അനന്തുവിൻ്റെ മരണത്തിൽ അന്യേഷണം ആവശ്യപ്പെട്ട് ആര്‍എസ്‌എസ്

അനന്തുവിൻ്റെ  മരണത്തിൽ അന്യേഷണം ആവശ്യപ്പെട്ട്  ആര്‍എസ്‌എസ്

കോട്ടയം: അനന്തു അജിയുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് ആര്‍എസ്‌എസ് രംഗത്ത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വം കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിക്ക് പരാതി നൽകി.സിപിഎമ്മും കോണ്‍ഗ്രസും സ്വദേശത്തും ദേശീയതലത്തിലും സംഭവത്തെ  രാഷ്‌ട്രീയായുധമാക്കിയതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്‌എസ്‌ തന്നെ രംഗത്തെത്തിയത്. ആര്‍എസ്‌എസിനെ പ്രതിക്കൂട്ടിലാക്കി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിയാണ് ആര്‍എസ്‌എസ് ഇപ്പോള്‍ രംഗത്തെത്തിയത്. വിഷയത്തില്‍ ഇതാദ്യമായാണ് ആര്‍എസ്‌എസ് ഔദ്യോഗികമായി പ്രതികരിക്കുന്നത്.അനന്തുവിൻ്റെ മരണം അത്യന്തം വേദനാജനകവും ദൗര്‍ഭാഗ്യകരവുമാണ്. വര്‍ഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിൻ്റേത്. അച്ഛന്‍ അജി മരണം വരെ സംഘത്തിൻ്റെ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു. അനന്തുവിൻ്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിൻ്റെ ഇന്‍സ്റ്റഗ്രാമിലും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌മോഫുകളിലും വന്ന കുറിപ്പിനിടയായ സാഹചര്യത്തെപ്പറ്റിയും കൂടുതല്‍ അന്വേഷണം വേണമെന്ന് കോട്ടയം വിഭാഗ് കാര്യവാഹ് ആർ സാനു ആവശ്യപ്പെട്ടു.അനന്തുവിൻ്റെ ആത്മഹത്യയും ആത്മഹത്യാ കുറിപ്പും ദുരൂഹമാണ്. നിക്ഷ്‌പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ട്‌ വരണമെന്നും അദ്ദേഹം പറഞ്ഞു.

 കഴിഞ്ഞ ബുധനാഴ്‌ചയാണ് പൊന്‍കുന്നം എലിക്കുളത്തെ  സംഘപ്രവർത്തകനായ അനന്തുവിൻ്റെ (24) മൃതദേഹം  തമ്പാനൂരിലെ ഹോട്ടലിൽ  കണ്ടത്. മരണശേഷം പബ്ലീഷ് ആകുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്‌ത സോഷ്യൽ മീഡിയ പോസ്‌റ്റിൽ സംഘടനയ്ക്ക് എതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

സംഘടനയിൽ നിന്ന് നിരവധി ആളുകൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അനന്തു കുറിപ്പിൽ ആരോപിച്ചിരുന്നു. "എനിക്ക് വിഷാദരോഗമുണ്ട്, കഴിഞ്ഞ ഒന്നര വർഷമായി തെറാപ്പി എടുക്കുന്നു. ഞാന്‍ ആത്മഹത്യ ചെയ്യുന്നത് ഏതെങ്കിലും പെണ്‍കുട്ടി, പ്രണയം, കടം, അല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തെങ്കിലും കാരണത്താലല്ല. എൻ്റെ ഉത്കണ്‌ഠയും വിഷാദവും മൂലമാണ് ഇത് ചെയ്യുന്നത്. കൂടാതെ, മരുന്നുകള്‍ കാരണം എനിക്ക് എൻ്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല,കുട്ടിക്കാലത്ത് അനുഭവിച്ച ആവര്‍ത്തിച്ചുള്ള ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ മൂലമുണ്ടായ മാനസിക രോഗങ്ങള്‍ക്ക് സംഘടന ആണ് ഉത്തരവാദി. ആർഎസ്എസിനെ പോലെ ഇത്രയും വെറുപ്പുള്ള സംഘടനയില്ല, വർഷങ്ങളോളം പ്രവർത്തിച്ചതു കൊണ്ട് നന്നായി അറിയാം. തെളിവുകൾ ഇല്ലാത്തത് കൊണ്ട് എന്നെ ആരും വിശ്വസിക്കില്ലെന്ന് അറിയാം. എൻ്റെ ജീവിതമാണ് തെളിവായി നൽകുന്നത്. ലോകത്ത് ഒരു കുട്ടിക്കും എനിക്ക് സംഭവിച്ചത് പോലെ സംഭവിക്കരുത്," അനന്തു എഴുതി.