സന്തോഷ് ട്രോഫി: സര്‍വീസസിന് കിരീടം

ദിബ്രുഗഢ് : 79-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൻ്റെ കലാശപ്പോരില്‍ കേരളത്തെ തകര്‍ത്ത് സര്‍വീസസിന് കിരീടം. ചൂടേറിയ പോരാട്ടത്തില്‍ എക്‌സ്‌ട്രാ ടൈമിലാണ് ഒരു ഗോളിൻ്റെ വിജയത്തില്‍ സര്‍വീസസ് കിരീടത്തില്‍ മുത്തമിട്ടത്. അസമിലെ ധാകുവാഖാന സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരില്‍ 109-ാം മിനിറ്റില്‍ സർവീസസിനായി അഭിഷേക് പവാറാണ് വലകുലുക്കിയത്.നിശ്ചിത 90 മിനിറ്റ് സമയം അവസാനിച്ചപ്പോള്‍ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് വിജയികളെ തീരുമാനിക്കാൻ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. എന്നാല്‍ 109ാം മിനിറ്റില്‍ അഭിഷേക് ഗോളിലൂടെ സര്‍വീസസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ സര്‍വീസസ് എട്ടാമത്തെ കിരീടം ചൂടി. സർവീസസിനെപ്പോലെ ഏഴ് കിരീടങ്ങളുള്ള കേരളത്തിന് എട്ടാം കിരീടം സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് നഷ്‌ടമായത്. കേരളം തുടർച്ചയായി രണ്ടാം തവണയാണ് ഫൈനലില്‍ തോല്‍ക്കുന്നത്.ഒരു ഗോള്‍ വഴങ്ങിയതിന് ശേഷം കേരളം ആക്രമിച്ചു കളിച്ചെങ്കിലും സർവീസസിന്റെ പ്രതിരോധം മറികടക്കാൻ സാധിച്ചില്ല. മത്സരത്തില്‍ ആദ്യ പകുതിയില്‍ അർജുൻ, അജ്‌സൽ എന്നിവർക്ക് ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ കേരളത്തിന് കഴിഞ്ഞില്ല.നിശ്ചിത സമയത്ത് മത്സരത്തിലുടനീളം കേരളവും സർവീസസും ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ടെങ്കിലും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായിട്ടില്ല. സെമി ഫൈനലിൽ പഞ്ചാബിനെ 4-0 ന് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. റെയിൽവേസിനെ 2-0 ന് തോൽപ്പിച്ചാണ് സർവീസസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.