ശബരിമല സ്വർണക്കൊള്ള :യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ യുഡിഎഫ് ബിജെപി ശ്രമം :മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പുകമറ സൃഷ്ടിച്ച് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. വീണ്ടും കള്ളപ്രചാരണങ്ങളുടെ ഭാണ്ഡക്കെട്ട് തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരു തവണ മാത്രമാണ് കണ്ടതെന്ന് നേരത്തെ പറഞ്ഞത് ഓർമ്മപ്പിശകാണെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇപ്പോൾ പ്രചരിപ്പിക്കുന്ന ചിത്രം ഒരു കുട്ടിക്ക് മൊമെന്റോ നൽകുന്നതിന്റെതാണെന്നും ഏത് കുട്ടി വിജയിച്ചാലും മൊമെന്റോ നൽകുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. മൊമെന്റോ നൽകൽ വലിയ സംഭവമല്ലെന്നും മന്ത്രിയായിരുന്ന കാലത്ത് മണ്ഡലത്തിന് പുറത്തുപോലും പോയി ഇത്തരം ഉപഹാരങ്ങൾ നൽകിയിട്ടുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി. കള്ളപ്രചാരണങ്ങളിലൂടെ ആളുകളെ താറടിച്ച് സ്വാർത്ഥതാൽപര്യം നേടാനാണ് ശ്രമമെന്നും യുഡിഎഫിന് കച്ചവട താൽപര്യം മാത്രമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിൽ കയറുക, കച്ചവടം നടത്തുക—ഇതുമാത്രമാണ് യുഡിഎഫ് ചിന്തിക്കുന്നതെന്നും അദ്ധേഹം ആരോപിച്ചു. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നതുവരെ ഉണ്ണികൃഷ്ണൻ പോറ്റി ഇത്തരത്തിലുള്ള വ്യക്തിയാണെന്ന് അറിയില്ലായിരുന്നുവെന്നും യഥാർത്ഥ ഭക്തനാണെന്നായിരുന്നു തന്റെ ധാരണയെന്നും കടകംപള്ളി പറഞ്ഞു.