ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്‌ഐടി പരിശോധന തുടരുന്നു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ സന്നിധാനത്ത് ഇന്നും (ഫെബ്രുവരി 13) എസ്‌ഐടി പരിശോധന തുടരും. കുംഭമാസ പൂജക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്. എസ്‌പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.ഇന്നലെ ഉച്ചക്ക് 12 മണിയോടെ പമ്പയിൽ എത്തിയ എസ്‌ഐടി സംഘം രണ്ട് മണിയോടെയാണ് സന്നിധാനത്ത് എത്തിയത്. തുടർന്ന് വൈകീട്ട് അഞ്ച് മണിയോടെ എസ്‌ഐടി പരിശോധന തുടങ്ങുകയായിരുന്നു. ഇന്നലെ ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളും ദ്വാരപാലക ശിൽപ പാളികളും ഇളകിയെടുത്ത് പരിശോധിച്ചു. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്‌മെൻ്റ് വിഭാഗവും എസ്‌ഐടിക്ക് ഒപ്പമുണ്ട്.
നഷ്‌ടപ്പെട്ട സ്വർണത്തിൻ്റെ അളവ്, കാലപ്പഴക്കം എന്നിവയിൽ വ്യക്തത വരുത്തുകയാണ് പരിശോധനയിലൂടെ എസ്‌ഐടി ലക്ഷ്യമിടുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കും. അതേസമയം ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശബരിമല ജീവനക്കാരുടെ പണമിടപാടുകളിലുള്ള അപാകതകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം പണം പോസ്‌റ്റോഫിസ് വഴി മാത്രം കൈമാറ്റം നടന്നതായുള്ള സ്‌പെഷൽ കമ്മിഷണറുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്‌തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. സ്പെഷൽ കമ്മിഷണറുടെ അന്വേഷണത്തിൽ മണ്ഡല- മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്‌ത താത്കാലിക ജീവനക്കാരടക്കം ശമ്പളത്തേക്കാൾ കൂടുതൽ തുക കുടുംബങ്ങളിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു. ഗുരുതര സ്വഭാവത്തിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ ശബരിമലയിലെ ജീവനക്കാർ നടത്തിയിട്ടുണ്ടെന്നാണ് സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.
മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്‌തിരുന്ന ജീവനക്കാരുടെ ഇടപാടുകളിൽ സംശയകരമായ കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം തുക പോസ്‌റ്റോഫിസ് വഴി മാത്രം കൈമാറ്റം നടന്നിരുന്നു. രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിലധികം രൂപയും മൂന്ന് പേർ 25,000 രൂപയിലധികവും അയച്ചൂവെന്നും വ്യക്തമാക്കുന്നു.അതേസമയം ആരോപണ വിധേയരായ ജീവനക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇവർ ഹാജരായില്ല. ശബരിമലയിലെ സ്ഥിരം-താത്കാലിക ജീവനക്കാർ നിലവിൽ സംശയത്തിൻ്റെ നിഴലിലാണെന്നും സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു. നിശ്ചിത കാലയളവിനുള്ളിൽ സന്നിധാനത്തെ ബാങ്കുകളിലും പോസ്‌റ്റോഫിസുകളിലും നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാൻ ഹൈക്കോടതി ചീഫ് വിജിലൻസ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസർക്ക് നിർദേശം നൽകി.മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്‌തിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് ദേവസ്വം വിജിലൻസ് മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു.