ്മനിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ കുറക്കാവോയും ഒരു തിരിച്ചുവരവിനാണ് ഇന്ന് ശ്രമിക്കുന്നത്. അാരോഹെഡ് സ്റ്റേഡിയത്തിലാണ് ഈ പോരാട്ടം നടക്കുക.

ടുണീഷ്യ vs ജപ്പാൻ (ഗ്രൂപ്പ് F), ഞായറാഴ്‌ച രാവിലെ 9:30

ആദ്യ മത്സരത്തിൽ വമ്പന്മാരായ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ച ജപ്പാൻ മികച്ച ആത്മവിശ്വാസത്തിലാണ്. ഏഷ്യൻ കരുത്തരായ ജപ്പാൻ കളിയിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ ഫോം ടുണീഷ്യക്കെതിരെയും തുടരാനാണ് അവർ ലക്ഷ്യമിടുന്നത്. മറുവശത്ത് ആദ്യ മത്സരത്തിൽ സ്വീഡനോട് 5-1 ന് തോറ്റതിന് പിന്നാലെ ടുണീഷ്യൻ ഫുട്ബോൾ അസോസിയേഷൻ തങ്ങളുടെ കോച്ച് സാബ്രി ലമൂച്ചിയെ പുറത്താക്കിയിരുന്നു.പകരക്കാരനായി എത്തിയത് ആഫ്രിക്കൻ-അറബ് ഫുട്ബോളിൽ വലിയ പരിചയസമ്പത്തുള്ള ഫ്രഞ്ച് കോച്ച് ഹെർവ് റെനാർഡ് ആണ്. സാംബിയ, ഐവറി കോസ്റ്റ് ടീമുകളെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടത്തിലേക്ക് നയിച്ച റെനാർഡിന്‍റെ തന്ത്രങ്ങൾക്ക് കീഴിൽ ടുണീഷ്യ ഇന്ന് പുതിയൊരു തുടക്കത്തിനാണ് ഒരുങ്ങുന്നത്.