''ആർഎസ്‌എസ്‌ വിദ്വേഷം പ്രചരിപ്പിക്കുന്നു''; എഐഎംഐഎം

''ആർഎസ്‌എസ്‌ വിദ്വേഷം പ്രചരിപ്പിക്കുന്നു''; എഐഎംഐഎം

മുംബൈ: സംഘപരിവാർ മുസ്ലീങ്ങളെ ലക്ഷ്യം വെക്കുകയും അവർക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് ഓൾ ഇന്ത്യ മജ്‌ലീസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) ദേശിയ വക്താവ് വാരിസ് പത്താൻ. ലവ് ജിഹാദ് സംബന്ധിച്ച ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിൻ്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുക, സമൂഹത്തെ ധ്രൂവികരിക്കുക, ഭരണഘടനയെ ശ്വാസം മുട്ടിക്കുക, ആളുകളുടെ ശ്രദ്ധ തിരിക്കുക എന്നീ കാര്യങ്ങളാണ് ആർഎസ്‌എസിൻ്റെ ലക്ഷ്യം. അതുകൊണ്ടാണ് അവർ മുസ്ലീങ്ങളെ ലക്ഷ്യം വെക്കുന്നതും ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നതും"- വാരിസ് പത്താൻ പറഞ്ഞു.

ആദ്യം 'ലവ് ജിഹാദ്' എന്താണ് അർഥമാക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കൂ? ജിഹാദിൻ്റെ അർത്ഥം  പോലും അദ്ദേഹത്തിനറയില്ലെന്നും പത്താൻ പറഞ്ഞു. ഏത് സംസ്ഥാനത്താണ്, എത്ര ലവ് ജിഹാദ് കേസുകളാണ് നടന്നിട്ടുള്ളതെന്ന് പറയൂ. അതിന് അവരുടെ പക്കൽ കണക്കില്ല. 18 അല്ലെങ്കിൽ 19 വയസായ ഒരു ആൺകുട്ടിക്കോ പെൺകുട്ടിക്കോ സ്വന്തം ഇഷ്‌ടപ്രകാരം ആരെയെങ്കിലും സ്‌നേഹിക്കാനും വിവാഹം കഴിക്കാനും നിയമം അനുവദിക്കുന്നുണ്ടെങ്കിൽ അവരെ തടയാൻ ഇവർ ആരാണെന്നും എഐഎംഐഎം വക്താവ് വിമർശിച്ചു.നേരത്തെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസിയും മോഹൻ ഭഗവത്തിൻ്റെ പരാമർശങ്ങളെ വിമർശിച്ചിരുന്നു. ലവ് ജിഹാദ് നടക്കുന്നുണ്ടെങ്കിൽ അവർ എന്തുകൊണ്ടാണ് പാർലമെൻ്റിൽ അതിൻ്റെ കണക്ക് അവതരിപ്പിക്കാത്തത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ലവ് ജിഹാദിൻ്റെ കണക്കുകൾ നൽകൂ. ലവ് ജിഹാദ് എന്താണെന്ന് നിങ്ങൾ തന്നെ നിർവചിക്കണം എന്നുമാണ് ഒവൈസി വിമർശിച്ചത്. ലൗ ജിഹാദിനെ തടുക്കാനുള്ള ആദ്യ പടി നടക്കേണ്ടത് സ്വന്തം വീടുകളിൽ നിന്നാണെന്നായിരുന്നു മോഹൻ ഭാഗവതിൻ്റെ പരാമർശം. വീടുകളിലുള്ള പരസ്‌പര സംഭാഷണങ്ങൾ കാര്യങ്ങൾ മനസിലാക്കാനും അതു വഴി ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് തടയിടാനുള്ള മാർഗമാവുമെന്നും ഭാഗവത് പറഞ്ഞിരുന്നു.

മധ്യപ്രദേശിൽ സ്‌ത്രീകൾക്കും ആദിവാസികൾക്കും വേണ്ടി ആർഎസ്‌എസ്‌ സംഘടിപ്പിച്ച സ്‌ത്രീ ശക്തി സംവാദ്, സാമാജിക് സദ്‌ഭാവ് എന്നീ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. ഒരു പെൺകുട്ടി വഴിതെറ്റുന്നത് എങ്ങനെയാണെന്ന കാര്യങ്ങളെ കുറിച്ച് വീട്ടുകാർക്ക് ധാരണയുണ്ടാവണമെന്നും ആശയവിനിമയങ്ങൾ അവർ സംരക്ഷിക്കപ്പെടുന്നതിന് കാരണമാകുമെന്നും ഭാഗവത് പറഞ്ഞു. സ്ത്രീകളാണ് നമ്മുടെ സമൂഹത്തിൻ്റെ സാംസ്‌കാരികവും ധാര്‍മികവുമായ അടിത്തറ കെട്ടിപടുക്കേണ്ടത്. അതാണ് നമ്മുടെ സംസ്‌കാരം. ഹിന്ദു എന്നത് വെറുമൊരു പേരല്ലെന്നും അത് ഒരു ജീവിതചര്യയാണെന്നും മോഹൻ ഭാഗവത് പ്രസംഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയത്.