പണിമുടക്ക് ദിനത്തിൽ സ്‌കൂൾ തുറന്നു: പുതിയങ്ങാടിയിൽ സംഘർഷം

പണിമുടക്ക് ദിനത്തിൽ സ്‌കൂൾ തുറന്നു: പുതിയങ്ങാടിയിൽ സംഘർഷം

കോഴിക്കോട്: കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്കിൻ്റെ ഭാഗമായി കേരളം സ്‌തംഭിച്ചരിക്കെ പുതിയങ്ങാടിയിൽ സംഘർഷം. പണിമുടക്ക് ദിനത്തിൽ സ്‌കൂൾ തുറന്നു എന്നതിൻ്റെ പേരിൽ പുതിയങ്ങാടി ജിഎംയുപി സ്‌കൂളിലാണ് സമാരാനുകൂലികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.പണിമുടക്കിനെ അവഗണിച്ചും അധ്യാപകരും കുറച്ച് കുട്ടികളും സ്‌കൂളിൽ എത്തിയിരുന്നു. സമരവും പണിമുടക്കും നടന്ന കാലത്തെല്ലാം സ്‌കൂൾ പ്രവർത്തിക്കാറുണ്ട് എന്നായിരുന്നു പ്രധാനാധ്യാപകനായ അശോക് കുമാറും മറ്റ് അധ്യാപകരും പറയുന്നത്. എന്നാൽ ഇത് ദേശീയ പണിമുടക്ക് ആണെന്നും ഒരു സ്ഥാപനം പോലും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് സമരാനുകൂലികൾ പറഞ്ഞത്. ഇത് ഒടുവിൽ വാക്ക് തർക്കത്തിലെത്തി. അധ്യാപകരെ പുറത്താക്കി സമരാനുകൂലികൾ സ്‌കൂളിൻ്റെ ഗേറ്റ് അടച്ചു. സംഘർഷം ശക്തമായതോടെ നാട്ടുകാരും ഇടപെട്ടു.സമരനുകൂലികൾക്കെതിരെ നാട്ടുകാർ തിരിഞ്ഞതോടെ സംഗതി കൈയ്യാങ്കളിയിലെത്തി. സംഭവ സമയത്ത് സ്ഥലത്ത് നാല് പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് കൂടുതൽ പൊലീസ് സംഘം എത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഒടുവിൽ ബലപ്രയോഗം നടത്തിയാണ് പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചത്. പരിക്കേറ്റെന്ന് ആരോപിച്ച് ഇരുവിഭാഗത്തിലെ ആളുകളും രംഗത്തെത്തി. സ്‌കൂൾ തുറന്ന് പ്രവർത്തിച്ചതിൽ ഒരു തെറ്റുമില്ല എന്നാണ് പ്രധാനാധ്യാപകൻ അശോക് കുമാർ പറയുന്നത്. ഇത് രാഷ്ട്രീയ മുതലെടുപ്പിൻ്റെ ഭാഗമാണെന്നും യഥാർഥ സമരക്കാർ അല്ല സ്‌കൂൾ പൂട്ടിക്കാൻ വന്നതെന്നുമാണ് സ്‌കൂൾ അധികൃതരുടെ വാദം. അതേസമയം വയനാട്ടിലും സംഘർഷങ്ങൾ നടക്കുന്നുണ്ട്. വാഹനങ്ങൾ തടഞ്ഞും ബാങ്കുകളും കടകമ്പോളങ്ങളും അടപ്പിച്ചുമാണ് സമരാനുകൂലികൾ നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്.