"ഖാർകിവിൽ റഷ്യ ആക്രമണം നടത്തി എന്ന യുക്രെയ്‌ൻ ഭരണകൂടത്തിൻ്റെ അവകാശവാദങ്ങൾ തെറ്റ് ":റഷ്യൻ മന്ത്രാലയം

മോസ്‌കോ : ഖാർകിവിൽ ആക്രമണം നടത്തിയെന്ന യുക്രെയ്‌ൻ വാദം തള്ളി റഷ്യ. യുക്രെയ്‌ൻ ഭരണകൂടത്തിൻ്റെ അവകാശവാദങ്ങൾ തെറ്റാണെന്നും യുക്രെയ്‌ൻ സെന്യം അന്തരാഷ്‌ട്ര ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടത്തുന്നുവെന്നും റഷ്യ ആരോപിച്ചു.
''ഖാർകിവിൽ റഷ്യ ആക്രമണം നടത്തി എന്ന യുക്രെയ്‌ൻ ഭരണകൂടത്തിൻ്റെ അവകാശവാദങ്ങൾ തെറ്റാണ്. ജനുവരി ഒന്നിന് രാത്രിയിൽ ഖേർസൺ മേഖലയിലെ ഖോർലി സെറ്റിൽമെൻ്റിൽ സാധാരണക്കാർക്കെതിരെ യുക്രെയ്‌ൻ സെന്യം നടത്തിയ ക്രൂരമായ ആക്രമണത്തിൽ നിന്ന് അന്തരാഷ്‌ട്ര ശ്രദ്ധ തിരിക്കാൻ ശ്രമം നടക്കുന്നു'' - റഷ്യൻ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
ജനുവരി ഒന്നിനായിരുന്നു റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്‌ൻ പ്രദേശത്ത് നടന്ന ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ 24 പേർ കൊല്ലപ്പെട്ടത്. 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പുതുവത്സര ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.ജനങ്ങൾ ഒത്തുകൂടിയ സ്ഥലത്തേക്ക് യുക്രെയ്‌ൻ മനഃപൂർവ്വം ഡ്രോണുകൾ പതിപ്പിക്കുകയായിരുന്നുവെന്ന് റഷ്യൻ മന്ത്രാലയം ആരോപിച്ച് അടുത്ത് ദിവസമാണ് റഷ്യയിൽ നിന്നുള്ള രണ്ട് മിസൈലുകൾ ഖാർകിവ് നഗരത്തിൽ പതിച്ചത്. യുക്രെയ്‌ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. എന്നാൽ ഈ ആരോപണം തെറ്റാണ് എന്നാണ് റഷ്യൻ വാദം.
ഖാർകിവിലെ ജനവാസ മേഖലയിൽ റഷ്യയുടെ മിസൈലുകൾ പതിച്ചതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഒരു കെട്ടിടത്തിന് സാരമായ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. മരണസംഖ്യയിൽ കൃത്യമായ കണക്ക് ആയില്ലെന്നും സെലൻസ്‌കി വ്യക്തമാക്കിയിരുന്നു.അതേസമയം റഷ്യൻ പ്രസിഡൻ്റ് വോളോഡിമർ പുട്ടിൻ്റെ വസത്തിക്ക് നേരെയുണ്ടായ ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് റഷ്യ. പുട്ടിൻ്റെ വസതികളിൽ ഒന്ന് യുക്രെയ്‌നാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് റഷ്യയുടെ ആരോപണം.