ടെലിഗ്രാമിന് തിരിച്ചടി; നിയന്ത്രണം നീക്കണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാം മെസേജിംഗ് ആപ്പിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണത്തിനെതിരെ ടെലിഗ്രാം നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് തേജസ് കരിയയാണ് നിര്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തിൽ ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പുകളും തടയാൻ കേന്ദ്ര സർക്കാർ എടുത്ത തീരുമാനം അടിയന്തര സ്വഭാവമുള്ളതാണെന്ന് കോടതി വ്യക്തമാക്കി.വിവരസാങ്കേതികവിദ്യാ നിയമത്തിലെ (ഐടി ആക്ട്) സെക്ഷൻ 69A പ്രകാരമുള്ള എല്ലാ നിയമപരമായ നടപടികളും പാലിച്ചാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം ഈ ഉത്തരവിറക്കിയത്.
ഈ നിയന്ത്രണം ഒരു താൽക്കാലിക നടപടി മാത്രമാണെന്നും അതിനാൽ ഇതിനെ അനാവശ്യമായ വലിയ വിലക്കായി കാണാൻ കഴിയില്ലെന്നും ജസ്റ്റിസ് തേജസ് കരിയ വ്യക്തമാക്കി. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റിൻ്റെ (I4C) റിപ്പോർട്ടിൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ വ്യാജ അക്കൗണ്ടുകൾ, വ്യാജ ഐഡൻ്റിറ്റികൾ, ചാനലുകൾ, ഗ്രൂപ്പുകൾ എന്നിവ ഉപയോഗിക്കുന്ന സൈബർ കുറ്റവാളികൾ ആപ്പ് ദുരുപയോഗം ചെയ്യുമെന്ന് സത്യവാങ്മൂലത്തിൽ കോടതി വ്യക്തമാക്കി.തങ്ങൾ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട അനധികൃതമായ തൊള്ളായിരത്തിലധികം (900+) ലിങ്കുകൾ നീക്കം ചെയ്തിട്ടുണ്ടെന്ന് ടെലിഗ്രാം കോടതിയിൽ വാദിച്ചു. ഒരു കൂട്ടം ആളുകൾ ചെയ്യുന്ന തെറ്റിന് കോടിക്കണക്കിന് വരുന്ന സാധാരണ ഉപയോക്താക്കളെയും ബിസിനസ്സുകാരെയും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും അവർ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, ജൂൺ 21-ന് നടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യപേപ്പർ ചോർച്ചയും കോപ്പിയടിയും തടയുന്നതിൻ്റെ ഭാഗമായാണ് ടെലിഗ്രാമിന് കേന്ദ്രം താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ നടപടിക്കെതിരെയാണ് ടെലിഗ്രാം ഹൈക്കോടതിയെ സമീപിച്ചത്.വാദത്തിനിടെ ആപ്പിനുവേണ്ടി സീനിയർ അഡ്വക്കറ്റ് ധ്രുവ് മേത്തയും കേന്ദ്രസർക്കാരിനുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായി. ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട കോടതി, എഴുതിയ വാദക്കുറിപ്പുകൾ വൈകിട്ട് 7 മണിക്കുള്ളിൽ സമർപ്പിക്കാൻ ഇരുകക്ഷികൾക്കും നിർദേശം നൽകി. മെസേജിങ് ആപ്പായ ടെലിഗ്രാമിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് ബെഞ്ച് പരിഗണിച്ചത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തരമായി വാദം കേട്ട കോടതി, വിശദമായ വാദക്കുറിപ്പുകൾ ലഭിച്ച ശേഷം വിധി പ്രസ്താവിക്കും.