മുതിർന്നവർക്കായി ലൈംഗിക ഉള്ളടക്കങ്ങൾ:ചാറ്റ്‌ജിപിടിയുടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും

മുതിർന്നവർക്കായി ലൈംഗിക ഉള്ളടക്കങ്ങൾ:ചാറ്റ്‌ജിപിടിയുടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും

മുംബൈ : ചാറ്റ്‌ജിപിടിയുടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനൊരുങ്ങുന്നതായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്‌മാൻ. ലൈംഗിക ഉള്ളടക്കം ഉൾപ്പെടുത്തുന്നതുൾപ്പെടെ മുതിർന്ന ഉപയോക്താക്കൾക്കായി നിരവധി മാറ്റങ്ങൾ വരുത്തും. ഉപയോക്താക്കൾക്ക് എഐ അസിസ്റ്റന്‍റിനെ ഇഷ്‌ടാനുസരണം മാറ്റാനും സാധിക്കും.മുതിർന്ന ഉപയോക്താക്കളെ മുതിർന്നവരെപ്പോലെ തന്നെ പരിഗണിക്കുമെന്നും, ഇവർക്ക് ലൈംഗിക ഉള്ളടക്കം ആക്‌സസ് ചെയ്യാനാകുമെന്നും ആൾട്ട്‌മാൻ പറഞ്ഞു. 2025 ഡിസംബറോടെ ആയിരിക്കും ലൈംഗിക ഉള്ളടക്കം ഉൾപ്പെടുത്തുക. പ്രായം സ്ഥിരീകരിച്ച ശേഷമായിരിക്കും 18 വയസിന് മുകളിലുള്ള മുതിർന്നവർക്ക് ലൈംഗിക ഉള്ളടക്കങ്ങൾ ആക്‌സസ് ചെയ്യാനാവുക. ഉപയോക്താവ് ചാറ്റ്‌ജിപിടിയോട് സംവദിക്കുന്ന രീതിയെ അടിസ്ഥാനമാക്കി പ്രായപൂർത്തിയായവരാണോ അല്ലയോ എന്ന് കണക്കാക്കും. ഇതിനായി എഐ- പവർഡ് ഏജ് ഡിറ്റക്ഷൻ സിസ്റ്റം ഓപ്പൺഎഐ വികസിപ്പിച്ചുവരുകയാണ്. എന്നാൽ ഉപയോക്താക്കളുടെ പ്രായം എങ്ങനെ കണക്കാക്കുമെന്നതിനെ കുറിച്ച് ചാറ്റ്‌ജിപിടി കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല.കഴിഞ്ഞ സെപ്‌റ്റംബറിൽ 18 വയസിന് താഴയുള്ളവരുടെ ഉപയോഗത്തിനായി കർശനമായ നിയന്ത്രണങ്ങളുള്ള ചാറ്റ്‌ജിപിടി സംവിധാനം ഓപ്പൺഎഐ അവതരിപ്പിച്ചിരുന്നു. പ്രായത്തിന് അനുസൃതമായ ഉള്ളടക്കങ്ങൾ മാത്രമായിരിക്കും ഇതിൽ ലഭിക്കുക. കുട്ടികൾ ചാറ്റ്‌ബോട്ടിൽ എന്താണ് ചെയ്യുന്നതെന്ന് അറിയാനും, ഉപയോഗത്തിന് പരിധികൾ നിശ്ചയിക്കാനും, ഉപയോഗം നിയന്ത്രിക്കാനും ഇപ്പോൾ ഓപ്പൺഎഐ മാതാപിതാക്കളെ അനുവദിക്കുന്നു.മറ്റൊരു എടുത്തുപറയേണ്ട മാറ്റം കസ്റ്റമൈസേഷൻ ആണ്. ഉപയോക്താക്കളെ അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്കും ഇഷ്‌ട്ടങ്ങൾക്കും അനുസരിച്ച് എഐ അസിസ്റ്റന്‍റിനെ കസ്റ്റമൈസ് ചെയ്യാവുന്ന സംവിധാനമാണിത്. സൗഹൃദമായ പെരുമാറ്റം വേണോ, ഇമോജികൾ ഉപയോഗിക്കാമോ എന്നിങ്ങനെയുള്ളവ ഉപയോക്താവിന്‍റെ ക്രമീകരണത്തിന് അനുസരിച്ച് വ്യത്യാസപ്പെടും.